ഹരിനാരായണൻ
സി.വാസുദേവന്റെയും ബാല മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ മങ്കരയിൽ ജനിച്ചു. ഏഴാം ക്ലാസ് മുതൽ ഗുരുക്കന്മാരുടെ കീഴിൽ മൃദംഗം അഭ്യസിച്ചു തുടങ്ങിയ ഹരിനാരായണന്റെ ആദ്യ ഗുരു പുതുക്കോട് എസ് കൃഷ്ണയ്യരായിരുന്നു. തുടർന്ന് കാരൈക്കുടി മണിയുടെ കീഴിലും മൃദംഗം പഠിച്ചു പുരന്ദര ദാസിന്റെ കീഴിൽ തബല വാദനത്തിലും പരിശീലനം നേടിയ ഹരിനാരായണന് മിഴാവ് ഉൾപ്പെടെയുള്ള വിവിധ തുകൽവാദ്യങ്ങൾ ഉപയോഗിക്കാൻ അറിയാമായിരുന്നു. മൂന്നര വർഷത്തോളം കലാമണ്ഡലത്തിൽ മൃദംഗ വാദകനായിരുന്ന അദ്ദേഹം നിരവധി വേദികളിൽ തുകൽവാദനത്തിന്റെ കച്ചേരികൾ അവതരിപ്പിച്ച് പേരെടുത്തു.
ഈ സമയത്താണ് ജോൺ എബ്രഹാമിനെ കണ്ടുമുട്ടുന്നത്. തുടർന്ന് രണ്ട് വർഷത്തോളം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഹരി നാരായണൻ അമ്മ അറിയാൻ സിനിമയിലെ വിപ്ലവകാരിയും തബലിസ്റ്റുമായ ഹരി എന്ന ചെറുപ്പക്കാരനായി അഭിനയിച്ചു. ജോൺ എബ്രഹാമിന്റെ മരണ ശേഷം ചെന്നൈയിലേക്ക് പോയ ഹരി നാരായണൻ അവിടെ നിന്ന് 1991 -ല്‍ മസ്ക്കറ്റിലേക്ക് പോയി. അവിടെ നാല് നാലര കൊല്ലം ചിലവഴിച്ച ഇദ്ദേഹം കെയ്റോ മുതല്‍ ദുബായ് വരെയുള്ള ഒരു കള്‍ച്ചറല്‍ ഗ്രൂപ്പിന്‍റെ കീഴിൽ ഗസല്‍, ഖവാലി എന്നിവയിൽ ഭാഗഭാക്കാവുകയും ഒപ്പം ക്ലാസ് എടുക്കുകയുമൊക്കെ ചെയ്തിരുന്നു.
ശേഷം നാട്ടിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലൂടെ ചലചിത്രങ്ങളിൽ സജീവമായി. തുടർന്ന് മസാല റിപ്പബ്ലിക്ക്, ചാർലി, കിസ്മത്ത് എന്നിവയുൾപ്പെടെ ഏഴ് മലയാള സിനിമകളിലും ഒപ്പം കുറച്ചു തെലുങ്ക്, കന്നട പടങ്ങളിലും അഭിനയിച്ചു. ചില ഡോക്യുമെന്റ്രികൾ സംവിധാനം ചെയ്തൗകൊണ്ട് സംവിധാന രംഗത്തും ഹരിനാരായണൻ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്
2018 ആഗസ്റ്റിൽ ഹരിനാരായണൻ അന്തരിച്ചു.