ഹരി കുടപ്പനക്കുന്ന്

Hari Kudappanakkunnu

കവിതയുടെ ലോകത്തു നിന്ന് സിനിമാഗാനത്തിൽ എത്തിപ്പെട്ടയാളാണ് ഹരി കുടപ്പനക്കുന്ന്. 1982 ൽ ജലരേഖ എന്ന ചിത്രത്തിന് ആദ്യം വരികളെഴുതുമ്പോൾ ഹരി എം.എ. വിദ്യാര്‍ഥിയായിരുന്നു. പടം പുറത്തിറങ്ങിയില്ലെങ്കിലും എം.ബി. ശ്രീനിവാസന്‍ ഈണമിട്ട ഗാനങ്ങള്‍, നാലുകെട്ടിന്‍ തിരുമുറ്റത്ത്, കുറുകിയും കൊക്കുരുമ്മിയും എന്നിവ ശ്രദ്ധിക്കപ്പെട്ടു. പാദമുദ്ര, മഹസ്സര്‍, വീണ്ടും ഒരു ഗീതം അങ്ങനെ കുറച്ചു പടങ്ങള്‍കൂടി. ഒരു പക്ഷേ, ഹരി കുടപ്പനക്കുന്നിനെ മലയാളിസംഗീതാസ്വാദകര്‍ ഓര്‍ക്കുന്നത് പാദമുദ്രയിലെ അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും എന്ന പ്രശസ്ത ഗാനത്തിലൂടെയാകും. ആ പാട്ട് ഹിറ്റായെങ്കിലും ഹരി പിന്നീട് അധികം ഗാനങ്ങൾ എഴുതിയില്ല. വിദ്യാധരന്‍ മാസ്റ്റര്‍ക്കൊപ്പം തരംഗിണിക്കുവേണ്ടി അയ്യപ്പഗാനങ്ങള്‍ ഒരുക്കി. പിന്നീട് മനോജ് കെ ജയനെ നായകനാക്കി ഇളമുറത്തമ്പുരാൻ എന്നൊരു ചിത്രം സംവിധാനം ചെയ്തു. ദൂരദർശനിൽ ജീവനക്കാരനായിരുന്നു ഹരി. എം. ജയചന്ദ്രന്‍ സംഗീതം നൽകി പി. ജയചന്ദ്രന്‍ ആലപിച്ച  "സ്മൃതിതന്‍ ചിറകിലേറി" എന്ന പ്രശസ്തമായ ലളിതഗാനം ഹരിയുടേതാണ്.