പ്രേമശില്പി
അനാഥാലയത്തിൽ സഹോദരിമാരെപ്പോലെ വളർന്ന രണ്ടു പെൺകുട്ടികൾ. അവരിൽ ഒരുവൾ കത്തിലൂടെ, മുഖം കാണാതെ പ്രേമിച്ച കാമുകനെ ആൾമാറാട്ടം നടത്തി തന്റെ സ്വന്തമാക്കുന്ന മറ്റൊരുവൾ. ആൾമാറാട്ടം നടത്തിയവളുടെ കള്ളത്തരം പുറത്താകുമോ? യഥാർത്ഥ കാമുകിക്ക് എന്ത് സംഭവിച്ചു? ഉത്തരം "പ്രേമശില്പി" നൽകും.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
സോമൻ | |
ഭാരതി | |
പ്രകാശ് | |
റീത്തയുടെ അമ്മ | |
റീത്ത | |
പിക്കാസോ തങ്കമണി | |
ഹേമ | |
പ്രകാശിന്റെ ഭാര്യ | |
ഹെഡ്മിസ്ട്രസ് | |
പ്രകാശിന്റെ അമ്മ |
കഥ സംഗ്രഹം
ബാലമുരുകന്റെ കഥയെ ആസ്പദമാക്കി വിജയകുമാരി, വാണീശ്രീ, ജയശങ്കർ, മുത്തുരാമൻ, നാഗേഷ് എന്നിവരുടെ അഭിനയത്തിൽ "ടീച്ചറമ്മ" എന്ന പേരിൽ പുറത്തുവന്ന തമിഴ് ചിത്രത്തിൻറെ മലയാളം റീമേക് ആണ് "പ്രേമശില്പി".
ഭാരതിയും (ജയഭാരതി), ഹേമയും (ഹേമ ചൗധരി) അനാഥാലയത്തിൽ ഒന്നിച്ചു വളർന്നവരാണ്. ഹേമ ഭാരതിയെ സ്വന്തം ചേച്ചിയെപ്പോലെ കരുതുന്നു. ഇരുവരും അനാഥാലയം നടത്തുന്ന ഒരേ സ്കൂളിലെ അദ്ധ്യാപികമാരാണ്. ഭാരതി വളരെ സ്നേഹമയിയാണ്, ഹേമ നേരെ മറിച്ചും - കർക്കശക്കാരിയാണ്, കുട്ടികളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ തലയിൽ കേറും എന്ന നിലപാടുള്ളവളാണ്. സ്കൂളിലെ വാർഷികോത്സവ വേളയിൽ ഇരുവർക്കും പ്രത്യേക സേവനത്തിനായി സമ്മാനം ലഭിക്കുന്നു. ഭാരതിക്ക് ലഭിച്ചത് ഒരു വർണ്ണചിത്രവും, ഹേമയ്ക്ക് ലഭിച്ചത് ഒരു സർട്ടിഫിക്കറ്റും. ഭാരതി ആ വർണ്ണചിത്രത്തിന്റെ ഭംഗിയേയും, ചിത്രകാരന്റെ ഭാവനയെയും ആസ്വദിക്കുകയും, ആരാധിക്കുകയും ചെയ്യുമ്പോൾ, ഹേമ അവളെ പരിഹസിക്കുന്നു. ഭാരതി ആ ചിത്രം വരച്ച ചിത്രകാരന് ഒരു അഭിനന്ദനക്കത്ത് അയക്കുന്നു, എഴുതുന്നത് ഭാരതി ആണെങ്കിലും അതിന്റെ ഉള്ളടക്കം ഹേമയുടേതായിരുന്നു.
സ്കൂളിലെ വിദ്യാർത്ഥിനിയായ ബിന്ദുമോൾ (ബേബി പ്രിയ) ഭാരതിയോട് വളരെ അടുപ്പത്തിലാണ്, തിരിച്ച് ഭാരതിയും. എന്നാൽ കർക്കശക്കാരിയായ ഹേമയെ ബിന്ദുമോൾക്ക് പേടിയാണ്.
സോമൻ (എം.ജി.സോമൻ) പ്രകാശിന്റെ (കെ.പി.ഉമ്മർ) സ്ഥാപനത്തിൽ ചിത്രകാരനായി ജോലി നോക്കുന്നു. ഭാരതിക്ക് സമ്മാനമായി ലഭിച്ച ചിത്രം വരച്ചത് സോമനാണ്. പ്രകാശിന്റെ സ്ഥാപനത്തിൽ ചായ വിതരണം ചെയ്യുന്നത് പിക്കാസോ തങ്കമണി എന്ന് സ്വയം പരിചയപ്പെടുത്തുന്ന തങ്കമണിയാണ് (ജഗതി ശ്രീകുമാർ). പക്ഷേ, തങ്കമണി എല്ലാവരോടും താനൊരു ചിത്രകാരനാണെന്ന് പൊളി പറഞ്ഞു നടക്കുന്നു. തങ്കമണിയും അനാഥനാണ്. അനാഥാലയത്തിൽ വളർന്ന ഭാരതിയും, ഹേമയും, തങ്കമണിയും പരിചയക്കാരാണ്. ഭാരതി അയച്ച കത്ത് കൈപ്പറ്റി വായിച്ച് സോമൻ അവൾക്ക് മറുപടിയും അയക്കുന്നു - മറുപടിയായി അയക്കുന്നത് ഒരു ചിത്രമാണ്. മോഡേൺ ആർട്ട് ചിത്രം വാങ്ങാൻ വരുന്ന റീത്തയെ (ശ്രീലത) തങ്കമണി വളയ്ക്കാൻ ശ്രമിക്കുന്നു.
ഭാരതിയും വീണ്ടും കത്തയക്കുന്നു, മറുപടിയായി സോമനും. അങ്ങിനെ കത്തുകളുടെ പരമ്പര തുടരുകയും, അത് പതിയെ പ്രണയമായി പരിണമിക്കുകയും ചെയ്യുന്നു. നേരിൽ കാണാതെ തന്നെ പ്രണയിക്കുന്നതിനാൽ ഭാരതി സോമനെ നേരിൽ കാണണം എന്ന് പറഞ്ഞ് കത്തയക്കുമ്പോൾ, അടുത്ത ബുധനാഴ്ച വരാം എന്ന് സോമൻ മറുപടി അയക്കുന്നു. സോമൻ ഭാരതിയെ കാണാൻ വരുന്നതിന്റെ തലേദിവസം സ്കൂളിലെ ഹെഡ്മിസ്ട്രസ് (വഞ്ചിയൂർ രാധ) ഭാരതിയെ വിളിച്ച് ഒരു ചുമതല ഏൽപ്പിക്കുന്നു - ദാമ്പത്യ പരാജയവും, അനാരോഗ്യവും കാരണമാണ് ബിന്ദുവിന്റെ അമ്മ അവളെ അനാഥാലയത്തിൽ ആക്കിയതെന്നും, അവർ ഇപ്പോൾ മരണക്കിടക്കിയിലാണെന്നും, ആയതിനാൽ അവർ ബിന്ദുവിനെ കാണാൻ ആഗ്രഹിക്കുന്നുവെന്നും, ഭാരതി ബിന്ദുവിനെ അവളുടെ അമ്മയുടെ പക്കൽ കൊണ്ടുപോകണമെന്നും, സ്കൂളിൽ ബിന്ദുവിന്റെ വളർത്തമ്മ ഭാരതി ആയതുകൊണ്ടാണ് ഈ ചുമതല ഏൽപ്പിക്കുന്നതെന്നും ഹെഡ്മിസ്ട്രസ് പറയുമ്പോൾ ഭാരതിക്ക് അത് നിരസിക്കാൻ കഴിയുന്നില്ല. കാമുകനെ നേരിൽ കാണുവാനുള്ള അവസരം നഷ്ടപ്പെടുന്നതിലുള്ള ഭാരതിയുടെ വിഷമം കാണുമ്പോൾ, ഹേമ താൻ ബിന്ദുവിനെ കൊണ്ടുപോകാം എന്ന് പറയുമ്പോൾ ബിന്ദു ഭാരതി തന്നെ മതിയെന്ന് ശഠിക്കുന്നു.
അറിയിച്ചത് പോലെ സോമൻ ഭാരതിയെ കാണാൻ എത്തുന്നു. വീട്ടിൽ എത്തിയതും താനാണ് സോമൻ എന്ന് ഹേമയോട് പരിചയപ്പെടുത്തുമ്പോൾ ഹേമ അവനിൽ ആകൃഷ്ടയായി ഒന്നും ഉരിയാടാൻ കഴിയാതെ സ്തബ്ധയായി നിൽക്കുന്നു. അതുകൊണ്ട്, ഹേമയാണ് താൻ പ്രേമിക്കുന്ന ഭാരതി എന്ന് സോമൻ കരുതുന്നു. പിന്നീട് നാണത്തോടെയും, ഭീതിയുടെയും സോമന് ചായ കൊടുക്കുമ്പോൾ, എന്തിനാണ് പേടിക്കുന്നതെന്ന് പറഞ്ഞ് സോമൻ അവളുടെ കൈ പിടിക്കുമ്പോൾ, അവൾ താൻ ഭാരതിയല്ലെന്ന് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവളുടെ ഉള്ളിൽ സോമനോട് പ്രേമം അങ്കുരിച്ചതിനാൽ വാക്കുകൾ പുറത്തു വരുന്നില്ല. അപ്പോൾ, നീയാണ് എന്റെ ജീവിതം എന്ന് പറഞ്ഞ് സോമൻ അവളെ ഗാഢ ഗാഢം പുണരുന്നു.
മരണക്കിടക്കയിൽ കിടക്കുന്ന ബിന്ദുവിന്റെ അമ്മയുടെ (മല്ലിക) പക്കൽ ഭാരതി ബിന്ദുവുമായി എത്തിച്ചേരുന്നു. തന്റെ ദുർവാശി കാരണം തന്റെ വിവാഹ ജീവിതം തന്നെ തകർന്നതിനെക്കുറിച്ച് ബിന്ദുവിന്റെ അമ്മ ഭാരതിയോട് പശ്ചാത്തപിക്കുകയും, ഒരു കത്ത് ഭാരതിയെ ഏൽപ്പിച്ച് ആ കത്തും ബിന്ദുവിനെയും തന്റെ ഭർത്താവിന്റെ പക്കൽ ഏൽപ്പിക്കാനും അവർ ഭാരതിയോട് അഭ്യർത്ഥിക്കുന്നു. തീർച്ചയായും ചെയ്യാമെന്നു പറഞ്ഞ് ഭാരതി ബിന്ദുവിനെയും കൊണ്ട് പുറപ്പെടുമ്പോൾ ബിന്ദുവിന്റെ അമ്മ അന്ത്യശ്വാസം വലിക്കുന്നു.
തനിക്ക് തൃപ്തിയാവുന്ന വിധത്തിൽ നല്ലൊരു ചിത്രം വരച്ചാൽ തന്റെ മകൾ റീത്തയെ വിവാഹം കഴിച്ചു തരാം എന്ന് തങ്കമണിയോട് റീത്തയുടെ അമ്മ (മീന) പറയുന്നു. തങ്കമണിയും ചിത്രം വരയ്ക്കാതെ തന്നെ റീത്തയുടെ അമ്മയെ പ്രീതിപ്പെടുത്തി റീത്തയെ സ്വന്തമാക്കുന്നു.
ഭാരതി തിരിച്ചു വരുമ്പോൾ സോമനും ഹേമയും ആശ്ലേഷഭരിതരായി നിൽക്കുന്നത് കണ്ട് പരിഭ്രമിക്കുന്നു. അപ്രതീക്ഷിതമായി ഭാരതിയെ കണ്ടതും ഹേമയും സോമനും സ്തംഭിച്ചു നിൽക്കുന്നു. പിന്നീട്, സോമൻ അപ്പുറത്തെ മുറിയിൽ പോയിരിക്കുന്നു. താനറിയാതെ ഹേമയ്ക്ക് ഒരു കാമുകനുണ്ടെന്നറിയുന്നതിൽ ഭാരതി ആശ്ചര്യപ്പെടുന്നു, അതേ സമയം അവളുടെ പ്രേമലീലകൾ അനാഥാലയത്തിലെ മറ്റു അന്തേവാസികൾ അറിഞ്ഞാലുണ്ടാവുന്ന പുകിലിനെ ഓർത്ത് പേടിക്കുകയും ചെയ്യുന്നു. ഭാരതി ഹേമയോട് അവളുടെ കാമുകനെക്കുറിച്ചുള്ള വിവരങ്ങൾ ചോദിക്കുമ്പോൾ അവൾ ഒന്നും ഉരിയാടെ നിൽക്കുന്നു. അപ്പോൾ ഭാരതി അപ്പുറത്തിരിക്കുന്ന സോമനോട് താങ്കൾ ഹേമയെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന് ചോദിക്കുമ്പോൾ, തയ്യാറാണെന്ന് സോമൻ പറയുന്നു. ഭാരതി അടുത്തുള്ള ഒരു അമ്പലത്തിൽ വെച്ച് സോമന്റെയും ഹേമയുടെയും വിവാഹം നടത്തുന്നു.
വിവാഹ ശേഷം സോമനും ഹേമയും സോമന്റെ വീട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപ് സോമൻ ഭാരതിയും കൂടെക്കൊണ്ടുപോവാം എന്ന് പറയുകയും, ഹേമയെ അയച്ച് ഭാരതിയെ പുറപ്പെടാൻ പറയുകയും ചെയ്യുന്നു. ഹേമ പക്ഷേ ഭാരതിയോട് ചോദിക്കാതെ തന്നെ, ഭാരതി ഇപ്പോൾ വരില്ലെന്ന് പറഞ്ഞുവെന്നും, പിന്നീടൊരിക്കയാവാം എന്ന് പറഞ്ഞുവെന്നും പറയുന്നു. അപ്പോൾ, സോമൻ ഹേമയോട് തയ്യാറായി നിൽക്കാൻ പറഞ്ഞ ശേഷം ടാക്സി പിടിക്കാൻ പുറത്തേക്ക് പോവുന്നു. അപ്പോൾ ഹേമ ഓടിച്ചെന്ന് ഭാരതിയുടെ കാൽക്കൽവീണ്, തന്നോട് ക്ഷമിക്കാനും, ഒരു നിമിഷത്തിൽ താൻ തന്നെത്തന്നെ മറന്നുവെന്നും, അതുപക്ഷേ ചേച്ചിയുടെ ജീവൻ തന്നെ തകർത്തുവെന്നും, സോമന്റെ സൗന്ദര്യം തന്നെ താനല്ലാതായി തീർത്തുവെന്നും, താനറിയാതെ തന്നെ കുറ്റവാളിയായി മാറിയെന്നും, ചേച്ചി എന്ത് ശിക്ഷ തന്നാലും താനത് സ്വീകരിക്കാൻ തയ്യാറാണെന്നും പറഞ്ഞ് കേഴുന്നു. ഭാരതി അവൾക്ക് മാപ്പ് നൽകുന്നെന്ന് മാത്രമല്ല, അവളെ ആശ്വസിപ്പിക്കുകയും, ഇനി മുതൽ ഹേമയായിട്ടല്ല ഭാരതിയായിട്ടു തന്നെ ജീവിക്കു എന്ന് ഉപദേശിക്കുകയും ചെയ്യുന്നു. കൂടാതെ, ഇങ്ങിനൊരുത്തി ജീവിച്ചിരിപ്പുണ്ടെന്ന് തന്നെ നീ വിചാരിക്കരുതെന്നും, ആ വിചാരം നിന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നും, യഥാർത്ഥ ഭാരതി മരിച്ചു പോയി എന്നും, ഇനി ഹേമയാണ് ഭാരതിയെന്നും, അവളാണ് സോമന്റെ സർവ്വസ്വവും എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നു. അപ്പോഴേക്കും സോമൻ ടാക്സിയുമായി എത്തുന്നു. ഭാരതി അവരെ യാത്രയാക്കുന്നു.
ഹേമയ്ക്ക് പക്ഷേ സോമന്റെ കൂടെ അധിക ദിവസം സന്തോഷമായി ജീവിക്കാൻ സാധിക്കുന്നില്ല. സോമൻ എപ്പോഴും ചിത്രം വരച്ചു കൊണ്ടിരിക്കുന്നത് കണ്ട് അവൾക്ക് അരിശം വരുന്നു. തന്നോടൊപ്പം സമയം ചിലവഴിക്കാത്തതു കൊണ്ടും, പുറത്തു കറങ്ങാൻ കൊണ്ടുപോവാത്തതു കൊണ്ടും അവൾ സോമനോട് വഴക്കിടുന്നു. അതിന് താനൊരു കലാകാരനാണെന്നും, സർക്കാർ ഉദ്യോഗസ്ഥനല്ലെന്നും, കലാകാരന്റെ ജീവിതത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരു സ്ത്രീ ഒരിക്കലും ഒരു കലാകാരന്റെ ഭാര്യയാവാൻ യോഗ്യതയുള്ളവളല്ലെന്ന് അരിശത്തോടെ പറയുന്നു.
ഹെഡ്മിസ്ട്രസ് ഭാരതിയെ വിളിച്ച് ബിന്ദുവിന്റെ അമ്മ കൊടുത്ത കത്ത് കൈയ്യിൽ കൊടുത്ത്, ഇനിയും ബിന്ദുവിനെ ഇവിടെ വെച്ചേക്കുന്നതിൽ അർത്ഥമില്ലെന്നും, അവളെ അവളുടെ അച്ഛനെ ഏൽപ്പിച്ചേക്കു എന്നു പറഞ്ഞ് പറഞ്ഞയക്കുന്നു. ഭാരതി പ്രകാശിന്റെ വീട്ടിലെത്തി താനാരാണെന്ന് പറഞ്ഞ ശേഷം, ചെയ്തുപോയ തെറ്റിന് ക്ഷമാപണവും, കുഞ്ഞിനെ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ എഴുതിയ കത്ത് പ്രകാശിനെ ഏൽപ്പിക്കുന്നു. പ്രകാശ് കുഞ്ഞിനെ സ്വീകരിച്ച ശേഷം, ഭാര്യയെക്കുറിച്ച് അന്വേഷിക്കുമ്പോൾ, അവർ മരിച്ചു പോയ വിവരം ഭാരതി അറിയിക്കുന്നു. പിന്നീട് ഭാരതി ഇറങ്ങാൻ നിൽക്കുമ്പോൾ, പ്രകാശിന്റെ അമ്മ (ആറന്മുള പൊന്നമ്മ) ഭാരതിയെ അവിടെ കുറച്ചു ദിവസം താമസിക്കാൻ നിർബന്ധിക്കുമ്പോൾ അവൾക്ക് നിഷേധിക്കാൻ കഴിയുന്നില്ല. പ്രകാശിന്റെ അമ്മ ഭാരതിയോട് പേര് ചോദിക്കുമ്പോൾ യഥാർത്ഥ പേര് മറച്ചുവെച്ച് ഹേമ എന്ന് പറയുന്നു.
ഉടനെ കാണണമെന്ന് പറഞ്ഞ് തങ്കമണി ഭാരതിക്ക് കത്തയച്ചതുകൊണ്ട് ഭാരതി തങ്കമണിയെ കാണാനെത്തുന്നു. സ്വന്തം സഹോദരിയെപ്പോലെ കരുതിയ ഹേമയെ വിവാഹ ശേഷം കണ്ടപ്പോൾ ആരാണെന്നറിയില്ലെന്ന് പറഞ്ഞു എന്ന് വിഷമത്തോടെ ഭാരതിയോട് തങ്കമണി പറയുമ്പോൾ, അവൾ അങ്ങിനെ പറഞ്ഞതിന് കാരണമുണ്ടെന്ന് ഭാരതി പറയുന്നു. അതുകേട്ട്, എല്ലാം തനിക്കറിയാമെന്നും, നിങ്ങളുടെ പേരു വെച്ചുകൊണ്ട് അവളെന്തിനാണ് ജീവിക്കുന്നത് എന്നും, നിങ്ങൾക്ക് കിട്ടേണ്ട ജീവിതം അവൾ ജീവിച്ചുകൊണ്ടിരിക്കുന്നു, ശരിയല്ലേ എന്ന് തങ്കമണി ചോദിക്കുമ്പോൾ, തന്നോട് ഒന്നും ചോദിക്കരുത് എന്നും, ഇനിമുതൽ ഹേമയുടെ ജീവിതത്തിൽ തലയിടരുതെന്നും പറഞ്ഞ് ഭാരതി തിരിച്ചു പോവുന്നു.
അവൾ ആഗ്രഹിച്ചത് പോലെ ഭർത്താവുമൊത്ത് സന്തോഷമായി ജീവിക്കാൻ കഴിയാത്തതിൽ ഹേമ സോമനുമായി കൂടെക്കൂടെ പിണങ്ങുന്നു. പിണങ്ങിപ്പിണങ്ങി ഒരിക്കൽ അവൾ സോമൻ വരയ്ക്കുന്ന ചിത്രത്തിൽ വർണ്ണങ്ങൾ വാരി എറിയുമ്പോൾ സോമന്റെ ക്ഷമ നശിക്കുന്നു. പ്രേമിക്കുമ്പോൾ കലയെയും, കലാകാരനേയും അതിരറ്റു സ്നേഹിക്കുന്നുവെന്നും, വിവാഹ ശേഷം നിങ്ങൾക്ക് എല്ലാവിധ സഹായവും ചെയ്യുമെന്നും, നിങ്ങളുടെ സന്തോഷമാണ് എന്റെ ആശ്വാസം എന്നൊക്കെ പറഞ്ഞ അതേ ഭാരതിയാണോ ഇത് എന്നും, എന്തിനും ഏതിനും പരാതി പറയുന്ന കലയെ സ്നേഹിക്കാത്ത ഈ ഭാരതിയെ തനിക്ക് വേണ്ടേ വേണ്ട എന്ന് അരിശത്തോടെ പറഞ്ഞ് സോമൻ പുറത്തേക്ക് പോവുന്നു.
അവിടെ പ്രകാശിന്റെ അമ്മയ്ക്ക് ഭാരതിയുടെ പെരുമാറ്റം നന്നേ ഇഷ്ടപ്പെടുന്നു. അവർ മനസ്സിൽ ചില തീരുമാനങ്ങൾ എടുക്കുന്നു.
ഭാരതി ബിന്ദുവുമായി പുറത്ത് കറങ്ങാൻ പോയ സ്ഥലത്ത് സോമനെ കണ്ടുമുട്ടുന്നു. ഭാരതി ഹേമയെക്കുറിച്ച് അന്വേഷിക്കുമ്പോൾ അവളുടെ പെരുമാറ്റത്തെക്കുറിച്ച് വിഷമത്തോടെ സോമൻ പറയുന്നു. തുടർന്ന് സോമന്റെ ക്ഷണം സ്വീകരിച്ച് ഭാരതി സോമന്റെ വീട്ടിലേക്ക് പോവുകയും ഹേമയെ ഗുണദോഷിച്ച് തിരിച്ചു പോവുകയും ചെയ്യുന്നു.
പ്രകാശിന്റെ അമ്മ പ്രകാശിനോട് ഭാരതിയെക്കുറിച്ച് പറയുകയും, കുഞ്ഞിന് വേണ്ടി അവളെ രണ്ടാം വിവാഹം കഴിക്കണമെന്നും പറയുമ്പോൾ, പ്രകാശ് ആദ്യം നിഷേധിക്കുകയും, പിന്നീട് സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ പ്രകാശ് ഭാരതിയെക്കണ്ട് അമ്മ താൻ ഭാരതിയെ വിവാഹം കഴിക്കണമെന്ന് നിർബന്ധിക്കുകയാണെന്നും, രാവിലെ അമ്മ ഇതേക്കുറിച്ച് ഭാരതിയോട് സംസാരിക്കുമെന്നും, അപ്പോൾ അമ്മയോട് സാധ്യമല്ലെന്ന് പറഞ്ഞേക്കണമെന്നും പറഞ്ഞ് മുറിവിട്ടു പോകുന്നു.
രാവിലെ ഭാരതി സ്വന്തം വസതിയിലേക്ക് തിരിച്ചുപോകാൻ വേണ്ടി ഒരുങ്ങി നിൽക്കുമ്പോൾ പ്രകാശിന്റെ അമ്മ തന്റെ ആഗ്രഹം അവളെ അറിയിക്കുന്നു. പക്ഷേ, വിവാഹത്തിൽ തനിക്ക് താൽപ്പര്യമില്ലെന്നും, തന്നെ നിർബന്ധിക്കരുതെന്നും പറഞ്ഞ് ഭാരതി പുറത്തേക്ക് പോകുമ്പോൾ, ബിന്ദുമോൾ ഓടിവന്ന് ഭാരതി പോവരുതെന്ന് പറഞ്ഞ് തടഞ്ഞു നിർത്തുമ്പോൾ ഭാരതി മനസ്സു മാറി അവിടെ തന്നെ താമസിക്കുന്നു.
പ്രകാശ് സോമനെ വിളിച്ച് തനിക്കു വേണ്ടി നല്ലൊരു കുടുംബിനിയുടെ ചിത്രം വരയ്ക്കണമെന്നും, ആ ചിത്രവുമായി കുടുംബ സമേതം തന്റെ വീട്ടിൽ വരണമെന്നും, അപ്പോൾ ഒരു സന്തോഷ വാർത്ത പറയാമെന്നും പറയുന്നു. സോമൻ ഉറക്കമിഴിച്ച് ചിത്രം വരയ്ക്കുമ്പോൾ ഹേമ വീണ്ടും പഴയത് പോലെ സോമനുമായി വഴക്കിടുകയും, ചിത്രത്തിൽ ചായം വാരിപ്പൂശുകയും ചെയ്യുന്നു. അപ്പോൾ സോമന് സംശയം വരികയും, തന്നെയും തന്റെ കലയെയും സ്നേഹിച്ച് കത്തുകൾ അയച്ചിരുന്ന ആ ഭാരതി തന്നെയാണോ നീയെന്നും, സത്യം പറയണമെന്നും അരിശത്തോടെ ചോദിക്കുമ്പോൾ ഹേമ ഒന്നും പറയാതെ പൊട്ടിക്കരയുന്നു.
ഭാരതി ബിന്ദുമോളിനെയും കൊണ്ട് പുറത്തു കറങ്ങാൻ ഇറങ്ങിയ സ്ഥലത്ത് വെച്ച് സോമനെ കണ്ടുമുട്ടുന്നു. ഭാരതി ഹേമയെക്കുറിച്ച് അന്വേഷിക്കുമ്പോൾ, അവൾ വീണ്ടും പഴയത് പോലെ തന്നെയെന്ന് സോമൻ പറയുന്നു. പിന്നീട്, സോമൻ ഭാരതിയെ വീട്ടിലേക്ക് ക്ഷണിച്ച്, ഹേമയെ ഗുണദോഷിക്കണമെന്ന് പറയുന്നു. ഭാരതി സോമന്റെ വീട്ടിലേക്ക് പോവുകയും, ഹേമയെ ഗുണദോഷിക്കുന്നു. പിന്നീട്, എല്ലാവരും ചേർന്ന് ആഹാരം കഴിക്കുമ്പോൾ, സോമൻ ഭാരതിയെന്തേ വിവാഹം കഴിക്കാത്തതെന്ന് ചോദിക്കുമ്പോൾ, തനിക്കതിനുള്ള ഭാഗ്യമില്ലെന്ന് ഭാരതി പറയുന്നു. അപ്പോൾ, ആരെയെങ്കിലും പ്രേമിക്കുന്നുണ്ടെങ്കിൽ അയാളെ തേടിപ്പിച്ച് താൻ വിവാഹം നടത്തിക്കുമെന്ന് സോമൻ പറയുന്നു. അതിന്, ഇനി അത് നടക്കില്ലെന്ന് ഭാരതി പറയുന്നു. ഭാരതി വീണ്ടും ഗുണദോഷിച്ച ശേഷം ഹേമയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാവുന്നു. അവൾ സോമനോടൊത്ത് സന്തോഷകരമായ ദാമ്പത്യ ജീവിതം ആരംഭിക്കുന്നു.
പ്രകാശ് ആവശ്യപ്പെട്ട കുടുംബിനിയുടെ ചിത്രവുമായി സോമനും ഹേമയും പ്രകാശിന്റെ വീട്ടിലെത്തുന്നു. ചിത്രം കണ്ട പ്രകാശും, പ്രകാശിന്റെ അമ്മയും അതിശയിക്കുന്നു - കാരണം അത് മറ്റാരുടേയുമല്ല, ഭാരതിയുടെ തനി രൂപമാണ്. ഞങ്ങൾ മനസ്സിൽക്കണ്ട രൂപം സോമൻ എങ്ങിനെ ചിത്രമാക്കി എന്ന് പ്രകാശിന്റെ അമ്മ സോമനോട് ചോദിക്കുമ്പോൾ, സോമൻ ഒന്നും മനസ്സിലായില്ല എന്ന് പറയുന്നു. അപ്പോൾ, ഈ വീട്ടിലേക്ക് വരാൻ പോകുന്ന കുടുംബിനിയുടെ അതേ രൂപമാണ് ചിത്രത്തിലുള്ളതെന്നും പറഞ്ഞ് പ്രകാശിന്റെ അമ്മ ഭാരതിയെ വിളിക്കുന്നു. ഭാരതിയെ അവിടെ കാണുന്ന സോമൻ, ഇനിയും തിരിച്ചു പോയില്ലേ എന്ന് ഭാരതിയോട് ചോദിക്കുമ്പോൾ, ഭാരതിയെ സോമന് പരിചയമുണ്ടോ എന്ന് പ്രകാശ് ചോദിക്കുന്നു. അതിന്, ഉവ്വെന്നും, തനിക്ക് വെളിച്ചം തന്നത് അങ്ങാണെന്നും, തന്റെ ജീവിതത്തിന് ഒരർത്ഥം തന്നത് ഭാരതിയാണെന്നും, ഒരു കുടുംബിനിയുടെ ചിത്രം അങ്ങ് ആവശ്യപ്പെട്ടപ്പോൾ മനസ്സിൽ പെട്ടെന്ന് ഓർമ്മ വന്നത് ഭാരതിയുടെ മുഖമാണ് മാതൃകയായി തിരഞ്ഞെടുത്തതെന്ന് സോമൻ പറയുന്നു.
അതുകേട്ട്, വിവാഹത്തിന് ശേഷം നല്ല കുടുംബിനി എന്ന് പേര് വാങ്ങുന്നവർ വളരെ ചുരുക്കമാണ്, ഭാരതി വിവാഹത്തിന് മുൻപ് തന്നെ ആ പേര് വാങ്ങിയിരിക്കുന്നു എന്ന് പ്രകാശ് പറയുന്നു. അപ്പോൾ, ഈ കുടുംബത്തിന് സുകൃതക്ഷയം വന്നിട്ടില്ലെന്നും, വിവാഹം ഉടനെ നടത്തണം എന്നും, ബിന്ദുമോൾ നിശ്ചയിച്ച വിവാഹമാണെന്നും പ്രകാശിന്റെ അമ്മ പറയുന്നു. അപ്പോൾ, ബിന്ദുമോൾ നിശ്ചയിച്ച വിവാഹമാണല്ലേ, അതുകൊണ്ടാണ് പെണ്ണ് വിവാഹത്തിന് മുൻപ് തന്നെ ചെറുക്കന്റെ വീട്ടിൽ കേറി താമസം തുടങ്ങിയതെന്നും, ഇനി മുതൽ പെണ്ണിന്റെ വീട്ടുകാർ ഞങ്ങളാണെന്നും, വിവാഹത്തിന് മുൻപ് വധു വരന്റെ വീട്ടിൽ താമസിക്കുന്നത് ശരിയല്ലെന്നും സോമൻ പറയുമ്പോൾ, ശരിയാണെന്നും വിവാഹം കഴിയുന്നത് വരെ ഭാരതി ഞങ്ങളുടെ കൂടെയാണ് താമസിക്കേണ്ടതെന്നും ഹേമ പറയുന്നു. അതുകേട്ട്, അതിന് ബിന്ദുമോൾ സമ്മതിക്കുമെന്ന് തോന്നുന്നില്ലെന്ന് പ്രകാശിന്റെ അമ്മ പറയുമ്പോൾ, അതിനെന്താ ബിന്ദുമോളും ഞങ്ങളുടെ കൂടെ താമസിക്കട്ടെയെന്ന് ഹേമ പറയുന്നു. അപ്പോൾ, എന്നാൽ ബിന്ദുവിനെയും കൂട്ടി ഭാരതി അവരുടെ കൂടെ പൊയ്ക്കൊള്ളൂ എന്ന് പ്രകാശിന്റെ അമ്മ പറയുന്നു.
ഭാരതി അദ്ധ്യാപികയായി പ്രവർത്തിക്കുന്ന അനാഥാലയത്തിന്റെ സ്കൂളിലെ ഹെഡ്മിസ്ട്രസ്സും, ചില അദ്ധ്യാപികാമാരും പ്രകാശിനെക്കണ്ട് അവർ പണിതുകൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ സംഭവനയ്ക്കായി സമീപിക്കുമ്പോൾ, കെട്ടിടം കെട്ടാനുള്ള ചിലവിന്റെ പകുതി താൻ തരാമെന്ന് പ്രകാശ് വാക്ക് നൽകുന്നു. ആ നേരത്ത് ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഭാരതിയുടെ ഛായാചിത്രം നോക്കിയിട്ട്, അത് ഭാരതിയുടെ ചിത്രമല്ലേ എന്ന് ചോദിക്കുമ്പോൾ, ഭാരതിയോ എന്ന് പ്രകാശ് അമ്പരക്കുന്നു - കാരണം, ഭാരതി തത്സമയം ഹേമയായിട്ടും, ഹേമ ഭാരതിയായിട്ടുമാണല്ലോ ജീവിക്കുന്നത്. അന്നേരം, ഭാരതി ഇവിടെയില്ലേ എന്ന് ഹെഡ്മിസ്ട്രസ് ചോദിക്കുമ്പോൾ, അവൾ ഒരു സ്നേഹിതയുടെ കൂടെ പോയിരിക്കുകയാണെന്ന് പ്രകാശ് പറയുന്നു. അപ്പോൾ, ബിന്ദുവിനുവേണ്ടി കുറച്ചു ദിവസം ഭാരതി ഇവിടെ താമസിക്കുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നുവെന്നും, ഭാരതിയോട് ഞങ്ങൾ വന്ന വിവരം പറയണമെന്നും പറഞ്ഞ് അവർ യാത്രയാവുന്നു.
സോമനും ഹേമയും ഷോപ്പിങ്ങിന് പോവുമ്പോൾ ബിന്ദുമോളും കൂടെ കൂടുന്നു. അവർ പോയ ശേഷം സോമൻ തനിക്കെഴുതിയ കത്തുകളെല്ലാം എടുത്ത് ഭാരതി പ്രകാശിനെക്കണ്ട് അതെല്ലാം കൊടുത്ത് നടന്ന കാര്യങ്ങളെല്ലാം തുറന്നു പറയാമെന്ന് കരുതി പുറപ്പെടുന്ന നേരത്ത് പ്രകാശ് അവിടേക്ക് വരുന്നു. അവളുടെ കൈയ്യിലെ കത്തുകൾ കണ്ട്, ഇതെല്ലാം എന്തു ചെയ്യാൻ പോവുകയാണെന്ന് പ്രകാശ് ചോദിക്കുമ്പോൾ, എല്ലാം താങ്കളെക്കാണിക്കാൻ വേണ്ടി ഞാൻ പുറപ്പെടുകായായിരുന്നുവെന്ന് പറഞ്ഞ് ഭാരതി ആ കത്തുകളെല്ലാം പ്രകാശിനെ ഏൽപ്പിക്കുന്നു. അതെല്ലാം വായിച്ച ശേഷം, താനിപ്പോൾ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഇതെല്ലം കീറിക്കളഞ്ഞ ശേഷം ഭാരതി അഭിനയം തുടരുമായിരുന്നുവല്ലേ എന്ന് പ്രകാശ് നീരസത്തോടെ ചോദിക്കുമ്പോൾ, എങ്ങിനെ വേണമെങ്കിലും വിശ്വസിക്കാമെന്നും, തന്റെ മനസ്സാക്ഷിയിൽ മാത്രമേ താൻ വിശ്വസിക്കുന്നുള്ളുവെന്നും ഭാരതി പറയുന്നു. അതുകേട്ട്, സ്ത്രീയുടെ മനസ്സാക്ഷിയെക്കുറിച്ച് തനിക്കല്പം പ്രതീക്ഷയുണ്ടായിരുന്നുവെന്നും, ഇപ്പോൾ അതും അവസാനിച്ചുവെന്നും അരിശത്തോടെ പറഞ്ഞ്, ആ കത്തുകളെല്ലാം വീശിയെറിഞ്ഞ് പ്രകാശ് അവിടുന്ന് തിരിച്ചു പോവുന്നു.
പ്രകാശ് തിരിച്ച് വീട്ടിലെത്തിയതും പണിക്കാരനെ അയച്ച് സോമനെ വിളിച്ചുകൊണ്ടുവരാൻ ദേഷ്യത്തോടെ പറയുന്നത് കേട്ട് അമ്മ കാര്യം അന്വേഷിക്കുന്നു. അപ്പോൾ, തനിക്കിനി വിവാഹം വേണ്ടെന്ന് പറഞ്ഞതല്ലേ, അവൾ എന്നെ വഞ്ചിച്ചുവെന്ന് പറയുന്നു. പ്രകാശ് പറയുന്നത് മനസ്സിലാവാത്ത അമ്മ കാര്യമെന്തെന്ന് തെളിച്ചു പറയാൻ പറയുമ്പോൾ, എല്ലാം പിന്നീട് പറയാമെന്നും, അതിനു മുൻപ് ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും പറയുന്നു.
സോമനും ഹേമയും ഷോപ്പിംഗ് കഴിഞ്ഞു മടങ്ങിയെത്തുന്ന നേരത്ത് പണിക്കാരൻ ഓടിവന്ന് പ്രകാശ് വിളിച്ച കാര്യം അറിയിക്കുമ്പോൾ സോമൻ അയാളുടെ കൂടെ പോവുന്നു. ഭാരതിയുടെ മുഖത്തെ മ്ളാനത ശ്രദ്ധിക്കുന്ന ഹേമ ഭാരതിയോട് എന്താ കാര്യം എന്നന്വേഷിച്ച്, ചേച്ചിയുടെ വിവാഹം നടന്നാലേ തന്റെ മനസ്സിന് സമാധാനമുണ്ടാവൂ എന്ന് പറയുന്നു.
പ്രകാശ് അമ്മയുമായി തർക്കിക്കുമ്പോൾ, എടുത്തു ചാട്ടം അരുതെന്നും, സോമനോട് താൻ എല്ലാം വിഷമായി അന്വേഷിക്കാം എന്നും പറയുന്നു. പക്ഷേ, അമ്മ ഇതിൽ തലയിടരുതെന്ന് പറഞ്ഞ് പ്രകാശ് മുറി അടച്ച് സോമന്റെ പക്കൽ പോവുന്നു. ഈ വിവാഹം നടക്കില്ലെന്നും, താൻ വഞ്ചിക്കപ്പെട്ടുവെന്നും, കടുത്ത ദ്രോഹമാണ് താൻ എന്നോട് ചെയ്തതെന്നും പറഞ്ഞ് പ്രകാശ് സോമനോട് കയർക്കുന്നു. കാര്യം എന്തെന്ന് വ്യക്തമാക്കാൻ സോമൻ പറയുമ്പോൾ പ്രകാശ് അതൊന്നും പറയാതെ സോമന്റെ കരണത്തടിക്കുന്നു. സോമൻ അത് സഹിച്ച്, വീണ്ടും കാര്യമെന്തെന്ന് തെളിച്ചു പറയാൻ പറയുമ്പോൾ, ഭാരതി നിന്റെ ആരാണെന്ന് പ്രകാശ് ചോദിക്കുന്നു. അതിന്, തന്റെ ഭാര്യയാണെന്ന് പറയുന്ന സോമനോട്, നിന്റെ ഭാര്യ ഭാരതിയെക്കുറിച്ചല്ല ചോദിക്കുന്നതെന്നും, ഹേമ എന്ന പേരിൽ നിന്റെ വീട്ടിൽ ഒരു ഭാരതി ഇല്ലേ അവളെക്കുറിച്ചാണെന്ന് പ്രകാശ് ചോദിക്കുന്നു. അതുകേട്ട്, തനിക്കൊന്നും മനസ്സിലാവുന്നില്ലെന്ന് സോമൻ പറയുമ്പോൾ, ഇന്നലെ വരെ തനിക്കും ഒന്നും മനസ്സിലായിരുന്നില്ലെന്നും, എന്നാൽ ഇപ്പോൾ എല്ലാം മനസ്സിലായെന്നും, നീ അവൾക്കയച്ച അവൾ നിധി പോലെ കാത്തു സൂക്ഷിക്കുന്ന പ്രേമലേഖനങ്ങൾ എല്ലാം താൻ കണ്ടുവെന്നും പ്രകാശ് പറയുമ്പോൾ, തനിക്ക് കത്തയച്ചത് തന്റെ ഭാര്യയാണെന്നും, പക്ഷേ അതും ഹേമയുമായിട്ടെന്ത് ബന്ധം എന്ന് സോമൻ ചോദിക്കുന്നു. അതുകേട്ട്, അവളുടെ പേര് ഹേമ എന്നല്ല, ഭാരതി എന്നാണ് എന്നും, നീയും നിന്റെ ഭാര്യയും ചേർന്ന് തന്നെ കബളിപ്പിക്കാൻ നോക്കരുതെന്നും പ്രകാശ് പറയുന്നു. അപ്പോൾ, ഇതിന് മറുപടി പറയാൻ തനിക്കറിയാഞ്ഞിട്ടല്ലെന്നും, എന്നാൽ തനിക്കൊരു ജീവൻ തന്നത് അങ്ങായത്കൊണ്ട് താൻ ക്ഷമിക്കുന്നുവെന്നും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും, അവർ തനിക്കൊരു സ്വന്തം സഹോദരിയെപ്പോലെയാണെന്നും സോമൻ പറയുന്നു. അതുകേട്ട്, അങ്ങിനെയുള്ളവൾക്കാണോ താൻ പ്രേമലേഖനമെഴുതിയതെന്ന് പ്രകാശ് പുച്ഛത്തോടെ ചോദിച്ച്, ഇത്രയും കാലം നീ വെപ്പാട്ടിയായി വെച്ചോണ്ടിരുന്ന ഒരുത്തിയെ തന്റെ തലയിൽ വെച്ചുകെട്ടി നീ രക്ഷപ്പെടാമെന്നു കരുതിയല്ലേ എന്നും പ്രകാശ് ചോദിക്കുമ്പോൾ, തന്നെക്കുറിച്ച് നിങ്ങൾ എന്തുവേണമെങ്കിലും പറഞ്ഞോളു, അവളെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോവരുതെന്നും, അവർ നിഷ്ക്കളങ്കയാണെന്നും, താങ്കൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ തന്റെ കൂടെ വന്ന് അവരോട് നേരിട്ട് സംസാരിക്കു എന്നും സോമൻ പറയുന്നു. അപ്പോൾ, ആ വേശ്യയുടെ മുഖം തനിക്ക് കാണേണ്ടെന്ന് പ്രകാശ് പറയുമ്പോൾ, സോമൻ പ്രകാശിനെ അടിക്കുന്നു. തുടർന്ന് അവർ തമ്മിൽ മല്പിടുത്തം നടക്കുന്നു.
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
വന്നു ഞാനീ വർണ്ണസാനുവിൽ |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം പി ജയചന്ദ്രൻ |
നം. 2 |
ഗാനം
കതിർമണ്ഡപത്തിൽ കാത്തു നിന്നു |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം വാണി ജയറാം |
നം. 3 |
ഗാനം
അമ്മേ അമ്മേ നിന്റെ തലോടലില് |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം വാണി ജയറാം |
നം. 4 |
ഗാനം
തുള്ളിയാടും വാര്മുടിയില് |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം കെ ജെ യേശുദാസ് |