എലിസബത്ത് രാജു

Elizabeth Raju
ആലപിച്ച ഗാനങ്ങൾ: 4

1997 -ൽ ന്യൂഡൽഹിയിലെ മാവ് ലങ്കാർ ഹാളിൽ വെച്ചു നടന്ന സംഗം കലാഗ്രൂപ്പ് സംഗീത മത്സരം ഫൈനലിൽ വിജയിയായിക്കൊണ്ടാണ് എലിസബത്ത് രാജു ശ്രദ്ധിയ്ക്കപ്പെടുന്നത്. പന്ത്രണ്ടാം വയസ്സിലായിരുന്നു ആ വലിയ വിജയം എലിസബത്ത് നേടിയത്. പിന്നീട് മൂന്ന് വർഷത്തിനു ശേഷം കേരള സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ ലളിത ഗാനത്തിൽ ഒന്നാം സ്ഥാനം നേടി. 2001 -ൽ ആകാശവാണി ദേശീയ തലത്തിൽ നടത്തിയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എലിസബത്ത്, പ്രഥമ സ്വരലയ - യേശുദാസ് പുരസ്ക്കാരം നേടുകയും ചെയ്തു. എലിസബത്ത് രാജു മഹാരാജാസ് കോളേജിൽ നിന്നും ബി എ മ്യൂസിക്കിനും, തൃപ്പൂണിത്തറ ആർ എൽ വി കോളെജിൽ നിന്നും എം എ മ്യൂസിക്കിനും സർവ്വകലാശാലതലത്തിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്.

പ്രമുഖ വയലിനിസ്റ്റായ റെക്സ് ഐസ്ക്കാണ് എലിസബത്തിനെ സംവിധായകൻ സിദ്ദിഖിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. സിദ്ദിഖ് താൻ സംവിധാനം ചെയ്യുന്ന ബോഡിഗാഡ് എന്ന ചിത്രത്തിൽ എലിസബത്തിന് പാടുന്നതിനുള്ള അവസരം കൊടുത്തു. ഔസേപ്പച്ചന്റെ സംഗീതത്തിൽ "അരികത്തായാരോ പാടുന്നുണ്ടോ...,  "പേരില്ലാ രാാജ്യത്തെ രാജകുമാരി..." എന്നീ രണ്ടു ഗാനങ്ങളാണ് പാടിയത്. ആദ്യ ഗാനങ്ങൾ തന്നെ സൂപ്പർഹിറ്റുകളായി. ഇവ കൂടാതെ മൂന്ന് മലയാള സിനിമയിലും പള്ളിക്കൂടം പോകാമലെ എന്ന തമിഴ് സിനിമയിലും പാടിയിട്ടുണ്ട്. നിരവധി ഭക്തിഗാന, ലളിതഗാന കസ്റ്റുകളിലും എലിസബത്ത് പാടുന്നുണ്ട്. യേശുദാസ്, ജയചന്ദ്രൻ, എസ് പി ബാലസുബ്രഹ്മണ്യം, എം ജി ശ്രീകുമാർ എന്നിവരുൾപ്പെടെയുള്ള പ്രശസ്ത ഗായകരോടൊപ്പം സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ എലിസബത്ത് പാടിയിട്ടുണ്ട്.

വിവാഹിതയായ എലിസബത്ത് തേവര എസ് എച്ച് സ്ക്കൂളിലെ സംഗീതാദ്ധ്യാപികയാണ്.