ഇടശ്ശേരി ഗോവിന്ദൻ നായർ

Edassery Govindan Nair
Date of Birth: 
Sunday, 23 December, 1906
Date of Death: 
Wednesday, 16 October, 1974
ഇടശ്ശേരി
എഴുതിയ ഗാനങ്ങൾ: 5

കൃഷ്ണകുറുപ്പിന്റെയും ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളില്‍ വക്കീല്‍ ഗുമസ്തനായി ജോലി ചെയ്ത ഗോവിന്ദൻ നായർ കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗവുമായിരുന്നു.

പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്, പൂതപ്പാട്ട്, കുറ്റിപ്പുറം പാലം, കറുത്ത ചെട്ടിച്ചികള്‍, ഇടശ്ശേരിയുടെ തെരഞ്ഞെടുത്ത കവിതകള്‍, ഒരു പിടി നെല്ലിക്ക, അന്തിത്തിരി, അമ്പാടിയിലേക്കു വീണ്ടും, ഹനൂമല്‍ സേവ തുഞ്ചന്‍ പറമ്പില്‍, ഞെടിയില്‍ പടരാത്ത മുല്ല, ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ തുടങ്ങിയവയാണ് ഇടശ്ശേരിയുടെ പ്രധാന കവിതാസമാഹാരങ്ങള്‍. കൂട്ടുകൃഷി, കളിയും ചിരിയും, എണ്ണിച്ചുട്ട അപ്പം എന്നീ നാടകങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകൾക്ക് സംഗീതം നൽകി സിനിമകളിൽ ഉൾപ്പെടുത്തിയിരുന്നു.  നിർമ്മാല്യം എന്ന സിനിമയിൽ കെ.രാഘവന്റെ സംഗീതത്തിലും ചില്ല് എന്ന ചിത്രത്തിൽ എം ബി ശ്രീനിവാസന്റെ സംഗീതത്തിലും മൂവന്തിപ്പൂക്കൾ എന്ന സിനിമയിൽ എം ജി രാധാകൃഷ്ണന്റെ സംഗീതത്തിലുമായിരുന്നു ഇടശ്ശേരിയുടെ കവിതകൾ ചലച്ചിത്രഗാനങ്ങളായി മാറിയത്. 

ഇടശ്ശേരിയുടെ കാവിലെ പാട്ട് എന്ന കാവ്യസമാഹാരത്തിന് 1969 -ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ഒരു പിടി നെല്ലിക്ക എന്ന കാവ്യ സമാഹാരത്തിന് 1971 -ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടായി. 1974 -ൽ ഇടശ്ശേരി ഗോവിന്ദൻ നായർ അന്തരിച്ചു.