അശ്വത്ത്‌ലാൽ

Aswathlal
അശ്വത്ത്‌ലാൽ
Date of Birth: 
Friday, 26 August, 1994
അശ്വത്‌ ലാൽ
Aswath Lal
Asvath Lal

സുരാജ്‌ വെഞ്ഞാറമൂടിന്റെ നാട്ടിൽ നിന്നാണ്‌ അശ്വത് ലാലിന്റെയും വരവ്‌. അവിടെ പാറയ്ക്കലെന്ന ഗ്രാമപ്രദേശത്ത്‌ ദാരിദ്ര്യത്തിനു പഞ്ഞമില്ലാത്ത ഒരു സാധാരണകുടുംബത്തിൽ എൻ.മണിയൻ-ലതിക ദമ്പതികളുടെ മകനായി 1994 ആഗസ്റ്റ്‌ 26ന്‌ അശ്വത് ലാൽ ജനിച്ചു. പാറയ്ക്കൽ, വെഞ്ഞാറമൂട്‌, പിരപ്പൻകോട്‌ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. ചെമ്പഴന്തി എസ്‌ എൻ കോളേജിലും തിരുവനന്തപുരം എം ജി കോളേജിലുമായി ബിരുദവും ബിരുദാനന്തര ബിരുദവും. 

കോളേജുകാലത്താണ്‌ സിനിമാ മോഹം തലയ്ക്കുപിടിക്കുന്നത്‌. ജൂനിയർ ആർട്ടിസ്റ്റായി പലേടത്തും മുഖം കാണിച്ചു. ചില ഷോർട്ട്‌ ഫിലിമുകളിൽ അഭിനയിച്ചു. തിരുവനന്തപുരത്ത്‌ എം ജി കോളേജിൽ പഠിക്കുന്നകാലത്ത്‌ അശ്വത് ലാലിന്റെ മോഹവും കഴിവും തിരിച്ചറിഞ്ഞ അദ്ധ്യാപകൻ ജീവയാണ്‌ എറണാകുളത്ത്‌ "ആഭാസ"ത്തിന്റെ ഓഡിഷനു പോകാൻ പറഞ്ഞത്‌. അതിൽ തെരഞ്ഞെടുക്കപ്പെട്ടതോടെ അശ്വത് ലാലും സിനിമാനടനായി. നാട്ടുകാരനായ സുരാജ്‌ വെഞ്ഞാറമൂടിനും പ്രശസ്ത നടൻ നാസറിനുമൊപ്പം ആദ്യ ഫ്രയിമിൽ തുടക്കം കുറിക്കാൻ കഴിഞ്ഞത്‌ (ആഭാസം-2018) അശ്വത് ലാൽ ഭാഗ്യമായിക്കാണുന്നു. 
 പ്രശസ്ത സംവിധായകനായ ശങ്കർ രമകൃഷ്ണന്റെ "പതിനെട്ടാം പടി"യിലെ 'അഭയൻ' എന്ന കഥാപാത്രമായാണ്‌ അശ്വത് ലാൽ രണ്ടാമതായി എത്തുന്നത്‌. നിവിൻ പോളി ഫേസ്ബുക്കിലിട്ട ഒരു കാസ്റ്റിംഗ്‌ കോൾ വഴിയാണ്‌ അശ്വത് ലാലിന്‌ "പതിനെട്ടാം പടി(2019)"യിലേക്കുള്ള അവസരം ലഭിച്ചത്‌‌. ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി അഭിനയം പഠിക്കണമെന്ന് മോഹിച്ചുനടന്ന ആൾക്ക്‌ "പതിനെട്ടാം പടി"യുടെ മുക്കാൽ മണിക്കൂർ നീണ്ട വ്യത്യസ്തമായ ഓഡിഷനും അഭിനയ ക്യാമ്പും രണ്ടു വർഷത്തോളം നീണ്ട നിർമ്മാണകാലവും നല്ലൊരു നടനാകാനുള്ള പഠനകാലം കൂടിയായിരുന്നു. 
തുടർന്ന് "ആഹാ"യും "ഹൃദയ"വും അശ്വത് ലാലിനെ തേടിയെത്തി. "ഹൃദയ"ത്തിലെ ആന്റണി താടിക്കാരൻ പ്രണവ്‌ മോഹൻലാൽ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ സുഹൃത്താണ്‌. സിനിമയിലുടനീളം പ്രശംസനീയമായ പ്രകടനം നടത്തി അശ്വത് ലാലും ശ്രദ്ധേയനായി. 
ചില സിനിമകളിൽ ചെറിയ വേഷങ്ങൾക്കൊക്കെ ശബ്ദം നൽകിയിട്ടുമുണ്ട്‌ അശ്വത് ലാൽ. ബഹുഭാഷാ ചിത്രമായ "കെ ജി എഫ്‌ 2"ലും അശ്വത് ലാൽ ഡബ്ബിംഗ്‌ ചെയ്തിട്ടുണ്ട്‌.