ആർ വേലപ്പൻ നായർ
ആലപ്പുഴയിലെ ഒരു ധനിക കുടുംബമായ കല്ലേലിൽ തറവാട്ടിലാണ് വേലപ്പൻ നായർ ജനിച്ചത്. നാടകത്തോടുള്ള ഭ്രമം കൊണ്ട് വീട്ടുകാർ അറിയാതെ തമിഴ്നാട്ടിലെ ഒരു നാടകസംഘത്തിൽ ചേർന്നു. തുടർന്ന് മദ്രാസിലേക്ക് പോയി..അവിടെ ശ്യാമള ഫിലിം സ്റ്റുഡിയോയിൽ ജോലിക്ക് കയറുകയും സ്റ്റുഡിയോയിൽ നിന്ന് പ്രവർത്തിച്ച് സഹ സംവിധായകനും ക്യാമറാമാനും ആയിത്തീരുകയും ചെയ്തു.
മദ്രാസ്സിലെ അനുഭവസമ്പത്തുമായി കേരളത്തിൽ തിരിച്ചെത്തിയ വേലപ്പൻ, പരമേശ്വരൻ പിള്ളയെന്ന സുഹൃത്തുമായി കൂട്ടുചേർന്ന് ഒരു മലയാളം സിനിമ പിടിക്കാൻ തീരുമാനിച്ചു. അക്കാലത്ത് തിക്കുറിശ്ശി സുകുമാരൻ നായരുടെ "സ്ത്രീ" എന്ന നാടകം വളരെയധികം ജനശ്രദ്ധയാകർഷിച്ച് നിൽക്കുന്ന സമയമായിരുന്നു. അങ്ങനെ, പരമേശ്വരൻ പിള്ളയുടെ നിർമ്മാണത്തിൽ 1950 -ൽ സ്ത്രീ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ആർ. വേലപ്പൻ നായർ മലയാള സിനിമാ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. മലയാളത്തിലെ ആദ്യത്തെ സിനിമ പിറവിയെടുത്തു. സ്ത്രീയുടെ ക്യാമറാമാനും വേലപ്പൻ നായർ തന്നെയായിരുന്നു. തുടർന്ന് യാചകൻ, ലോകനീതി... എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്തു. 1969 -ൽ അദ്ദേഹം നിർമ്മാണവും സംവിധാനവും നിർവഹിച്ച ആര്യങ്കാവു കള്ളസംഘം നൃത്തങ്ങളോ, സംഭാഷണമോ ഇല്ലാത്ത മലയാളത്തിലെ ഏക ചിത്രമാണ്. സംവിധാനം ചെയ്ത സിനിമകളുടെയെല്ലാം ഛായാഗ്രഹണവും വേലപ്പൻ നായരായിരുന്നു ചെയ്തത്.


