അനു ജോസഫ്

Anu Joseph

മലയാള സിനിമ,സീരിയൽ നടി. കാസർക്കോട് ചിറ്റാരിയ്ക്കലാണ് അനു ജോസഫിന്റെ വീട്. മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് അനു ജോസഫ് നൃത്ത പഠനം തുടങ്ങുന്നത്. ശൈലജ ടീച്ചറായിരുന്നു നൃത്തത്തിലെ ആദ്യ ഗുരു. പിന്നീട് കലാമണ്ഡലം വിമല ടീച്ചറുടെ കീഴിൽ നൃത്തം അഭ്യസിയ്ക്കുവാൻ തുടങ്ങി. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് അനു  ധാരാളം സമ്മാനങ്ങൾ വാങ്ങിയിരുന്നു. അനു ജോസഫിനെ ഫോക്ക് ഡാൻസ് പഠിപ്പിയ്ക്കാൻ വന്ന കൃഷ്ണവേണി ടീച്ചറാണ് അനുവിനെ കലാഭവനിലേയ്ക്കെത്തിയ്ക്കുന്നത്. ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോളാണ് ആദ്യമായി കലാഭവനുവേണ്ടി ഗൽഫ് ഷോ ചെയ്യുന്നത്. തുടർന്ന് കലാഭവന്റെ വേൾഡ് ഷോ അടക്കം നിരവധി ഷോകളിൽ അനു ജോസഫ് പങ്കെടുത്തു.

ദൂരദർശന് വേണ്ടി എടുത്ത "ഇതെന്റെ മണ്ണ് ഇതെന്റെ താളം" എന്ന ആല്ബത്തിൽ അഭിനയിക്കുന്നതിനു വേണ്ടിയാണ് അനു ജോസഫ് ആദ്യമായി ക്യാമറയുടെ മുൻപിൽ നിൽക്കുന്നത്. കലാഭവൻ ഷോകളുടെ വീഡിയൊ കസറ്റിൽ അനു ജോസഫിന്റെ പ്രകടനം സീരിയലുകളിൽ അഭിനയിക്കുന്നതിനുള്ള അവസരം ലഭിയ്ക്കുന്നതിന് സഹായിച്ചു. പത്താംക്ലാസിലെ വെക്കേഷൻ സമയത്താണ് അനു ആദ്യമായി ഒരു സീരിയൽ ചെയ്യുന്നത്. പക്ഷേ "ഏക ചന്ദ്രിക " എന്ന ആ സീരിയൽ റിലീസായില്ല. അനുജോസഫ് അഭിനയച്ച് ആദ്യമായി റ്റെലികാസ്റ്റ് ചെയ്ത സീരിയൽ "ചിത്രലേഖ" ആയിരുന്നു. തുടർന്ന് "മിന്നുകെട്ട്" എന്ന സൂപ്പർഹിറ്റ് സീരിയലടക്കം ധാരാളം സീരിയലുകളിൽ അനു ജോസഫ് അഭിനയിച്ചു. കൈരളി ചാനലിൽ സം പ്രേഷണം ചെയ്തിരുന്ന "കാര്യം നിസ്സാരം" എന്ന പരമ്പരയിലെ അഭിനയം അനു ജോസഫിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി.

2003-ൽ ഇറങ്ങിയ പാഠം ഒന്ന് ഒരു വിലാപം ആണ് അനു ജോസഫ് അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് പത്തേമാരി, വെള്ളിമൂങ്ങ.. തുടങ്ങി പത്തിലധികം സിനിമകളിൽ അനു ജോസഫ് അഭിനയിച്ചിട്ടുണ്ട്.