അടൂർ ഗോപാലകൃഷ്ണൻ
സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമാലോകത്തുനിന്നും ആഗോളപ്രശസ്തി കൈവരിച്ച പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. അടൂർ എന്ന സ്ഥലനാമം സിനിമാലോകത്ത് അടൂർ ഗോപാലകൃഷ്ണന്റെ അപരനാമമായി മാറി. മലയാളത്തിൽ വേറിട്ടൊരു സിനിമാസംസ്കാരം രൂപപ്പെടുത്തിയവരിൽ പ്രമുഖൻ. ഒട്ടനവധി വിദേശ ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.1984-ൽ പദ്മശ്രീയും 2006-ൽ പദ്മവിഭൂഷണും 2004-ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
തിരുവിതാംകൂറിലെ മണ്ണടി എന്ന സ്ഥലത്ത് മേടയിൽ ബംഗ്ലാവിൽ മാധവൻ ഉണ്ണിത്താന്റേയും മൗട്ടത്ത് ഗൗരിക്കുഞ്ഞമ്മയുടേയും മകനായി 1941 ജൂലൈ 3 നായിയിരുന്നു അടൂർ ജനിച്ചത്. മൗട്ടത്ത് ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ എന്നാണ് മുഴുവൻ പേര്. സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ സ്വയം നാടകങ്ങൾ എഴുതിയും സംവിധാനം ചെയ്തും കലാജീവിതം തുടങ്ങി. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ "ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടി"ൽ നിന്നും ധനതത്വശാസ്ത്രം, രാഷ്ട്രതന്ത്രം, പൊതുഭരണം എന്നീ വിഷയങ്ങളിൽ ബിരുദം നേടിയശേഷം ദിണ്ടിഗലിൽ തന്നെ സർക്കാർ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു.
നാടകത്തോടുള്ള താത്പര്യം കൊണ്ട് അടൂർ 1962-ൽ ജോലി രാജിവച്ച് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥാരചനയും സംവിധാനവും പഠിക്കാൻ ചേർന്നു. സിനിമയും നാടകവും വേറിട്ട കലാരൂപങ്ങളാണെന്ന തിരിച്ചറിവുമായി പഠനം പൂർത്തിയാക്കിയ അടൂർ കേരളത്തിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സുഹൃത്തുക്കളുമായി ചേർന്ന് രൂപം നൽകിയ "ചിത്രലേഖ ഫിലിം സൊസൈറ്റി ആൻഡ് ചലച്ചിത്ര സഹകരണ സംഘം" അങ്ങനെ അത്തരത്തിലുള്ള കേരളത്തിലെ ആദ്യ പ്രസ്ഥാനമായി. അതേ ബാനറിൽ 1972ൽ നിർമ്മിച്ച "സ്വയംവര"മാണ് അടൂരിന്റെ ആദ്യ ഫീച്ചർ ഫിലിം. മികച്ച ഫീച്ചർ ഫിലിമിനും സംവിധായകനും നടിയ്ക്കുമുള്ള ദേശീയ അവാർഡുകൾ നേടിയ "സ്വയംവരം" അടൂർ എന്ന പുതിയൊരു സംവിധായകന്റെ വരവറിയിച്ചു. ‘എലിപ്പത്തായം’ കാൻസ് ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി പ്രവേശനം ലഭിച്ച ആദ്യത്തെ മലയാളചിത്രമായി. ഈ ചിത്രം തന്നെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റൂട്ടിന്റെ പ്രത്യേകപുരസ്കാരത്തിനർഹമായി.
12 ഫീച്ചർ ഫിലിമുകളും ഒട്ടനവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട് അടൂർ.
ദേശീയ ചലച്ചിത്രനയം രൂപപ്പെടുത്തുന്നതിനായി ഭാരത സർക്കാർ രൂപം കൊടുത്ത 'ശിവരാമ കാരത്ത് സമിതി'യിലും ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയിലും അടൂർ അംഗമായിരുന്നിട്ടുണ്ട്. സിംഗപ്പൂർ,ഹവായ്,ഡൽഹി,വെനീസ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ വിധികർത്താവായിരുന്നു. 1999-ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ സമിതിയുടെ അധ്യക്ഷനും അടൂരായിരുന്നു. 1975 മുതൽ 77 വരെ പൂനയിലെ ദേശീയ ഫിലിം ആർക്കൈവിന്റെ ഉപദേശകസമിതി അംഗമായും 1980 മുതൽ 83 വരെ ഇന്ത്യയുടെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ തലവനായും പ്രവർത്തിച്ചു. 1987 മുതൽ 89 വരേയും 1992 മുതൽ 95 വരേയും പൂന ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായിരുന്നു അടൂർ.
17 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 17 കേരള സംസ്ഥാന സിനിമാ പുരസ്കാരങ്ങളുമടക്കം ദേശീയ അന്തർദേശീയ തലങ്ങളിൽ ഒട്ടനവധി ആദരങ്ങളും പുരസ്കാരങ്ങളും അടൂരിന് ലഭിച്ചിട്ടുണ്ട്. കേരള സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും അടൂരിന് ബഹുമാനാർത്ഥം ഡോക്റ്ററേറ്റ് നൽകിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടേത് അടക്കമുള്ള സാഹിത്യ പുരസ്കാരങ്ങൾക്കും അദ്ദേഹം അർഹനായി.
ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുകയാണ് അടൂർ ഗോപാലകൃഷ്ണൻ. ഭാര്യ സുനന്ദ 2015ൽ അന്തരിച്ചു. ഏകമകൾ അശ്വതി ദോർജ്ജെ 2000 ബാച്ച് ആസാം കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥയാണ്.
ചില കൗതുകങ്ങൾ
* ഗോവ IFFI-2009ൽ തിരഞ്ഞെടുത്ത "ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട എക്കാലത്തെയും മികച്ച 20 ചിത്രങ്ങൾ" എന്ന ലിസ്റ്റിൽ മലയാളത്തിൽ നിന്ന് എലിപ്പത്തായം മാത്രം.
* അദ്ദേഹത്തിന്റെ പൂർത്തിയാവാതെ പോയ ചിത്രം: കാമുകി
* എലിപ്പത്തായം എന്ന സ്വന്തം ചിത്രത്തിന്റെ ശബ്ദലേഖകനും അടൂരായിരുന്നു.