നെടുമുടി വേണു

Nedumudi Venu
Nedumudi Venu Photo
Date of Birth: 
Saturday, 22 May, 1948
Date of Death: 
തിങ്കൾ, 11 October, 2021
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 3
ആലപിച്ച ഗാനങ്ങൾ: 19
സംവിധാനം: 1
കഥ: 11
സംഭാഷണം: 4
തിരക്കഥ: 5

മലയാള ചലച്ചിത്ര നടൻ.  മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു. 1948 മെയ് 22ന് ആലപ്പുഴയിലെ നെടുമുടി എന്ന ഗ്രാമത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടേയും പി കെ കേശവൻ പിള്ളയുടേയും പുത്രനായി ജനിച്ചു.  എൻ എസ് എസ് ഹൈസ്കൂൾ നെടുമുടി, സെന്റ് മേരീസ് ഹൈസ്കൂൾ ചമ്പക്കുളം എന്നിവിടങ്ങളിലായിരുന്നു, വേണുവിന്റെ സ്കൂൾ വിദ്യാഭ്യാസം.ആലപ്പുഴ എസ് ഡി കോളജിൽ നിന്ന് ബിരുദത്തിനു ശേഷം കലാകൗമുദിയിൽ അല്‍പ്പകാലം പത്രപവർത്തകനായി ജോലി ചെയ്തിരുന്നു. കുറച്ചുകാലം പാരലൽ കോളേജ് അദ്ധ്യാപകനായും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസകാലത്തുതന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് നെടുമുടിവേണു തന്റെ അഭിനയജീവിതത്തിനു തുടക്കമിടുന്നത്. കാവാലത്തിന്റെ നാടകങ്ങളിലെ ഒരു പ്രധാന നടനായി അദ്ദേഹം ധാരാളം വേദികളിൽ തന്റെ അഭിനയമികവ് കാഴ്ചവെച്ചു.  തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് അരവിന്ദൻ, പത്മരാജൻ, ഭരത്ഗോപി എന്നിവരുമായുള്ള സൗഹൃദം നെടുമുടിയ്ക്ക് സിനിമയിലേയ്ക്കുള്ള വഴിതുറന്നുകൊടുത്തു.  1978 -ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് അദ്ദേഹം കടന്നു വന്നു. ഭരതന്റെ ആരവം എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ വേഷം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് വിടപറയും മുൻപേ, തേനും വയമ്പും, പാളങ്ങൾ, കള്ളൻപവിത്രൻ, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം.. എന്നിങ്ങനെ  വ്യത്യസ്ഥ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500 ൽ അധികം സിനിമകളിൽ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്.

കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തുടങ്ങി എട്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി.1981,87,2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. മലയാളം കൂടാതെ ചില തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച് ഒക്ടോബർ 11, 2021 ന് നിര്യാതനായി.

ടി ആർ സുശീലയാണ് ഭാര്യ.  ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവരാണ് മക്കൾ.