സക്കീർ ഹുസൈൻ

Zakir Hussain
സക്കീർ ഹുസൈൻ
Date of Death: 
തിങ്കൾ, 16 December, 2024
സംഗീതം നല്കിയ ഗാനങ്ങൾ: 5

തബല വിദ്വാൻ അല്ല രഖ ഖുറേഷിയുടേയും ഭവി ബീഗത്തിന്റേയും മകനായി മുംബൈയിൽ ജനിച്ചു. സക്കീർ ഹുസൈന്റെ സംഗീത ജീവിതം ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. വളരെ ചെറുതിലെ പിതാവിൽ നിന്നും തബല വായിക്കാനുള്ള പഠനം ആരംഭിച്ചു. പന്ത്രണ്ടാം വയസ്സിൽ തന്നെ തൻ്റെ ആദ്യ കച്ചേരികൾ നടത്തി. സെൻ്റ് മൈക്കിൾസ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട്   മുംബൈയിലെ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് ബിരുദം നേടി. വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ ഡോക്ടറേറ്റും നേടി. 

സംഗീത ലോകത്ത് അവിസ്മരണീയമായ വ്യക്തിമുദ്ര പതിപ്പിച്ച ഉസ്താദ് സക്കീർ ഹുസൈൻ ഒരു ഇതിഹാസ തബല വിദ്വാനാണ്. ലോക സംഗീത വേദിയിലെ താളരംഗത്ത് മയിസ്ട്രോ എന്ന് അരനൂറ്റാണ്ട് മുൻപേ വിശേഷിപ്പിക്കപ്പെട്ട കലാകാരനാണ് ഉസ്താദ് സാക്കിർ ഹുസൈൻ. കിഴക്ക് എന്നോ പടിഞ്ഞാറെന്നോ വേർതിരിവില്ലാതെ അദ്ദേഹം അംഗീകരിക്കപ്പെട്ടു; ആദരിക്കപ്പെട്ടു. വാഷിങ്‌ടൻ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19–ാം വയസ്സിൽ അസി.പ്രഫസർ ആയി നിയമിതനായി. ഇന്ത്യക്കാരും വിദേശികളുമായ നിരവധി പ്രശസ്ത കലാകാരന്മാരോടൊപ്പം ലോകമെങ്ങും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളയാളാണ് സക്കീർ ഹുസൈൻ. മിക്കി ഹാർട്ട്, ജോൺ മക്ലാഫ്ലിൻ, ചാൾസ് ലോയ്ഡ്, ഹെർബി ഹാൻകോക്ക് എന്നിവരുൾപ്പെടെ വിവിധ വിഭാഗങ്ങളിലെ പ്രമുഖ കലാകാരന്മാരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. പ്രമുഖരായ സംഗീതഞ്ജ്യരോടൊപ്പം നിരവധി സംഗീത ആൽബങ്ങൾ അദ്ദേഹം ഇറക്കിയിട്ടുണ്ട്.

പന്ത്രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സക്കീർ ഹുസൈൻ ഏഴ് സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം എന്ന സിനിമയ്ക്ക് സംഗീതം ചെയ്തുകൊണ്ടാണ് അദ്ദേഹം മലയാളത്തിൽ തന്റെ സാന്നിധ്യം അറിയിച്ചത്. നാലു തവണ ഗ്രാമി അവാർഡ് ലഭിച്ചിട്ടുള്ള സക്കീർ ഹുസൈന് 1988 -ൽ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 -ൽ പത്മഭൂഷണും 2023 -ൽ പത്മവിഭൂഷനും അദ്ദേഹം അർഹനായി. പ്രശസ്‌ത കഥക്‌ നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.

2024 ഡിസംബറിൽ സക്കീർ ഹുസൈൻ അന്തരിച്ചു.