യദു കൃഷ്ണൻ കെ

Yadu Krishnan K
yadu_krishna_m3db
Date of Birth: 
ചൊവ്വ, 14 November, 1989
ആലപിച്ച ഗാനങ്ങൾ: 1

1989, നവമ്പർ 14 നു, എറണാകുളം പള്ളിപ്രത്ത് ടി കെ കൃഷ്ണൻകുട്ടിയുടെയും ഗീതകൃഷ്ണന്റെയും മകനായി ജനനം. വളരെ ചെറുപ്പത്തിലെ പാട്ടുകാരിയും എഴുത്തുകാരിയുമായ അമ്മയിൽ നിന്നും ലളിതഗാനങ്ങളും കവിതകളും സ്വായത്തമാക്കിയ യദു കൃഷ്ണൻ, പിന്നീട് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാൻ തുടങ്ങി. ശ്രീ ചന്ദ്രമന നാരയണൻ നമ്പൂതിരിയാണു യദുവിന്റെ സംഗീതത്തെ രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചത്.  സ്കൂൾ കോളേജ് തലങ്ങളിൽ ജില്ലാ-സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള യദു, കൈരളി സ്വരലയ ഗന്ധർവ്വ സംഗീതം, ഐഡിയാ സ്റ്റാർ സിംഗർ, ഐഡിയ റോക്ക് ഇന്ത്യ മുതലായ നിരവധി സ്റ്റേജ് ഷോകളിൽ സമ്മാനം വാങ്ങിയിട്ടുണ്ട്. 

കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗും ഡെൽഹിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംബി‌എ യും പൂത്തിയാക്കിയ ശേഷം എൽ ജി ഇലക്ട്രോണിക്സിൽ ജോലിക്ക് ചേർന്ന യദുകൃഷ്ണൻ, തന്റെ മേഖല സംഗീതമാണെന്നു തിരിച്ചറിഞ്ഞ്, ജോലി രാജിവെച്ച് ചെന്നൈയിലേക്ക് പോയി. ചെന്നൈയിൽ എത്തിയ യദു,  കെ‌എം മ്യൂസിക്ക് കോളേജിൽ ചേർന്ന്,  പ്രധാനമായും സച്ചിൻ ശങ്കർ മന്നത്തിന്റെ കീഴിൽ  പാശ്ചാത്യസംഗീതം അഭ്യസിച്ചു. അതിന്റെ കൂടെ ഉസ്താദ് മുന്ന ഷൌക്കത്ത് അലി സാഹിബിന്റെ കീഴിയിൽ ഖവാലി സംഗീതവും അഭ്യസിച്ചു. എ ആർ റഹ്മാൻ പങ്കെടുത്ത ഒരു പരിപാടിയിൽ പാടിയ യദുവിനെ, റഹ്മാൻ തന്റെ സൂഫി ബാൻഡിലേക്ക് ക്ഷണിച്ചു.  ഇപ്പോൾ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി സൂഫി ഷോകൾ എ ആർ റഹ്മാന്റെ കൂടെ ചെയ്യുന്നുണ്ട്. 

സ്വന്തമായി വരികൾ എഴുതി കമ്പോസ് ചെയ്യാൻ തുടങ്ങിയ യദു, പല തമിഴ്, തെലുങ്കു, മലയാളം സിനിമകളിൽ ട്രാക്ക് പാടിയിട്ടുണ്ട്. യദുവിന്റെ ആദ്യ സിനിമാ ഗാനം തെലുങ്കിലെ ‘ഒക്ക ചിന്ന വിരാമം’ എന്ന സിനിമയിലെ ‘നിന്നു ചൂടാ..’ എന്ന പാട്ടാണു. ജിയോ ബേബിയുടെ  ‘കിലോമീറ്റേഴ് & കിലോമീറ്റേഴ്സ്’ എന്ന സിനിമയിലെ, സൂരജ് കുറുപ്പ് സംഗീതം നൽകിയ  ‘താനേ മൌനം’ എന്ന ഗാനത്തോടെ മലയാളത്തിലേക്ക് കടന്നു വന്നു. സ്വന്തമായി വരികൾ എഴുതി കമ്പോസ് ചെയ്ത്, സ്വന്തം ശൈലിയിൽ അവതരിപ്പിക്കാൻ ഇഷ്ടമുള്ള യദു, അതിനായുള്ള ചില പ്രോജ്ക്ടുകളുടെ തിരക്കിലാണ്.

യദുകൃഷ്ണന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ