വിനീത് വാസുദേവൻ

Primary tabs

Vineeth Vasudevan
Date of Birth: 
തിങ്കൾ, 9 December, 1991
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

1991 ഡിസംബർ 9 -ന്  കലാമണ്ഡലം മാണി വാസുദേവ ചാക്യാരുടെയും ചന്ദ്രികയുടെയും മകനായി എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് ഇളവൂരിൽ ജനിച്ചു. അയിരൂർ സെന്റ് തോമസ് ഹൈസ്‌ക്കൂൾ, പാലിശ്ശേരി എസ് എൻ ഡി പി ഹയർസെക്കന്ററി സ്‌ക്കൂൾ എന്നിവിടങ്ങളിലായിരുന്നു വിനീത് വാസുദേവന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിടെക് ബിരുദം നേടി. അഞ്ചാം ക്ലാസ് മുതൽ ചാക്യാർ കൂത്ത് പറയാൻ തുടങ്ങിയിരുന്ന വിനീത് ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി സ്‌ക്കൂൾ സംസ്ഥാന സ്ക്കൂൾ കലോത്സവങ്ങളിൽ ചാക്യാർ കൂത്ത്, ഓട്ടംതുള്ളൽ എന്നീ ഇനങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആകാശവാണിയിൽ ചാക്യാർ കൂത്തവതരിപ്പിച്ച് തുടങ്ങിയ വിനീത് പിന്നീട് അവിടെ ഗ്രേഡ് ആർട്ടിസ്റ്റായി. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രൊഫഷണലായി കൂത്ത് പറയാൻ തുടങ്ങിയ വിനീത് നിരവധി വേദികളിൽ കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. അച്ഛനും മുത്തച്ഛനുമായിരുന്നു വിനീതിന്റെ പ്രധാന ഗുരുക്കന്മാർ.

എഞ്ചിനീയറിംഗ് പഠനകാലത്ത് ഒരു ഷോർട്ട് ഫിലിം (ഇൻവേഴ്സ്) ചെയ്തുകൊണ്ടായിരുന്നു വിനീത് സിനിമാരംഗത്ത് തുടക്കം കുറിക്കുന്നത്. അതിനുശേഷം സജിത മഠത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ച "നിലം" എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. "നിലം" വളരെ  ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് മൊബൈലിൽ ഷൂട്ട് ചെയ്ത "വീഡിയോയുടെ മരണം" എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തു.  തുടർന്ന് വിനീത് സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത "വേലി" എന്ന ഷോർട്ട് ഫിലിം നിരൂപക പ്രശംസ നേടുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. മകരം, മണ്ഡൂകപുരാണം എന്നിവയുൾപ്പെടെ ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

അള്ള് രാമേന്ദ്രൻ എന്ന സിനിമയുടെ തിരക്കഥാ രചനയിൽ പങ്കാളിയായിക്കൊണ്ടാണ് വിനീത് ഫീച്ചർ ഫിലിം മേഖലയിലേയ്ക്ക് കടക്കുന്നത്. അതിനുശേഷം തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു. തുടർന്ന് സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ അജിത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.  

വിനീത് സംവിധാനം ചെയ്ത "വേലി" ഫെഫ്ക്കയുടെ മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡും മികച്ച ഡയറക്ടർക്കുള്ള സൈമയുടെ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. "നിലം" എന്ന ഷോർട്ട് ഫിലിമിന് ദൂരദർശന്റെ അവാർഡും സംസ്ഥാന ഗവണ്മെന്റിന്റെ ശുചിത്വമിഷൻ അവാർഡും ലഭിച്ചിരുന്നു.

വിനീതിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം പേജ്