രാഗഹേമന്ത സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാൻ
പാൽകതിർചിരി തൂകിയണയും പൌർണ്ണമാസിയെ കണ്ടു ഞാൻ
ശ്യാമമേഘ സദസ്സിലെ സ്വർണ്ണ വ്യോമഗംഗയെ കണ്ടു ഞാൻ
കയ്യിൽ കാഞ്ചനതാലമേന്തുന്ന കുങ്കുമോദയം കണ്ടു ഞാൻ
സപ്തവർണ്ണച്ചിറകു നീർത്തിടും ഇന്ദ്രകാർമുഖം കണ്ടു ഞാൻ
കണ്ടതില്ലതിലൊന്നിലും – സഖീ
കണ്ടതില്ലിതിലൊന്നിലും.. നിന്നനുപമ ചാരുത...
രാഗഹേമന്ത സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാൻ.
ദേവഗന്ധർവ്വ വീണതന്നിലെ രാഗമാലിക കേട്ടു ഞാൻ
തെന്നൽ വന്നിളം മഞ്ജരികളിൽ ഉമ്മവെയ്ക്കുന്ന വേളയിൽ
ഉന്മദങ്ങളുയർത്തിടും ദലമർമ്മരങ്ങൾ ശ്രവിച്ചു ഞാൻ
രാക്കുയിലുകൾ പാടിടുന്ന കീർത്തനങ്ങൾ കേട്ടു ഞാൻ
തേനരുവികൾ പാടിടും സാന്ദ്രഗാന ശീലുകൾ കേട്ടു ഞാൻ
കേട്ടതില്ലതിലൊന്നിലും സഖീ
കേട്ടതില്ലിതിലൊന്നിലും.. നിന്റെ കാവ്യമാധുര്യ കാകളി....
രാഗഹേമന്ത സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാൻ.
മഞ്ഞുതുള്ളികൾ വീണു പൂവിന്റെ മെയ് തരിച്ചതറിഞ്ഞു ഞാൻ
ആര്യനെതേടൂം ഭൂമികന്യതൻ സൂര്യദാഹമറിഞ്ഞു ഞാൻ
മൂകരാവിലും ചക്രവാകത്തിൻ പ്രേമതാപമറിഞ്ഞു ഞാൻ
കൊമ്പൊരുമ്മാനിണയ്ക്കു പേടമാൻ കൺകൊടുത്തതറിഞ്ഞു ഞാൻ
കണ്ണനെകാത്തിരിക്കും രാധതൻ.. കാമനയറിഞ്ഞു ഞാൻ
ഞാനറിഞ്ഞതിലൊന്നിലും.. സഖീ..
ഞാനറിഞ്ഞതിലൊന്നിലും… നിന്റെ ദീപ്തരാഗത്തിൻ സ്പന്ദനം...
രാഗഹേമന്ത സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാൻ
പാൽകതിർചിരി തൂകിയണയും പൌർണ്ണമാസിയെ കണ്ടു ഞാൻ
ശ്യാമമേഘ സദസ്സിലെ സ്വർണ്ണ വ്യോമഗംഗയെ കണ്ടു ഞാൻ
കയ്യിൽ കാഞ്ചനതാലമേന്തുന്ന കുങ്കുമോദയം കണ്ടു ഞാൻ
സപ്തവർണ്ണച്ചിറകു നീർത്തിടും ഇന്ദ്രകാർമുഖം കണ്ടു ഞാൻ
കണ്ടതില്ലതിലൊന്നിലും – സഖീ
കണ്ടതില്ലിതിലൊന്നിലും.. നിന്നനുപമ ചാരുത...
രാഗഹേമന്ത സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാൻ
പാൽകതിർചിരി തൂകിയണയും പൌർണ്ണമാസിയെ കണ്ടു ഞാൻ..