ഷൈലജ അമ്പു
1980ൽ പുനലൂരിൽ ജനനം. അച്ഛൻ മുനിസിപ്പൽ ഡയറക്ടറേറ്റ് ജീവനക്കാരനായിരുന്ന പി. അംബുജാക്ഷൻ, അമ്മ സെക്രട്ടേറിയറ്റ് ജീവനക്കാരിയായിരുന്ന എസ്. ചെല്ലമ്മാൾ. നാലു വയസ്സുവരെ പുനലൂരിൽ വളർന്നു. അച്ഛനും അമ്മയും സർക്കാർ ജീവനക്കാരായിരുന്നതിനാൽ പിന്നീട് തിരുവനന്തപുരത്തേക്ക് പോന്നു. മോഡൽ സ്‌കൂളിലും കോട്ടൺ ഹിൽ സ്‌കൂളിലുമായി ആദ്യഘട്ട വിദ്യാഭ്യാസം. പിന്നീട് ശ്രീശങ്കര സർവ്വകലാശാലയുടെ വഞ്ചിയൂർ കേന്ദ്രത്തിൽ അഞ്ചുവർഷം (പ്രീഡിഗ്രിയും ഡിഗ്രിയും ഒരുമിച്ച്) ദൈർഘ്യമുള്ള ബിരുദകോഴ്‌സിൽ സംഗീത പഠനം.
ഏഴാം ക്ലാസ് മുതൽ സംഗീതം അഭ്യസിച്ചു. ഇക്കാലം മുതൽ ഒട്ടേറെ സംഗീത മൽസരങ്ങളിലും പങ്കെടുത്ത് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ശ്രീശങ്കര സർവ്വകലാശാലയിൽ വിദ്യാർഥിയായി ചേർന്നപ്പോൾ മുതൽ പഠനത്തിനൊപ്പം കുട്ടികളെ പാട്ടു പഠിപ്പിക്കാനും തുടങ്ങി. വനിതാ സാഹിതി, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങൾക്കൊപ്പം പാട്ടും തെരുവുനാടകങ്ങളുമായി ഇക്കാലത്തേ ഷൈലജ അരങ്ങിൽ സജീവമായിരുന്നു. പഠനം കഴിഞ്ഞതോടെ പൂർണസമയ കലാപ്രവർത്തകയായി. ജി.വിജയൻ, ബിച്ചു തിരുമലയുടെ സഹോദരി പി. സുശീലാദേവി തുടങ്ങിയവർ ഉൾപ്പെടെ ഒട്ടേറെ ഗുരുക്കന്മാരുണ്ട് സംഗീത രംഗത്ത് ഷൈലജയ്ക്ക്.
2002ൽ ജ്യോതിഷ് എം.ജി സംവിധാനം ചെയ്ത 'ഭഗവദ്ദജ്ജുകം' എന്ന നാടകത്തിലൂടെയാണ് ഗൗരവകരമായ അരങ്ങിലേക്ക് ചുവടുവയ്ക്കുന്നത്. ബോധായനന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കൃത നാടകത്തിന്റെ മലയാള രൂപാന്തരത്തില്‍ നായികയുടെ തോഴിയായ പരഭൃതികയുടെ വേഷമായിരുന്നു ഷൈലജയ്ക്ക്. അന്ന് നായികയായി അരങ്ങിലെത്തിയത് പിൽക്കാലത്ത് സിനിമാ സംവിധായികയായി മാറിയ വിധു വിൻസന്റാണ്. പ്രഹസനം എന്ന വിഭാഗത്തിൽപെടുന്ന ഭഗവദ്ദജ്ജുകത്തെ സമകാലിക വിഷയങ്ങളുമായി ബന്ധിപ്പിച്ച ആക്ഷേപഹാസ്യ നാടകമായാണ് അഭിനയക്കുവേണ്ടി ജ്യോതിഷ് അരങ്ങിലെത്തിച്ചത്. അക്കാലം മുതൽ നാടകരംഗത്ത് ശ്രദ്ധേയയാകാൻ ഷൈലജയ്ക്കു സാധിച്ചു. പിന്നീട് അഭിനയയുടേതുൾപ്പെടെ ഒട്ടേറെ നാടകങ്ങളിൽ ഷൈലജ അഭിനയിച്ചു. സുരഭി ലക്ഷ്മിയും കനി കുസൃതിയും മാലാ പാർവ്വതിയും വി. വേണു ഐ.എ.എസും അനിൽ നെടുമങ്ങാടും അമൽ രാജ് ദേവും കൃഷ്ണൻ ബാലകൃഷ്ണനും ഒക്കെ ഷൈലജയുടെ കൂടെ അരങ്ങത്തുണ്ടായിരുന്നവരാണ്.
നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോൽസവിൽ തുടർച്ചയായി നാലു വർഷം ശൈലജ പങ്കാളിയായ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ കേരളത്തിനു വെളിയിൽ നാടകങ്ങളുമായി ഒട്ടേറെ യാത്രകൾ നടത്തി. സാം ജോർജ് സംവിധാനം ചെയ്ത 'ഏതോ ചിറകടിയൊച്ചകൾ' എന്ന സോളോ നാടകമായിരുന്നു ഒരു തവണ അവതരിപ്പിക്കപ്പെട്ടത്. കുന്തിയായാണ് ഷൈലജ അരങ്ങിലെത്തിയത്. തുടർന്ന് തൃശൂരിലെ ഇറ്റ്‌ഫോക്കിൽ മറ്റൊരു ഏകപാത്ര നാടകമായ,സജിത മഠത്തിൽ രചനയും സംവിധാനവും നിർവ്വഹിച്ച 'മൽസ്യഗന്ധി' യിൽ അഭിനയിച്ചു. സാം ജോർജായിരുന്നു ഇതിന്റെ സഹസംവിധാനം.
നാടകരംഗത്ത് എം.ജി. ജ്യോതിഷാണ് ഷൈലജയുടെ ഒന്നാമത്തെ ഗുരു. പിന്നെ ദീപൻ ശിവരാമൻ, ജയപ്രകാശ് കുളൂർ, ഡി. രഘൂത്തമൻ തുടങ്ങി ഒട്ടേറെ പ്രഗത്ഭർ. കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പോടെയാണ് അഭിനയയിൽ ഷൈലജ നാടകാഭ്യസനം തുടങ്ങുന്നത്.
കമൽ സംവിധാനം ചെയ്ത 'നടൻ' എന്ന സിനിമയിലൂടെയാണ് ഷൈലജ സിനിമയിലെത്തുന്നത്. സന്തോഷ് കീഴാറ്റൂർ വഴിയായിരുന്നു അത്. നാടകക്കാരുടെ കഥയായിരുന്നു 'നടൻ'. തുടർന്ന് കോൾഡ് കേസിലെ വേലക്കാരി വരെ പത്തിലേറെ സിനിമകളിൽ അഭിനയിച്ചു. ഇതിനിടയിൽ നാടൻപാട്ടുകളുമായി നാടുചുറ്റി സഞ്ചരിച്ചു. തിരുവനന്തപുരത്തെ മാനവീയം തെരുവോരക്കൂട്ടത്തിന്റെ മുഖ്യസംഘാടകരിൽ ഒരാളായ ഷൈലജ പൊതുപ്രവർത്തന രംഗത്തും സജീവമാണ്. ആദ്യകാല വെബ് സീരിസുകളിൽ ഒന്നായ നാട്ടുകാർ.കോമിലെ വീട്ടുകാരിയുടെ വേഷം ഷൈലജയെ മൈക്രോ സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഇതിനിടയിൽ ശ്രദ്ധേയയാക്കിയിരുന്നു.
അശോക് ആർ. നാഥ് സംവിധാനം ചെയ്ത 'കാന്തി', 'ഒരിലത്തണലിൽ' എന്നീ സിനിമകളിൽ ഷൈലജയാണ് നായിക. ഈ രണ്ടു സിനിമകളും ഇപ്പോൾ വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചുവരുന്നു. 'കാന്തി'യിലെ അഭിനയത്തിന് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ബോസ്റ്റൺ 2020യിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ഷൈലജയ്ക്കു ലഭിച്ചു. 'രമേശൻ ഒരു പേരല്ല' എന്ന സിനിമയിലും ഷൈലജ നായികാവേഷം ചെയ്തു. 'ആഭാസം', 'രമേശൻ ഒരു പേരല്ല' എന്നീ സിനിമകളിൽ മകൾ അലമേലു ഷൈലജയുടെ കഥാപാത്രത്തിന്റെ മകളായിത്തന്നെ വേഷമിട്ടിട്ടുണ്ടെന്നതും ശ്രദ്ധേയം.
അണിയറയിലൊരുങ്ങുന്ന, എബ്രിഡ് ഷൈനിന്റെ നിവിൻ പോളി- ആസിഫ് അലി സിനിമയായ 'മഹാവീര്യർ', 'ഉപചാരപൂർവ്വം ഗുണ്ടാ ജയൻ' തുടങ്ങിയ സിനിമകളിലും പ്രധാന വേഷങ്ങളിൽ ഷൈലജ എത്തുന്നുണ്ട്. 'കാ' എന്ന സിനിമയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ഷൈലജ എത്തിയിരുന്നു.
നായികയായിഅഭിനയിച്ച 'ആർപ്പോ 'എന്ന ഷോർട്ട് ഫിലിം ആറ് ഫെസ്റ്റിവലുകളിൽ പ്രദര്‍ശിപ്പിച്ചു. ഭരത് P J ആൻറണി സ്മാരക നാഷണൽ അവാർഡ് 2018, CONTACT short film festival 2018 ഉള്‍പ്പെടെ ആറിടത്തും മികച്ച നടിക്കുള്ള അവാർഡ് ഷൈലജയ്ക്ക് ലഭിച്ചു.
ഷൈലജയുടെ ഫേസ്ബുക്ക് വിലാസം Shylaja P Ambu
വിവരങ്ങൾ തയ്യാറാക്കിയത് M3DB അംഗമായ ടി സി രാജേഷ് സിന്ധു