ഷാലിൻ സോയ
മലയാള ചലച്ചിത്ര, ടെലിവിഷൻ താരം. 1997-ൽ കോഴിക്കോട് ജില്ലയിൽ ജനിച്ചു. ഫാത്തിമ ഷാലിൻ എന്നാണ് ശരിയായ പേര്. ഷാലിന്റെ അച്ഛൻ ബിസിനസ്സുകാരനാണ്. അമ്മ ഡാൻസറും. ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്ന ഷാലിൻ 2004-ൽ ബാലതാരമായി ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് പത്തോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. 2012-ൽ മല്ലുസിംഗ് എന്ന സിനിമയിലാണ് നായികാ പ്രാധന്യമുള്ള വേഷത്തിൽ അഭിനയിയ്ക്കുന്നത്. മുപ്പതോളം സിനിമകളിൽ ഷാലിൻ സോയ അഭിനയിച്ചിട്ടുണ്ട്.
ഷാലിൻ സോയ അഭിനയിച്ച വേഷങ്ങളിൽ കൂടുതലും അനുജത്തി വേഷങ്ങളായിരുന്നു. കുഞ്ചാക്കൊ ബോബന്റെ കൂടെ എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ, മോഹൻലാലിനൊപ്പം കർമ്മയോദ്ധ, ഡ്രാമ.. എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. "ഓട്ടോഗ്രാഫ്" എന്ന സിനിമയിലെ ദീപറാണി എന്ന നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഷാലിൻ സോയ ശ്രദ്ധിയ്ക്കപ്പെട്ടുതുടങ്ങിയത്. ആ കഥാപാത്രം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഷാലിനെ പ്രിയങ്കരിയാക്കി മാറ്റി. ആറ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഒരു ഷോർട്ട് ഫിലിം ഷാലിൻ സോയ സംവിധാനം ചെയ്യുകയും ചെയ്തു.