എസ് പാവമണി

S Pavamani

ചലച്ചിത്രനിര്‍മ്മാതാവും വിതരണക്കാരനുമായ എസ്. പാവമണി .1959ല്‍ ഷീബാ ഫിലിംസ് എന്ന വിതരണ കമ്പനി തുടങ്ങി. അന്യഭാഷാ ചിത്രങ്ങളാണ് ആദ്യം വിതരണത്തിനെടുത്തത്. 1972-ല്‍ 'ചെണ്ട' എന്ന സിനിമയുടെ വിതരണാവകാശം നേടിക്കൊണ്ട് മലയാളസിനിമയില്‍ പ്രവേശിച്ചു. നിര്‍മാല്യം, അവളുടെ രാവുകള്‍,ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങള്‍ പിന്നീട് വിതരണം ചെയ്തു. 1975-ല്‍ പ്രതാപ് ചിത്രയുടെ ബാനറില്‍ 'അയോധ്യ' എന്ന സിനിമയിലൂടെ നിര്‍മാണരംഗത്തുവന്നു.

ആയിരം ജന്മങ്ങള്‍, അപരാധി, വിളക്കും വെളിച്ചവും, പൊന്നും പൂവും, അശ്വരഥം, കളിയില്‍ അല്പം കാര്യം, ഉയരങ്ങളില്‍, ഗായിത്രീദേവി എന്റെ അമ്മ, പൂക്കാലം വരവായി, ഭൂമിഗീതങ്ങള്‍ തുടങ്ങി പതിനഞ്ചോളം സിനിമകള്‍ നിര്‍മിച്ചു. പില്‍ക്കാലത്ത് ഔട്ട്‌ഡോര്‍ യൂണിറ്റും നടത്തിയിരുന്നു. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സ്ഥാപകനേതാക്കളില്‍ ഒരാളും ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ക്യാമറമാൻ ജയനൻ വിൻസെന്റ് പാവമണിയുടെ മരുമകനാണ്. പാവമണി നിര്‍മ്മിച്ച ആദ്യ ചിത്രമായ അയോദ്ധ്യ ആണ് കിഷോര്‍ കുമാര്‍ മലയാളത്തില്‍ പാടിയ സിനിമ.

മലയാളം സിനിമകൾ കൂടാതെ ഹാഥി മേരേ സാഥി, ആരാധന, ഗംഗാ യമുനാ, മേരേ ജീവൻ സാഥി തുടങ്ങിയ ബോളിവുഡ് സിനിമകളും ദേബി, മഹാനഗർ, ചാരുലത തുടങ്ങി സത്യജിത് റായുടെ ബംഗാളി സിനിമകളും കേരളത്തിൽ വിതരണം ചെയ്തത് പാവമണി ആയിരുന്നു.
കോഴിക്കോട് കോർപ്പറേഷൻ, ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം നഗരമധ്യത്തിലെ, സ്റ്റേഡിയം ജങ്ക്ഷനീന്ന് കമ്മീഷണർ ഓഫീസ് വരെയുള്ള റോഡിന് പാവമണി റോഡ്‌ എന്ന് നാമകരണം ചെയ്തിട്ടുണ്ട്.