വിശാൽ ഭരദ്വാജ്
രാം ഭരദ്വാജിന്റേയും സത്യ ഭരദ്വാജിന്റേയും മകനായി ഉത്തർ പ്രദേശിലെ ബിജ്‌നൂരിൽ ജനിച്ചു. വിശാൽ ഭരദ്വാജിന്റെ അച്ഛൻ ഹിന്ദി സിനിമകളിൽ കവിതകളും ഗാനങ്ങളും എഴുതുന്നയാളായിരുന്നു. പതിനേഴാംവയസ്സിൽ വിശാൽ സംഗീതം നൽകിയ ഒരു ഗാനം അദ്ദേഹത്തിന്റെ അച്ഛൻ സംഗീത സംവിധായിക ഉഷ ഖന്നയെ കേഴ്പ്പിക്കുകയും സംഗീതം ഇഷ്ടപ്പെട്ട ഉഷ ഖന്ന Yaar Kasam എന്ന സിനിമയിൽ ആ ഗാനം ഉൾപ്പെടുത്തുകയും ചെയ്തു.
കോളേജ് വിദ്യാഭ്യാസത്തിനായി ഡൽഹിയിൽ എത്തിയ വിശാൽ ഹിന്ദു കോളേജിൽ ചേർന്നു. പഠനകാലത്ത് സുഹൃത്തുക്കളുടെ ഗസൽ പ്രോഗ്രാമുകൾക്ക് ഹാർമോണിയം വായിച്ചിരുന്നു. കോളേജ് പഠനത്തിന് ശേഷം സിനിമാ മോഹവുമായി മുംബയിൽ എത്തിയ വിശാൽ 1994 -ൽ Abhay എന്ന കുട്ടികളുടെ സിനിമക്ക് വേണ്ടി സംഗീതം നൽകിക്കൊണ്ട് ചലച്ചിത്ര സംഗീതരംഗത്ത് പ്രൊഫഷണലായി തുടക്കം കുറിച്ചു. തുടർന്ന് നിരവധി ഹിന്ദി സിനിമകളിൽ സംഗീതം നൽകി. Godmother എന്ന സിനിമയിലെ സംഗീതത്തിന് വിശാൽ ദേശീയ അവാർഡിന് അർഹനായി. അതിനുശേഷം Ishqiya, Haider എന്നീ സിനിമകളിലെ സംഗീതത്തിനും വിശാലിന് ദേശീയ പുരസ്കാരം ലഭിച്ചു. 1998 -ൽ എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ദയ എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് വിശാൽ ഭരദ്വാജ് മലയാളത്തിലേക്കെത്തുന്നത്. അതിനുശേഷം 2018 -ൽ വേണു സംവിധാനം ചെയ്ത കാർബൺ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും അദ്ദേഹം സംഗീതം നിർവഹിച്ചു.
സംഗീത സംവിധായകൻ മാത്രമല്ല ഗായകൻ കൂടിയായ വിശാൽ ഭരദ്വാജ് ചില ഹിന്ദി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സിനിമാ സംഗീതത്തിന് പുറമേ ബോളീവുഡിൽ നിരവധി സിനിമകൾ തിരക്കഥ, സംവിധാനം, നിർമ്മാണം എന്നിവ ചെയ്തിട്ടുണ്ട്. ആ സിനിമകൾ പലതും ദേശീയ തലത്തിൽ പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു.
വിശാൽ ഭരദ്വാജിന്റെ ഭാര്യ ഗായികയായ സുജാത ഭരദ്വാജ്.


