പ്രദീപ് ടോം
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ പ്രദീപ് ടോം, സതീഷ് പോൾ സംവിധാനം ചെയ്ത് 2020ൽ പുറത്തിറങ്ങിയ ഗാർഡിയൻ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനാവുന്നത്. ജോസഫ് അഗസ്റ്റിന്റെയും ലിസ്സി ജോസഫിന്റെയും മകനായ ഇദ്ദേഹത്തിന്റെ സഹോദരനാണ് സംവിധായകൻ പ്രവീൺ (ഫാന്റം പ്രവീൺ). ചങ്ങനാശേരി എസ് ബി കോളേജ് , കോട്ടയം പോളി ടെക്നിക് (സിവിൽ എഞ്ചിനീയറിംഗ്) എന്നിവിടങ്ങളിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടി.
ഗിറ്റാറിസ്റ്റ് ആയിരുന്ന അച്ഛന്റെ കൂടെ കുഞ്ഞുനാൾ മുതൽ സംഗീതപരിപാടികളിൽ പങ്കെടുക്കുമായിരുന്ന പ്രദീപ് പഠനത്തിന് ശേഷം സ്റ്റേജ് ഷോകളിലൂടെയും ഭക്തിഗാന ആൽബങ്ങളുടെ പിന്നണിയിൽ കീബോർഡ് പ്രോഗ്രാമറായും സംഗീതരംഗത്ത് സജീവമായി.
2010ൽ ജോസി ആലപ്പുഴയാണ് പ്രദീപിനെ അലക്സ് പോളിന് പരിചയപ്പെടുത്തുന്നത്. അലക്സ് പോളിന്റെ ഹോളിഡേയ്സ് എന്ന സിനിമയിൽ കീബോർഡ് പ്രോഗ്രാമർ ആയായിരുന്നു പ്രദീപ് മലയാള സിനിമ സംഗീത രംഗത്ത് എത്തുന്നത്. പിന്നീട് അലക്സ് പോളിന്റെ സീനിയർസ്, ടൂർണമെന്റ് തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളും മേക്കപ്പ് മാൻ സിനിമയുടെ റീ റെക്കോർഡിങ്ങും ചെയ്തു. കീബോർഡ് പ്രോഗ്രാമറായി രാഹുൽ രാജ്, ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവരുടെ കൂടെയൊക്കെ പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്. ഫയർമാൻ, കുട്ടനാടൻ മാർപ്പാപ്പ, എ ബി സി ഡി തുടങ്ങി കുറെയധികം ചിത്രങ്ങളിൽ കീബോർഡ് പ്രോഗ്രാമറായിരുന്നു പ്രദീപ്.
കഴിഞ്ഞ പത്തു വർഷമായി ഭാര്യ ധന്യക്കും മകൻ മീവലിനുമൊപ്പം കൊച്ചി കാക്കനാട് താമസിക്കുന്നു.
ഫേസ്ബുക്ക് പ്രൊഫൈൽ