വി എം കുട്ടി
വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി എം കുട്ടി പ്രശസ്തനായ മാപ്പിള പാട്ടുകാരനും ഈ വിഷയത്തിലുള്ള അനേകം പുസ്തകങ്ങളുടെ രചയിതാവുമാണ്. 1935 ഏപ്രില്‍ മാസം 16 ന് മലപ്പുറം ജില്ലയിലെ പുളിക്കലില്‍ ജനനം. ചെറുപ്പത്തിൽ നന്നായി പാടുകയും ചിത്രം വരക്കുകയും ചെയ്തിരുന്ന അദ്ദേഹം, നാടൻ പാട്ടുകളും വടക്കൻ പാട്ടുകളുമാണ് ആദ്യം പാടി തുടങ്ങിയത്. ഏഴാം വയസ്സില്‍ മാപ്പിള ഗാനങ്ങള്‍ ആലപിച്ചു തുടങ്ങി. അമ്മായിയായ ഫാത്തിമ കുട്ടി പാണ്ടികശാല ആണ് മാപ്പിളപ്പാട്ടുകളില്‍ വി എം കുട്ടിയുടെ ഗുരു. എൽ പി സ്കൂൾ വിദ്യാഭ്യാസം പുളിക്കൽ സ്കൂളിലും, ആറാം തരം മുതൽ എട്ടാം തരം വരെ കൊണ്ടോട്ടി യു പി സ്കൂളിലും പിന്നീട് ഫറോക്ക് ഹൈസ്കൂളിലുമായിട്ടാണ് അദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. ആ സമയത്ത് കൂടുതൽ നാടാൻ പാട്ടുകളും, മാപ്പിളപ്പാട്ടുകളും കേൾക്കുവാനും പഠിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഹൈസ്കൂൾ വിദ്യാഭ്യാസ സമയത്താണ് ആദ്യമായി അദ്ദേഹം ഒരു വേദിയിൽ പാടി തുടങ്ങുന്നത്.
1955 മുതൽ 1957 വരെ രാമനാട്ടുകര സേവാമന്ദിരം ബേസിക് ട്രെയിനിംഗ് സ്കൂളിൽ പഠിച്ചു. ആ കാലമാണ് വി എം കുട്ടി എന്ന കലാകാരനെ തേച്ചുമിനുക്കിയെടുക്കുവാൻ പ്രചോദനമായി. ആ സമയത്താണ് ആദ്യമായി ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിക്കുവാൻ പോയത്. എൽ പി സ്കൂളിൽ അധ്യാപകനായി ജോലി നോക്കിയിരുന്ന അദ്ദേഹം, മാപ്പിള പാട്ടുകളോടുള്ള അഭിനിവേശം മൂലം മുഴുവൻ സമയ പാട്ടുകാരനായി മാറുകയായിരുന്നു. അറബി മലയാളത്തിലായിരുന്നു അക്കാലത്തെ മാപ്പിളപ്പാട്ടുകളെല്ലാം, അത് കൊണ്ടു തന്നെ മുസ്ലീം സമുദായത്തിൽ മാത്രമായിരുന്നു അവ പ്രചാരത്തിൽ ഇരുന്നത്. ഈ വിടവ് മനസ്സിലാക്കിയ വി എം കുട്ടി, പാടുവാൻ കഴിവുള്ള അമുസ്ലീങ്ങളായ കുട്ടികളെ കണ്ടെത്തുകയും, അവർക്ക് മലയാളത്തിൽ വരികൾ എഴുതി നൽകി, ട്യൂണുകൾ പറഞ്ഞു കൊടുത്ത്, കുട്ടികളുടെ ഒരു മാപ്പിളപ്പാട്ട സംഘം ഉണ്ടാക്കി. അവർ ആകാശവാണിയിൽ നാട്ടിൻപുറം, ബാലലോകം പോലെയുള്ള പരിപാടികളിൽ മാപ്പിളപാട്ടുകൾ അവതരിപ്പിച്ചു. ആകാശവാണിയുമായുള്ള നിരന്തര ബന്ധം, വി എം കുട്ടിയെ അവിടുത്തെ ഒരു സ്ഥിരം ഗായകനാക്കി. 1957 ല്‍ അദ്ദേഹം തന്‍റെ മാപ്പിളഗാന ട്രൂപ്പ് തുടങ്ങി. ഹാർമോണിയവും തബലയും മാത്രമാണ് ആ കാലത്ത് സംഗീതോപകരണങ്ങളായി അവർ ഉപയോഗിച്ചത്. അദ്ദേഹത്തെ കൂടാതെ ഗിരിജ, രാജഗോപാൽ, ആയിഷ സഹോദരിമാർ എന്നിങ്ങനെ കുറച്ചു കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. ആ വർഷം തന്നെ മലപ്പുറത്ത് ഒരു എക്സിബിഷനോടനുബന്ധിച്ച് മാപ്പിളപ്പാട്ടുകൾ പാടുവാൻ ഒരു വേദി ലഭിച്ചപ്പോൾ, വി എം കുട്ടി തന്റെ ട്രൂപ്പുമായി അവിടെ പാടുകയും ജനശ്രദ്ധ നേടുകയും ചെയ്തു. അതോടെ അദ്ദേഹത്തിന്റെ ട്രൂപ്പിന് തിരക്കേറി. 1970 ൽ വിളയിൽ വത്സല വി എം കുട്ടിയുടെ ട്രൂപ്പിൽ എത്തിയതോടെ അദ്ദേഹത്തിന്റെ ട്രൂപ്പിന്റെ മുഖഛായ തന്നെ മാറി. മലപ്പുറം ജില്ലയിൽ മാത്രം ഗാനമേളകൾ നടത്തിയിരുന്ന അദ്ദേഹം, പിന്നീട് കേരളത്തിനകത്തും പുറത്തും ഗാനമേളകൾ നടത്തി. വി എം കുട്ടിയുടെ ഗാനമേളകൾ സ്ഥിരമായി ഉത്ഘാടനം ചെയ്തത് ബാബുരാജായിരുന്നു. 1975 മുതൽ 1978 വരെ ബാബുരാജ് അദ്ദേഹത്തിന്റെ ട്രൂപ്പിൽ സ്ഥിരമായി ഹാർമോണിയം വായിക്കുകയും ചെയ്തിരുന്നു. ഗായകൻ ഉദയഭാനു അദ്ദേഹത്തിന്റെ ട്രൂപ്പിലെ ഒരു സ്ഥിരം അതിഥി ഗായകനായിരുന്നു. അദ്ദേഹത്തിന്‍റെ ആദ്യ ഗ്രാമഫോണ്‍ റെക്കോര്‍ഡ് 1964 ൽ പുറത്തിറങ്ങി. അതിനു ശേഷം നൂറു കണക്കിന് മാപ്പിളപ്പാട്ടുകള്‍ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഏതാണ്ട് അയ്യായിരത്തോളം സ്റ്റേജ് പ്രോഗ്രാമുകള്‍ ഇന്ത്യയിലും വിദേശത്തുമായി നടത്തിയിട്ടുണ്ട്. അതിപ്രശസ്തമായ 'സംകൃത പമഗരി തങ്കതുംഗ..' എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇദ്ദേഹത്തിന്റെതാണ്.
കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ആയും കേരള സംഗീത നാടക അക്കാദമിയുടെ അംഗവും ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ലളിത കലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം എന്നിവിടങ്ങളില്‍ അംഗമായിരുന്നു.1988 ൽ ഇറങ്ങിയ 1921 എന്ന ചിത്രത്തിൽ, മൊയ്തീൻ കുട്ടി വൈദ്യരുടെ ഒരു മാപ്പിളപ്പാട്ടിന് സംഗീതം നൽകി. മാർക്ക് ആന്റണി എന്ന ചിത്രത്തിൽ ഒരു ഗാനം എഴുതുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പരദേശി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഭാവപൂർണ്ണമായ പാട്ടുകളിലൂടെ മാപ്പിളപാട്ടുകളെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് വി എം കുട്ടിയാണ്. മാപ്പിളപ്പാട്ട് ആദ്യമായി പൊതുവേദികളിൽ അവതരിപ്പിക്കപ്പെട്ടത് വി എം കുട്ടിയുടെ പ്രോത്സാഹന ഫലമായിട്ടായിരുന്നു. മുസ്ലീം സമൂഹത്തിൽ, പ്രത്യേകിച്ച് വിവാഹങ്ങളുടെ ഭാഗമായി മാത്രം പ്രചാരത്തിലിരുന്ന മാപ്പിളപ്പാട്ടിനെ, അറബി മലയാളത്തിൽ നിന്ന് അടർത്തിയെടുത്ത് ജനകീയമാക്കുന്നതിൽ നിസ്തുലമായ പങ്കാണ് വി എം കുട്ടിക്കുള്ളത്.
വി എം കുട്ടിയുടെ പുസ്തകങ്ങൾ - ഇശൽ നിലാവ്, മാപ്പിളപാട്ടിന്റെ ചരിത്രസഞ്ചാരങ്ങൾ, മാപ്പിളപ്പാട്ട് - ചരിത്രവും വർത്തമാനവും, ഒപ്പന എന്ന വട്ടപ്പാട്ട്, മഹാകവി മോയിൻകുട്ടി വൈദ്യർ, ഭക്തിഗീതങ്ങൾ, വൈക്കം മുഹമ്മദ് ബഷീർ മാലപ്പാട്ട്, മാപ്പിളപ്പാട്ടിന്റെ തായ് വേരുകൾ, കനിവും നിനവും, മഹിമ (നാടകം), മൈത്രീഗാനങ്ങൾ, മാപ്പിളപ്പാട്ടിന്റെ ലോകം, മഹാകവി മോയിൻകുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം
അവലംബം: വി എം കുട്ടി കൈരളി ടിവിക്ക് നൽകിയ അഭിമുഖം, വി എം കുട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് (http://www.vmkutty.com)