ടോം കോട്ടയ്ക്കകം
1980 ജൂലൈ 26 ദേവസ്യയുടെയും മേരിക്കുട്ടിയുടെയും മകനായി ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു. ഗവൺമെന്റ് എൽ പി സ്ക്കൂൾ പാണ്ടി, സെൻറ് സേവ്യേഴ്സ് യുപി സ്ക്കൂൾ, ലൂർദ്മാതാ ഹൈസ്‌കൂൾ, എന്നിവിടങ്ങളിലായിരുന്നു ടോമിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എടത്വ സെൻറ് അലോഷ്യസ് കോളേജിൽ നിന്നും ബിരുദം നേടീയതിനുശേഷം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിനാൻഷ്യൽ മാനേജ്മെന്റിൽ പി ജി പൂർത്തിയാക്കി. പഠിക്കുന്ന കാലത്ത് മിമിക്രി ഉൾപ്പെടെയുള്ള കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
2012 ൽ സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങൾ എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് ടോം സിനിമാ മേഖലയിലേക്ക് കടക്കുന്നത്. ആ ചിത്രത്തിൽ ഒരു വേഷം ചെയ്യുകയും ചെയ്തു. തുടർന്ന് കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ആന്തോളജി മൂവിയായ മാജിക് മൊമന്റ്സ് , ബഹുഭാഷ ചിത്രമായ "പുതർ "എന്നീ സിനിമകളിലും അഭിനയിച്ചു. പുതറിന്റെ പ്രൊഡക്ഷൻഡിസൈനിംഗും ടോം തന്നെയായിരുന്നു. സമാറ***, ജനഗണമന എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ടോം മലയാളത്തിലേയ്ക്ക് ഡബ്ബ് ചെയ്യുന്ന തെലുങ്ക്, തമിഴ് സിനിമകളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം പകരാറുണ്ട്. എഫ് ഐ ആർ എന്ന തമിഴ് ചിത്രം മലയാളത്തിലേക്ക് ഡബ്ബ് ചെയ്തപ്പോൾ അതിൽ ഗൗതം മേനോന് ശബ്ദം കൊടുത്തതും. ലജൻഡ് എന്ന തമിഴ് പടത്തിന്റെ മലയാളം ഡബ്ബിംഗിൽ നടൻ സുമന് ശബ്ദം കൊടുത്തതുൾപ്പെടെ നിരവധി ശ്രദ്ധേയമായ വർക്കുകൾ ടോം ചെയ്തിട്ടുണ്ട്. സിനിമകൾ കൂടാതെ സാറാ,താഹ,തൗഫീഖ് എന്നൊരു ഡോക്യുമെന്ററിയും ടോം നിർമ്മിച്ചിട്ടുണ്ട്.
ടോമിന്റെ ഭാര്യയുടെ പേര് സൗമ്യ. അവർക്ക് സാവിയോ, ജെറമിയ, ജോസിയ, സ്റ്റെഫാനോ, ക്രിസ്റ്റ്യാനോ എന്നീ അഞ്ച് മക്കളാണുള്ളത്.