ജയിംസ് ആൽബർട്ട്
മലയാള ചലച്ചിത്ര തിരക്കഥാകൃത്ത്,സംവിധായകൻ. ആൽബർട്ട് ആന്റണിയുടെയും ജെസ്സിയുടെയും മകനായി കൊല്ലം ജില്ലയിൽ ജനിച്ചു. സെന്റ് അലൊഷ്യസ് കോളേജ്, ഫാത്തിമാ കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുങ്കുമം വാരികയിൽ പത്രപ്രവർത്തകനായിട്ടായിരുന്നു ജെയിംസ് ആൽബർട്ടിന്റെ തുടക്കം. 2000- ത്തിൽ സഹയാത്രികയ്ക്ക് സ്നേഹപൂർവം എന്ന സിനിമയുടെ കഥ എഴുതിക്കൊണ്ടാണ് ജെയിംസ് ആൽബർട്ട് സിനിമാ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2006-ൽ ലാൽ ജോസ് സംവിധനം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു.
ക്ലാസ് മേറ്റ്സ് വൻ വിജയമായതോടെ ജെയിംസ് ആൽബർട്ട് മലയാള സിനിമയിലെ പ്രധാന തിരക്കഥാകൃത്തുക്കളിൽ ഒരാളായി മാറി. തുടർന്ന് ഏഴ് സുന്ദര രാത്രികൾ, ജവാൻ ഓഫ് വെള്ളിമല, വെനീസിലെ വ്യാപാരി, ഇവിടം സ്വർഗ്ഗമാണ് എന്നീ സിനിമകൾക്ക് കഥ, തിരക്കഥ, സംഭാഷണം രചിച്ചു. 2015-ൽ ജെയിംസ് ആൽബർട്ട് മറിയം മുക്ക് എന്ന സിനിമ സംവിധാനം ചെയ്തു. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.
ജെയിംസ് ആൽബർട്ടിന്റെ ഭാര്യയുടെ പേര് മെറീന. ഒരു മകനാണ് അവർക്കുള്ളത്. പേര് ധ്യാൻ.