ആർ നമ്പിയത്ത്
രാവുണ്ണിയുടെയും പണിക്കശ്ശേരി ഇമ്പിയെന്ന കാളിയുടെയും മകനായി തൃശ്ശൂർ കണ്ടശ്ശാംകടവിൽ ജനിച്ചു. സിലോണിൽ(ശ്രീലങ്ക) നിന്നും മെട്രിക്കുലേഷനും മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റും പൂർത്തിയാക്കിയ രാമൻ നമ്പിയത്ത് ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി 1961 -ൽ കാൽപ്പാടുകൾ എന്ന ചലച്ചിത്രം നിർമിച്ചുകൊണ്ട് ചലച്ചിത്രനിർമാണ മേഖലയിൽ എത്തി. യേശുദാസ് ആദ്യമായി പിന്നണിഗായകനായി രംഗത്ത് വന്നത് ഈ ചിത്രത്തിലൂടെയായിരുന്നു. ശ്രീനാരായണ ഗുരു രചിച്ച 'ജാതിഭേദം മതദ്വേഷം.." എന്ന ഗാനമായിരുന്നു യേശുദാസ് ആലപിച്ചത്. ഈ ചിത്രത്തിൽ രാമൻ നമ്പിയത്ത് ഗാനരചനയും നിർവഹിച്ചിരുന്നു.
1962 -ലെ മലയാളത്തിലെ ഏറ്റവു നല്ല രണ്ടാമത്തെ ഫീച്ചർ ഫിലിമിനുള്ള നാഷണൽ ഫിലിം അവർഡ് ലഭിച്ചെങ്കിലും, ഈ ചിത്രം സാമ്പത്തിക പരാജയമായിരുന്നു. തുടർന്ന് ഇദ്ദേഹം സിനിമാ നിർമാണത്തിൽ നിന്നു പിൻമാറുകയും 1968 -ൽ കുടുംബസമേതം ഒറ്റപ്പാലത്തെ പത്തംകുളത്തേക്ക് താമസം മാറ്റുകയും ചെയ്തു. തുടർന്ന് കൃഷിയിലേക്കും രാഷ്ട്രീയത്തിലേക്കും തന്റെ തട്ടകം പറിച്ചു നട്ടു. അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റായും അനങ്ങനടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായും സ്ഥാനങ്ങൾ വഹിച്ചു.
ആർ നമ്പിയത്ത് നിണമണിഞ്ഞ കാൽപ്പാടുകൾ, കാപാലിക, നിറമാല... തുടങ്ങി നിരവധി സിനിമകളിലും സദ്ഗമയ, തുഞ്ചത്താചാര്യൻ, അരിവാളും നക്ഷത്രവും, സ്മാരകശിലകൾ തുടങ്ങി എട്ടോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ സി.ഐ.എൻഡോവ്മെന്റ്, അഭിനയാചാര്യ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ആത്മകഥയാണ് കാൽപ്പാടുകളുടെ മുറിപ്പാടുകൾ.
2014 ഫെബ്രുവരി 26 -ന് ഒറ്റപ്പാലം പത്തംകുളത്തെ വീട്ടിൽവെച്ച് തന്റെ തൊണ്ണൂറാം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. പരേതയായ പത്മാവതിയമ്മയാണ് ഭാര്യ. മക്കൾ ബിന്ദു, ബീന, രഞ്ജിത്ത്.