എഡ്ഡി
മാളിയേക്കൽ ഔസേപ്പുണ്ണി മൂപ്പൻ്റെയും ഫിലോമിനയുടെയും മകനായി ഫോർട്ട് കൊച്ചിയിൽ ജനിച്ചു. എഡ്വേഡിൽ നാടകത്തോടുള്ള ആഭിമുഖ്യത്തിന് വിത്തിട്ടത് പിതാവ് തന്നെയായിരുന്നു. ഔസേപ്പുണ്ണി മൂപ്പൻ തമിഴ് നാടകങ്ങൾ സ്ഥിരമായി കാണുന്നയാളായിരുന്നു. നാടകങ്ങൾക്ക് പോകുമ്പോളദ്ദേഹം മകനെയും ഒപ്പം കൂട്ടുമായിരുന്നു. അങ്ങിനെ ഒട്ടേറെ നാടകങ്ങൾ കണ്ട് എഡ്വേഡിൽ നാടകാഭിനയത്തോട് താത്പര്യമുണർന്നു.
കൊച്ചി സാൻ്റാക്രൂസ് ഹൈസ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുമ്പോൾ അവിടത്തെ ഹെഡ്മാസ്റ്ററും പോർച്ചുഗീസുകാരനുമായ ഫാദർ ഫ്രിക്സ്റ്റോസാ, ഷേക്സ്പിയറിൻ്റെ വിഖ്യാത കൃതി മർച്ചന്റോഫ് വെനീസ് നാടകമാക്കിയപ്പോൾ അതിൽ എഡ്ഡിയെയും അഭിനയിപ്പിച്ചു. അങ്ങനെയായിരുന്നു അരങ്ങേറ്റം. ഉണ്ണിയേശു എന്ന നാടകം രചിച്ചുകൊണ്ട് എഡ്വേഡ് നാടകരചനാ രംഗത്തും തുടക്കം കുറിച്ചു. ഫാദർ ഫ്രിക്റ്റോസോ തന്നെയായിരുന്നു ഇതിൻ്റെയും സംവിധായകൻ. നാടകത്തിൽ ഹെരോദിയാസ് രാജാവായി എഡ്വേഡ് വേഷമിടുകയും ചെയ്തു.ആദ്യനാടകം വിജയമായതിനെത്തുടർന്ന് ജോസഫ് തൈപ്പറമ്പിൽ രചിച്ചു സംവിധാനം ചെയ്ത കരുണാകരനായ യേശു എന്ന നാടകത്തിൽ എഡ്വേഡ് യേശുവായി അഭിനയിച്ചു. കൊച്ചിയിലും പരിസരത്തും തമിഴ് നാടകങ്ങളും ചവിട്ടുനാടകങ്ങളും നിരന്തരം അവതരിക്കപ്പെട്ടിരുന്ന അക്കാലത്ത് ക്രമേണ എഡ്വേഡിനും ആരാധകരുണ്ടായി. തുടർന്ന് ധാരാളം നാടകങ്ങളിൽ അഭിനയിക്കാൻ അയാൾക്ക് അവസരം ലഭിക്കുകയും,അധികം വൈകാതെ നായകനടൻ എന്ന പട്ടം കിട്ടുകയും ചെയ്തു.
PJ ആൻ്റണി,N ഗോവിന്ദൻകുട്ടി,TS മുത്തയ്യ, മണവാളൻ ജോസഫ്, KPAC ഖാൻ, PA ബക്കർ തുടങ്ങി പിൽക്കാലത്ത് പ്രശസ്തരായ ഒട്ടേറെപ്പേർ എഡ്വേഡിന്റെ കീഴിൽ നാടകം പഠിച്ചു. 1940 ഫെബ്രുവരി 1 -ന് കൊച്ചിൻ ഹാർബറിൽ അദ്ദേഹം ഉദ്യോഗസ്ഥനായി ചാർജെടുത്തു. അടുത്തദിവസം അദ്ദേഹം കേന്ദ്രകഥാപാത്രമായ ഭാരതബന്ധു എന്നനാടകം കൊച്ചിയിലവതരിക്കപ്പെട്ടു.കൊച്ചിയിലവതരിപ്പിക്കപ്പെട്ട ആദ്യത്തെ സാമൂഹ്യ നാടകം ഇതാണെന്ന് പറയപ്പെടുന്നു. 1947 -ൽ അദ്ദേഹം ആസാദ് നാടകസംഘം രൂപീകരിച്ച് എൻ കൃഷ്ണപിള്ളയുടെ ഭഗ്നഭവനം അരങ്ങിലെത്തിച്ചു.P J ആൻ്റണിയുടെ അഴകുള്ള പിശാച് ആയിരുന്നു അടുത്ത നാടകം.സതി ലളിത എന്ന നാടകം സംവിധാനം ചെയ്ത് പ്രൊഫഷണലായി പല സ്ഥലങ്ങളിലും അവതരിപ്പിച്ചു. ഔറംഗസീബ് എന്ന നാടകത്തിൽനായകനായി വേഷമിട്ടത് എഡ്വേഡിന് പേരും പ്രശസ്തിയും നൽകി. അക്കാലത്ത് നാടകങ്ങളുടെ പശ്ചാത്തല സംഗീതമൊരുക്കുന്നവർ സ്റ്റേജിൽ വശത്തായി പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന തരത്തിലായിരുന്നു ക്രമീകരിക്കപ്പെട്ടിരുന്നത്. തൻ്റെ നാടകങ്ങളിൽ സംഗീതവിഭാഗക്കാരെ പിന്നണിയിലേക്ക് മാറ്റിക്കൊണ്ടും എഡ്ഡി മാസ്റ്റർ പുതുമ സൃഷ്ടിച്ചു.
KPAC, കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീഥാ,പീപ്പിൾസ് തിയേറ്റർ തുടങ്ങിയ നിരവധി സമിതികളുടെ അനവധി നാടകങ്ങളിലഭിനയിച്ച് ജനകീയ നാടകങ്ങളുടെ ആചാര്യനായി മാറിയ അദ്ദേഹം കുറച്ചുകാലം കലാഭവൻ്റെ നാടക പരിശീലനക്കളരിയിലെ അധ്യാപകനുമായിരുന്നു. കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തിന് ഫെലോഷിപ്പ് നല്കി ആദരിച്ചു. കേരളത്തിലെ നിരവധി കലാസാംസ്കാരിക സംഘടനകളുടെ അനവധി പുരസ്കാരങ്ങൾ എഡ്ഡിക്ക് ലഭിച്ചിട്ടുണ്ട്.
1957 -ൽ രാമു കാര്യാട്ട് ആദ്യമായി സ്വതന്ത്ര സംവിധായകനായ മിന്നാമിനുങ്ങ് എന്ന സിനിമയിൽ നായക കഥാപാത്രമാ ഡോക്റ്റർ സദാനന്ദനെ അവതരിപ്പിച്ചുകൊണ്ടാണ് എഡ്ഡി സിനിമാഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. അതിനുശേഷം രാമു കാര്യാട്ടിന്റെ തന്നെ ചെമ്മീൻ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി പ്രവർത്തിക്കുന്നതിനോടൊപ്പം അദ്ദേഹം അതിൽ തുറയിലരയന്റെ വേഷം അഭിനയിക്കുകയും ചെയ്തു. അതിനുശേഷം മൂലധനം, അഭയം, ഗന്ധർവ്വക്ഷേത്രം, ഇതു മനുഷ്യനോ, രാജാങ്കണം എന്നീ സിനിമകളിലും എഡ്ഡി മാസ്റ്റർ അഭിനയിച്ചു. ഇത് മനുഷ്യനോ എന്ന സിനിമയുടെ തിരക്കഥം സംഭാഷണം നിർവഹിച്ചതും അദ്ദേഹമായിരുന്നു. 1985 -ൽ എഡ്ഡി മാസ്റ്റർ ഗോൺസോ ജോർജ് എന്നൊരു വ്യക്തിക്കൊപ്പം ചേർന്ന് സ്നേഹമുള്ള മാമന് (വിഷുപ്പക്ഷി) സിനിമ നിർമ്മിച്ചു. സിനിമയുടെ രചനയും സംവിധാനവും ഏഡ്ഡിയായിരുന്നു. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ ഈ ചിത്രം റിലീസ് ചെയ്തില്ല.
ഭഗ്നഭവനം നാടകത്തിൽ നായിക രാധയുടെ വേഷമഭിനയിച്ച മേരിയാണ് എഡ്വേഡിന്റെ ആദ്യഭാര്യ.അവർ മേരി എഡ്ഡിയായും കലാരംഗത്ത് തുടർന്നു. മിന്നാമിനുങ്ങിൽ താണ്ടമ്മ എന്ന കഥാപാത്രമായി അവർ സിനിമയിലും വന്നിട്ടുണ്ട്. പിന്നീട് സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലും വേഷമിട്ടു. മേരിയുടെ അകാലവിയോഗത്തെത്തുടർന്ന് ശാന്ത എന്നൊരു കലാകാരി അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് വന്നു.രണ്ടു ബന്ധത്തിലുമായി എഡ്ഡിക്ക് ഒമ്പത് മക്കളുണ്ട്.
ലോകത്തിലെമ്പാടുമുള്ള നാടകപ്രവർത്തകരുടെയും നാടകങ്ങളുടെയും ചരിത്രം പഠിക്കുകയും സ്വാംശീകരിക്കുകയും അവയിലെ മികച്ച വശങ്ങളെ തന്നിൽ ലയിപ്പിക്കുകയും ചെയ്ത നാടകാചാര്യനായിരുന്ന എഡ്ഡി മാസ്റ്റർ 1998 ഡിസംബറിൽ കാലയവനികക്കുള്ളിൽ മറഞ്ഞു.