ഗുരു ഗോപിനാഥ്

Guru Gopinath
Date of Birth: 
Wednesday, 24 June, 1908
Date of Death: 
Friday, 9 October, 1987

ആലപ്പുഴ അമ്പലപ്പുഴ താലൂക്കിലെ ചമ്പക്കുളത്തെ കഥകളി പാരമ്പര്യമുളള പെരുമാനൂർ തറവാട്ടിൽ മാധവിയമ്മയുടെയും കൈപ്പളളി ശങ്കരപ്പിള്ളയുടെയും മകനായി ഗുരു ഗോപിനാഥ്‌ എന്ന പെരുമാനൂർ ഗോപിനാഥൻ പിള്ള ജനിച്ചു. അഞ്ചാം ക്ലാസുവരെ പഠിച്ചശേഷം ചമ്പക്കുളം പരമുപിളളയുടെ കീഴിൽ കഥകളി അഭ്യസിച്ച ഗോപിനാഥൻ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റം നടത്തി. തുടർന്ന് പന്ത്രണ്ട് വർഷം കഥകളി പഠിക്കുകയും ആറേഴുകൊല്ലം കഥകളിയിലെ എല്ലാത്തരം വേഷങ്ങളും അരങ്ങിലവതരിപ്പിക്കുകയും ചെയ്ത അദ്ദേഹം വളളത്തോളിന്റെ ക്ഷണമനുസരിച്ച് കഥകളി വടക്കൻചിട്ട പഠിക്കാൻ കലാമണ്ഡലത്തിലെത്തി. 

ഇരുപത്തിമൂന്നാം വയസ്സിൽ അമേരിക്കൻ നർത്തകിയായ രാഗിണിദേവിയോടൊപ്പം നൃത്ത സംഘമുണ്ടാക്കാൻ ഗോപിനാഥ് ബോംബെക്കുപോയി. തുടർന്ന് ഭാരതപര്യടനം നടത്തി തിരിച്ചെത്തിയ അദ്ദേഹം 'കേരളനടനം' എന്ന നൃത്തരൂപം ആവിഷ്ക്കരിച്ചു. കഥകളിയിലെ കേകിയാട്ടത്തെ ആധാരമാക്കി സംവിധാനം ചെയ്ത മയൂരനൃത്തം അദ്ദേഹത്തെ തിരുവിതാംകൂർ മഹാരാജാവിൽ നിന്നും വീരശൃംഖലക്ക് അർഹനാക്കി. ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഗുരു ഗോപിനാഥ്‌. പിന്നീട് തിരുവിതാകൂർ രാജാവ്‌ ആർക്കും വീരശൃംഖല നൽകിയിട്ടില്ല.

1936 -ൽ കലാമണ്ഡലത്തിലെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാർത്ഥിനിയായിരുന്ന കുന്നംകുളം മങ്ങാട്ടുമുളക്കൽ തങ്കമണിയെ വിവാഹം കഴിച്ചു. ഇവർ ഒരുമിച്ച് ഇന്ത്യയിലും വിദേശത്തും നിരവധി നൃത്തപരിപാടികൾ ‍അവതരിപ്പിച്ച്‌ പുരസ്കാരങ്ങളും പ്രശസ്തിയും നേടി. 1938 -ൽ ചെന്നൈയിലെത്തി 'നടനനികേതൻ' സ്ഥാപിച്ചു. ടാഗോറിൽ നിന്നും പ്രശംസ ലഭിച്ച ഗോപിനാഥ് 1954 -ൽ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ക്ഷണപ്രകാരം റഷ്യയിലേക്കുളള ആദ്യത്തെ ഇന്ത്യൻ സാംസ്കാരിക സംഘത്തിൽ അംഗമായി. വിദേശയാത്രകൾ നടത്തിയ അദ്ദേഹം 1959 -ൽ ദില്ലിയിലെ ഭാരതീയ കലാ കേന്ദ്രമായ രാംലീലയുടെ ഡയറക്ടറായി. 1961 -ൽ എറണാകുളത്ത്‌ ‘വിശ്വകലാകേന്ദ്രം’ സ്ഥാപിച്ച ഗുരു ഗോപിനാഥ് 1963 -ൽ അത്‌ തിരുവനന്തപുരത്തെ വട്ടിയൂർകാവിലേക്ക്‌ മാറ്റുകയുണ്ടായി. അദ്ദേഹത്തിന്റെ നവരസങ്ങൾ അക്കാലത്ത്‌ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഫ്രാൻസ്‌, ജർമ്മനി, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ പല വിഖ്യാത കലാനൃത്ത മ്യൂസിയങ്ങളിലും ഈ നവരസപ്രകടനം ചിത്രങ്ങളായി പ്രദർശിപ്പിച്ചിട്ടുണ്ട്‌.

മലയാളത്തിലെ മൂന്നാമത്തെ സിനിമയായ പ്രഹ്ളാദ  -യിൽ ഹിരണ്യകശ്യപുവായി അഭിനയിച്ചുകൊണ്ട് ഗുരു ഗോപിനാഥ് സിനിമാഭിനയരംഗത്ത് തുടക്കംകുറിച്ചു. ഇതിൽ കയാതു ആയി അഭിനയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ തങ്കമണിയായിരുന്നു. തുടർന്ന് ജീവിതനൗക -യിൽ യേശുക്രിസ്തുവായി അഭിനയിച്ചു. ശ്രീ ഗുരുവായൂരപ്പൻ, രാജവീഥി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിക്കുകയുണ്ടായി. കൂടാതെ ഗുരു ഗോപിനാഥ് നിരവധി മലയാള ചിത്രങ്ങൾക്ക് നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്. തമിഴ്‌, തെലുങ്ക്‌ സിനിമകളിലും നൃത്തപ്രധാനമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

1987 -ൽ എറണാകുളത്ത്‌ രാമായണം ബാലെയിൽ ദശരഥനായി വേഷമണിഞ്ഞ ഗുരു ഗോപിനാഥ് അരങ്ങത്തുവെച്ച് തന്റെ എഴുപത്തിയൊൻപതാം വയസ്സിൽ അന്തരിച്ചു. വാസന്തി, വിലാസിനി, വിനോദിനി, വേണുഗോപാൽ എന്നിവരാണ് മക്കൾ.