സന്തോഷ്‌കുമാർ കായംകുളം (മോനു)
ശ്രീധരൻ നായരുടേയും മീനാക്ഷി അമ്മയുടേയും മകനായി ആലപ്പുഴ ജില്ലയിലെ കായംകുളം പുല്ലുകുളങ്ങരയിൽ കൊറ്റിനാട്ട് വീട്ടിൽ ജനിച്ചു. പുല്ലുകുളങ്ങര എൽ പി എസ്, വേലൻചിറ യു പി എസ്, മുതുകുളം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സന്തോഷ്‌കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കായംകുളം എം എസ് എം കോളേജിൽ നിന്നും ബിരുദം നേടി. സ്കൂൾ, കോളേജ് പഠനകാലത്തുതന്നെ നാടകാഭിനയത്തോട് താത്പര്യമുണ്ടായിരുന്ന സന്തോഷ്‌കുമാർ അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്.1964 മുതൽ നിരവധി അമച്വർ നാടകവേദികളുടെ ഭാഗമായി.
പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്തോണ് തോപ്പിൽ ഭാസി കെ പി എ സിയുടെ മാനസപുത്രി എന്ന നാടകത്തിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. എന്നാൽ സമിതിയിലുണ്ടായ ചില പ്രശ്നങ്ങൾ മൂലം ആ വേഷം സന്തോഷ്‌കുമാറിന് നഷ്ടമായി..അതിനൊരു പരിഹാരമായി തോപ്പിൽ ഭാസിയാണ് അദ്ദേഹത്തിന് ഒരു സുന്ദരിയുടെ കഥ എന്ന സിനിമയിൽ ഒരു വേഷം കൊടുത്തത്. " പാവന മധുരാനിലയേ.. എന്ന പാട്ടിൽ അഭിനയിച്ചുകൊണ്ട് സന്തോഷ്‌കുമാർ സിനിമാഭിനയരംഗത്ത് തുടക്കമിട്ടു. തുടർന്ന് ഏണിപ്പടികൾ, നീലക്കണ്ണുകൾ, ഭ്രഷ്ട്, ഗുരു... എന്നിവയുൾപ്പെടെ എട്ട് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ചൂണ്ടക്കാരി എന്ന സിനിമയുടെ നിർമാതാവുകൂടിയായ സന്തോഷ്‌കുമാർ ആ ചിത്രത്തിൽ അഭിനയിക്കുകയും നാലു ഗാനങ്ങൾ രചിയ്ക്കുകയും ചെയ്തു. മോനു എന്ന തൂലികാനാമത്തിലാണ് അദ്ദേഹം സിനിമയിൽ ഗാനങ്ങൾ രചിച്ചത്.
കെപിഎസിയുടെ ഉദ്യോഗപർവം, ലയനം, സഹസ്രയോഗം എന്നീ നാടകങ്ങളിൽ സന്തോഷ്‌കുമാർ അഭിനയിച്ചിട്ടുണ്ട്. കെപിഎസി കൂടാതെ പീപ്പിൾസ് തിയ്യേറ്റേഴ്സ് കായംകുളം (സമസ്യ, മുക്തി, കുരുതിക്കളം), വയലാർ നാടകവേദി (സ്ത്രീധനം), ജൂബിലി തിയ്യേറ്റേഴ്സ് (ആലയം സ്നേഹാലയം, അഞ്ച് സഹോദരന്മാർ), കായംകുളം സപര്യ (സേർച്ച് ലൈറ്റ്). എന്നീ നാടകസമിതികളുടെ നാടകങ്ങളിലും അഭിനയിച്ചു. അഭിനയശാല എന്ന പേരിൽ സ്വന്തം നാടക സമിതി രൂപീകരിച്ച സന്തോഷ്‌കുമാർ തന്റെ നാടക സമിതിക്ക് വേണ്ടി ഒൻപത് നാടകങ്ങൾ (തിരു അത്താഴം, സുപ്രഭാതം, യജ്ഞം, ഇവരെ പരിചയപ്പെടുക, ശാന്തം - അസ്തമയം, രാജ്യം, അധിപതി, ശ്മശാനത്തിലെ പൂക്കൾ, മനസ്സെന്ന ചെപ്പിലെ നൊമ്പരങ്ങൾ) സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. കൂടാതെ മറ്റു സമിതികൾക്ക് വേണ്ടിയും നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്, ആകാശവാണി തിരുവനന്തപുരം നിലയത്തിനു വേണ്ടി 1971 -മുതൽ അനവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വേലുത്തമ്പി ദളവ,പഴശ്ശിരാജ, ഭീഷ്മർ, യന്ത്രം എന്നിവ അവയിൽ ചിലതാണ്.
സന്തോഷ്‌കുമാറിന്റെ ഭാര്യ ചന്ദ്ര. മക്കൾ ചിന്തു സന്തോഷ്, ചിനു സന്തോഷ്.
PH - 0479 2430737, 9447364819
കടപ്പാട് - പ്രദീപ് മലയിൽക്കടയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.