നിൻസി വിൻസന്റ്

Nincy Vincent
Nincy Vincent-Singer-Pic1-M3DB
ആലപിച്ച ഗാനങ്ങൾ: 3

കൊല്ലം സ്വദേശിനി. വിൻസന്റിന്റെയും റജീനയുടെയും മൂന്ന് മക്കളിൽ ഇളയവളായി ജനിച്ചു. വിൻസന്റ്‌ തലബയിലും മൃദംഗത്തിലും കീബോർഡിലും വിദഗ്‌ദ്ധനാണ്‌. ഭാര്യ റജിനയും മൂത്ത മകൾ റിൻസിയും ഗായികമാരാണ്‌. എന്നാൽ ചലച്ചിത്ര ഗായിക എന്ന നിലയിൽ പ്രശസ്‌തയായത്‌ ഇളയ മകൾ നിൻസി വിൻസന്റാണ്‌. നിൻസി നാലാമത്തെ വയസ്‌ മുതലാണ്‌ സ്‌റ്റേജ്‌ ഷോകളിൽ പാടിത്തുടങ്ങിയത്‌. മിഡിൽ ഈസ്‌റ്റ്, സിംഗപ്പൂർ, മലേഷ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നാലായിരത്തിലധികം സ്‌റ്റേഷ്‌ ഷോകളിൽ പാട്ടിനൊപ്പം നിൻസി ചുവടുകൾ വച്ചു. യേശുദാസ്‌, ഡോ.ബാലമുരളീകൃഷ്‌ണ, ബാലസുബ്രഹ്‌മണ്യം, ഹരിഹരൻ, കെ.എസ്‌. ചിത്ര തുടങ്ങിയ മുൻനിര ഗായകരോടൊപ്പം നിരവധി വേദികൾ പങ്കിട്ടു.

2008-ൽ പ്രശസ്‌ത സംഗീതസംവിധായകൻ ഇളയരാജയെ പരിചയപ്പെട്ടതാണ്‌ നിൻസി വിൻസന്റിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്‌. ഇളയരാജയുടെ അസിസ്‌റ്റന്റും ഡ്രമ്മറുമായ പുരുഷോത്തമനാണ്‌ നിൻസിയെ ഇളയരാജയ്‌ക്ക് പരിചയപ്പെടുത്തിയത്‌. ഇളയരാജ നിൻസിയെക്കൊണ്ട്‌ ഏതാനും കീർത്തനങ്ങളും ഗാനങ്ങളും പാടിച്ചു. ഏറെ സന്തോഷവാനായ ഇളയരാജ നിൻസിയിൽ പ്രതിഭയുള്ള ഒരു ഗായികയെ കണ്ടു. അങ്ങനെ ഇളയരാജ സംഗീതസംവിധാനം നിർവഹിച്ച 'ജഗൻ മോഹിനി' എന്ന തമിഴ്‌ സിനിമയിൽ ആദ്യഗാനം പാടി. ചെന്നൈ പ്രസാദ്‌ റിക്കാർഡിംഗ്‌ സ്‌റ്റുഡിയോയിൽ 2008 സെപ്‌റ്റംബർ 18-ന്‌  ആയിരുന്നു പിന്നണി ഗായിക എന്ന നിലയിൽ നിൻസി തുടക്കമിട്ട് പ്രശസ്തയാകുന്നത്.

'ജഗൻ മോഹിനി'യിൽ 'കട്ടിക്കിട്ട രാസാവേ താൻ' എന്ന പാട്ട്‌ സൂപ്പർഹിറ്റായി മാറി. തുടർന്ന്‌ 30 ചിത്രങ്ങളിലായി നിരവധി ഗാനങ്ങൾ തമിഴ്‌ തെലുങ്ക്‌, കന്നട, മലയാളം, മറാത്തി ഭാഷകളിലായി നിൻസി വിൻസന്റ്‌ പാടി. സൂര്യ അടക്കമുള്ള നായകനടന്മാർ അഭിനയിച്ച മൂന്നു ചിത്രങ്ങളിൽ നിൻസി പാടിയിട്ടുണ്ട്‌. ഇളയരാജയുടെ ജീവിതവുമായി ബന്ധപ്പെട്ട്‌ ചെന്നൈ നെഹ്രു സ്‌റ്റേഡിയത്തിൽ നൂറിലേറെ പേർ പങ്കെടുത്ത 'എൻട്രെൻഡും രാജ'യിലും നിൻസി പാട്ടിലൂടെ താരമായി. 2008-ൽ അൽഫോൻസ്‌ ജോസഫിന്റെ സംഗീതത്തിൽ 'ആയുധം' എന്ന ചിത്രത്തിലൂടെയാണ്‌ നിൻസി മലയാളസിനിമയിൽ പാടിത്തുടങ്ങിയത്‌. 'കാസനോവ'യുടെ ടൈറ്റിൽ സോങ്‌ നിൻസിയുടേതാണ്‌. 'മുസാഫിർ' എന്ന ചിത്രത്തിൽ ഔസേപ്പച്ചൻ സംഗീതം നൽകിയ 'പതിനാലാം രാവ്‌' ആണ്‌ മലയാളത്തിൽ ഒടുവിലിറങ്ങിയത്‌. 

സൂര്യയുടെ അങ്കുസം, സിക്‌സ് കാൻഡിൽസ്‌, അതു വേറ ഇതു വേറ എന്നീ ചിത്രങ്ങളിലും നിൻസിയുടെ സ്വരമാധുരി ഉണ്ടായിരുന്നു. ഹാരിസ്‌ ജയരാജ്‌, ശ്രീകാന്ത്‌ ദേവ, ദേവിശ്രീ പ്രസാദ്‌, രേഹാൻ, ദേവ തുടങ്ങിയവർ ഈണമിട്ട ഇരുപതിലേറെ തമിഴ്‌ ചിത്രങ്ങളിൽ നിൻസി പാടിക്കഴിഞ്ഞു. ഉദിത്‌ നാരായൺ, മധു ബാലകൃഷ്‌ണൻ, രാഹുൽ നമ്പ്യാർ, കെ.ജി. രൺജിത്ത്‌, ഹരൻ, കലാഭവൻ മണി എന്നിവരോടൊപ്പം ഏതാനും സിനിമകൾക്കു വേണ്ടി യുഗ്മഗാനം പാടിയിട്ടുണ്ട്‌. പത്തു ഭാഷകളിൽ പാടിക്കഴിഞ്ഞ നിൻസി ഹാരിസ്‌ ജയരാജ്‌, ദേവ, ശ്രീകാന്ത്‌ ദേവ, യുവൻ ശങ്കർ രാജ, രഹൻ (തമിഴ്‌), ദേവിപ്രസാദ്‌ (തെലുങ്ക്‌ ആന്റ്‌ തമിഴ്‌), എസ്‌. തമൻ (തമിഴ്‌, തെലുങ്ക്‌), ഹരികൃഷ്‌ണൻ (കന്നട), കൃഷ്‌ണ തേജ (കന്നട), ബോബോ ശശി (തെലുങ്ക്‌), സത്യ (തമിഴ്‌), ഹരൻ (തമിഴ്‌), വിജയ്‌ ആന്റണി (തമിഴ്‌), ബോബി (തമിഴ്‌), കിലിംഗ്‌സ്റ്റൻ (തമിഴ്‌), ഔസേപ്പച്ചൻ (മലയാളം), തജ്‌നൂർ (തമിഴ്‌), ജോബ്‌ കുരുവിള (മലയാളം) തുടങ്ങി നിരവധി സംഗീതസംവിധായകരുടെ കീഴിൽ പാടുകയുണ്ടായി..

പിന്നണിഗാനങ്ങൾക്കൊപ്പം തന്റെ പ്രശസ്‌ത സംഗീത ട്രൂപ്പുമായി യാത്രയിലാകുന്ന നിൻസി ചെന്നൈയിലാണ്‌ താമസിക്കുന്നത്‌.

അവലംബം :