നീയൊരിക്കൽ എന്റെ മുറിയിൽ

നീയൊരിക്കൽ എന്റെ മുറിയിൽ 
ജനലിനരികിലെ നേർത്തൊരഴയിൽ
ഈറനൂറാനിട്ട കുപ്പായം
ഇന്നുമവിടെ വെയിൽ മറച്ചു നിഴൽ പരത്തുന്നു
വെളിച്ചം പകുതിയെത്തി മടിച്ചു നിൽക്കുന്നു    

തണലു തോറും വാടി വീഴും
ഇലകളൊക്കെ കാറ്റു ചെന്നി-
ട്ടരുമയോടെയെടുത്തു മാറ്റുന്നു
എന്ന പോലെ പതിയെ എന്റെ നനഞ്ഞൊരോർമ്മയെ
മറവി കൊണ്ടു മടക്കി വയ്ക്കൂ നീ
മറവി കൊണ്ടു മടക്കി വയ്ക്കൂ നീ

പണ്ടൊരിക്കൽ നീലമഷിയാൽ
എന്റെ ചുവരിൽ നീ വരച്ച
രണ്ടു പേരിരിക്കും സങ്കല്പം
മാഞ്ഞു പോവാതിന്നുമവിടെ ഉണങ്ങി ഇറ്റുന്നു
വീടിൻ ചന്തമൊക്കെയൊലിച്ചു പോകുന്നു

ശിശിരമേറ്റു തളർന്നു നിൽക്കും
ശിഖരമാകെ വസന്തകാലം
സുഭഗമായി നിറം തളിക്കുന്നു
എന്ന പോലെ പുതിയ ചായമുലച്ചു പൂശി
പ്രതലമൊക്കെ മിനുക്കി വയ്ക്കൂ നീ
പ്രതലമൊക്കെ മിനുക്കി വയ്ക്കൂ നീ

നനഞ്ഞ നിഴലുകളിടയ്ക്കു മുറിയിൽ കനച്ചു പൊങ്ങുന്നു
ഋതുക്കൾ മാറി വരുമ്പോൾ ചുവരിൽ നമ്മൾ തെളിയുന്നു
പുണർന്നു യാത്ര പറഞ്ഞിട്ടും
പിരിഞ്ഞു മാറാ യാത്രികർ
ദൂരം മറന്നു പോകുന്നു
സമയം നടന്നു നീങ്ങുന്നു
ഭാരം കൊഴിഞ്ഞു വീഴുന്നു
അങ്ങനെ 
അദൃശ്യമായൊരു വലയിൽ
പ്രണയികൾ കുരുങ്ങി നിൽക്കുന്നു
എന്നും
കുരുങ്ങി നിൽക്കുന്നു
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyorikkal Ente Muriyil

Additional Info

Year: 
2023

അനുബന്ധവർത്തമാനം