മൊഹബ്ബത്തിന്റെ മണിമുത്തില്‍

മൊഹബ്ബത്തിന്റെ മണിമുത്തില്‍
മിസരിപ്പൊന്നിന്‍ രംഗാണ്
സുറുമക്കുഞ്ഞു മിഴിതന്നില്‍
പിരിഷത്തിന്റെ ഒളിയാണ്

അത്തറുപെയ്യണ രാവിലുദിക്കുമൊരമ്പിളി-
പോലൊരു മാരനിതാ
പത്തരമാറ്റൊളി കൊണ്ടു മിനുങ്ങിയ
പൈങ്കിളിയായൊരു മൈനയിതാ (2 )

പതിനേഴുതികഞ്ഞൊരു മാങ്കനി നീ
പവനെന്നതു പോലൊരു മാപ്പിള നീ
മണവാട്ടി മനസ്സിലൊരൊപ്പനയോ
മണവാളനു ഖല്‍ബിലൊരിക്കിളിയോ
ലാത്തിരി പൂത്തു വരുന്നൊരു പുഞ്ചിരി
ചുണ്ടിലൊതുങ്ങിയതെന്തേ
നെഞ്ചിലിരുന്നൊരു പൂങ്കുയിലങ്ങനെ
പാടുകയാണോ സുന്ദരിയേ
ഹായ് പൂക്കളമെന്നതു പോലൊരു പെണ്മണി
മുന്നിലിരുന്നൊരു നേരം
പൂക്കണി കണ്ടതു മാതിരിയിന്നൊരു
വണ്ടു പറന്നോ നിന്നുയിരില്‍
പതിനേഴു തികഞ്ഞൊരു മാങ്കനി നീ
പവനെന്നതു പോലൊരു മാപ്പിള നീ

പൂനിലാവിന്റെ പാല്‍ത്തുള്ളി ചേരും
പൂങ്കിനാവുള്ള മുംതാസ് നീ
ഹാ വെണ്ണതോല്‍ക്കുന്ന പെണ്ണിന്റെ ചാരെ
ഷാജഹാനായി മാറുന്നു നീയേ
കളകളമാടും കരിവളയെന്തേ
നാണമണിഞ്ഞോ ഈ നല്ലനാളില്‍
കനവുകളോരോ തളിരുകളോടെ
കണ്ണു തുറന്നോ ഈ നീലരാവില്‍
കിളിക്കൊഞ്ചല്‍ മാഞ്ഞൊരു മുറപ്പെണ്ണു നിന്നുടെ
മിഴിക്കുള്ളില്‍ നാണം പിടഞ്ഞതെന്തേ
അടുത്തുള്ള സുന്ദരന്‍ ചെറുക്കന്റെ ചേലിനെ
കടക്കണ്ണു കൊണ്ടു തൊടുന്നതെന്തേ
കുരുക്കുത്തിപ്പൂപോലെ മണക്കുന്ന സുന്ദരി
അടുത്തെത്തും നേരം കൊതിച്ചതെന്തേ
മുറപ്പെണ്ണിൻ കണ്ണില് പിടയ്ക്കുന്ന മീനിനെ
കുടുക്കിട്ടു കോരാന്‍ തുടിച്ചതെന്തേ
പതിനേഴു തികഞ്ഞൊരു മാങ്കനി നീ
പവനെന്നതു പോലൊരു മാപ്പിള നീ

തനാതാനതന ന ..ആ ..ആ
ഹൊഹോഹൊഹൊഹോഹൊഹോ
ഹൊഹോഹൊഹൊഹോഹൊഹോ

മഞ്ഞുപെയ്യുന്ന മണ്ണിന്റെ മാറില്‍
മിന്നിനില്‍ക്കുന്ന വെൺതാരമായി നീ
ചന്തമേറുന്ന മൈലാഞ്ചിയോടെ
മൊഞ്ചു മൂടുന്ന മൈക്കണ്ണി നീയേ
കുളിരുകളോടെ ഇണയുടെ കൂടെ
പോവുകയാണോ നിന്‍ മോഹമാകെ
കുറുമൊഴിമാരും കളമൊഴിമാരും
തോഴികളായോ ആരോമലാളെ
കുണുക്കുള്ള കാതിനെ മറയ്ക്കുന്ന കൂന്തല്
തൊടുന്നൊരു കാറ്റായ് കിതയ്ക്കുന്നുവോ
കൊലുസ്സിന്റെ കിങ്ങിണി കിലുങ്ങുന്നൊരാ നല്ല
നിമിഷങ്ങള്‍ ചേരാന്‍ രസിക്കുന്നുവോ
മുഴങ്ങുന്ന പാട്ടിലെ ഒഴുക്കിന്റെ കൂടെ നീ
ഒതുക്കത്തില്‍ താളം പിടിക്കുന്നുവോ
തനിച്ചൊന്ന് ചേരുന്ന സമയത്തിനായ് മനം
ഒളിച്ചൊന്നു മേളം നടത്തുന്നുവോ
മണവാളനു ഖല്‍ബിലൊരിക്കിളിയോ
മണവാട്ടി മനസ്സിലൊരൊപ്പനയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mohabbathinte manimuthil

Additional Info

അനുബന്ധവർത്തമാനം