മാനസവീണയിൽ

മാനസവീണയിൽ കൂടണഞ്ഞോരു പൂ-
ങ്കുയിലേ നീ പാടി മറഞ്ഞതെന്തേ?
ഓർമ്മകളായി വെൺതൂവൽ പൊഴിച്ചെങ്ങു-
മാരോടും മിണ്ടാതകന്നതെന്തേ, ഒന്നു
യാത്ര ചോദിക്കാതെ പോയതെന്തേ....?


അകലുന്ന നിന്റെ കാൽപ്പാടുകൾ കണ്ടൊരീ
പഥികർ തൻ മിഴി നിറയുമ്പോൾ
അവിടെ നിൻ സ്വരധാര നെയ്ത ഹൃദ്സ്പന്ദങ്ങ-
ളാത്മാവിലലിയുകയായിരുന്നു, നാവിൽ
തുള്ളിത്തുളുമ്പുകയായിരുന്നു


അന്നു നീ ഞങ്ങൾ തൻ ഹൃദയങ്ങളിൽ തളി-
ച്ചാശംസതൻ കുളുർനീർമണികൾ
ആ നിമിഷങ്ങളിൽ മാറോടു ചേർത്തു നീ
മീട്ടിയ ഗിത്താറായ് തേങ്ങി ഞങ്ങൾ, ഇന്നൊ-
രോർമ്മയായ് നീ ചേർന്നലിഞ്ഞു മണ്ണിൽ


നിൻ ശ്രുതി, നിൻ ലയം, നിന്നീണമൊഴുകിയൊ-
രീ സർഗ്ഗഭൂമിതൻ സന്ധ്യകളിൽ
പാടുകയായാണിതാ, സ്നേഹ സംഗീതമേ
നിന്നസ്ഥിമാടത്തിലീവരികൾ, കണ്ണീർ
പൂക്കളായ് തൂകി നിൻ ഓർമ്മകളിൽ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasaveenayil

Additional Info

Year: 
2011
ഗാനശാഖ: 

അനുബന്ധവർത്തമാനം