കാക്കനാടൻ
വർഗ്ഗീസ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി കൊല്ലത്ത് ജനിച്ചു. കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിലായിരുന്നു ജോർജ്ജ് വർഗീസിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ബി.എസ്.സി വരെ കൊല്ലം ശ്രീനാരായണ കോളേജിലായിരുന്നു പഠിച്ചത്. 1955 -ൽ ബി.എസ്.സി പാസായ ശേഷം സ്കൂൾ അദ്ധ്യാപകനായി രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിൽ ജോലി ചെയ്തു. അതിനുശേഷം നാലു വര്‍ഷം ദക്ഷിണ റെയിൽവേയിലും ആറു വര്‍ഷം റെയിൽവേ മന്ത്രാലയത്തിലും ജോലി ചെയ്തു. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളേജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു. 1971 മുതൽ 73 വരെ മലയാളനാട് വാരികയുടെ പത്രാധിപ സമിതിയിൽ ജോലി ചെയ്തു.
നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാൽപതിലധികം കൃതികൾ ജോർജ്ജ് വർഗീസ് കാക്കനാടൻ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളാണെന്ന് പറയാം. 1980 -ൽ ജാപ്പാണം പുകയില എന്ന ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും, 'ഒറോത' എന്ന നോവലിന് 1984 -ൽ കേരളസാഹിത്യ അക്കാദമി അവാർഡും1986 -ൽ ഉഷ്ണമേഖലക്ക് മികച്ച ചെറുകഥക്കുള്ള പുരസ്കാരവും ലഭിച്ചു.
2008 -ൽ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി കാക്കനാടനെ ആദരിക്കുകയുണ്ടായി. ആ വർഷം തന്നെ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരത്തിനും അദ്ദേഹം അർഹനായി. കൂടാതെ വിശ്വദീപം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായിട്ടുണ്ട്. 2003 -ൽ മികച്ച നോവലിനും ചെറുകഥക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2005 -ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
കാക്കനാടന്റെ കഥകൾ സിനിമകളായിട്ടുണ്ട്. കാക്കനാടന്റെ വെളിച്ചം അകലെ എന്ന കഥയാണ് ആദ്യം സിനിമയായി ഇറങ്ങിയത്, ക്രോസ്ബെൽറ്റ് മണിയായിരുന്നു സംവിധായകൻ. കാക്കനാടന്റെ പറങ്കിമല എന്ന നോവൽ അതേ പേരിൽ തന്നെ ഭരതന്റെ സംവിധാനത്തിൽ സിനിമയായി ഇറങ്ങിയിട്ടുണ്ട്. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ഓണപ്പുടവ, കമൽ സംവിധാനം ചെയ്ത ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് എന്നീ സിനിമകൾ ഉൾപ്പെടെ പത്ത് സിനിമകൾ കാക്കനാടന്റെ കഥകൾക്ക് ചലച്ചിത്രഭാഷ്യം കൊടുത്തവയാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 2011 -ൽ അദ്ദേഹം അന്തരിച്ചു.
കാക്കനാടന്റെ ഭാര്യ അമ്മിണി. മക്കൾ രാധ, രാജൻ, ഋഷി.