ഹരീഷ് ഉത്തമൻ
1982 ഏപ്രിൽ 5 -ന് കോയമ്പത്തൂരിലെ ഒരു മലയാളി കുടുംബത്തിൽ ജനിച്ചു. കണ്ണൂർ തലശ്ശേരിയാണ് സ്വദേശം. ഉത്തമൻ, വസന്ത എന്നിവർ മാതാപിതാക്കൾ. കോയമ്പത്തൂരിലെ രുഗ്മിണി കണ്ണൻ വിദ്യാലയ ഹയർ സെക്കന്ററി സ്കൂൾ, ഡോ. ജി ആർ ഡി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തിനുശേഷം ഹരീഷ് ഉത്തമൻ പാരമൗണ്ട് എയർവേയ്സിൽ കാബിൻക്രുവായി ജോലിയിൽ പ്രവേശിച്ചു. അക്കാലത്ത് മോഡലിംഗിലും സാന്നിധ്യമറിയിച്ചിരുന്നു. പാരമൗണ്ട് എയർവെയ്സിൽ മൂന്ന് വർഷത്തെ സേവനത്തിനുശേഷം ബ്രിട്ടിഷ് എയർവെയ്സിൽ ജോലി ചെയ്യവേയാണ് 2010 ൽ R K സൂര്യ പ്രഭാകർ സംവിധാനം ചെയ്ത Tha എന്ന തമിഴ്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ട് സിനിമയിലെത്തുന്നത്. ഈ ചിത്രം 2011ലെ നോർവേ, തമിഴ് ഫിലിം ഫെസ്റ്റിവലിൽ (NTFF) പ്രദർശിപ്പിക്കപ്പെടുകയും മികച്ച പുതുമുഖത്തിനുള്ള അവാർഡിന് ഹരീഷ് തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. തുടർന്ന് രണ്ടു വർഷത്തിനു ശേഷം ഗൗരവം എന്ന തമിഴ്-തെലുങ്ക് ഭാഷകളിലായിറങ്ങിയ ചിത്രത്തിലും അഭിനയിച്ച ഇദ്ദേഹം, 2013 ൽ റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിലിറങ്ങിയ മുംബൈ പോലീസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. തുടർന്ന് മായാനദി, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി, കാസിമിന്റെ കടൽ ,ഭീഷ്മപർവ്വം എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു. Pisasu, Thani Oruvan, Thodari, Kavacham, Naa Peru Surya, Naa Illu India, Vinaya Vidheya Rama എന്നിവയുൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലുമായി അൻപതിലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള ഹരീഷ് Kalaivu, Azh Kadal തുടങ്ങിയ തമിഴ് ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
മേക്കപ്പ് ആർട്ടിസ്റ്റായ അമൃത കല്യാൺപൂർ ആയിരുന്നു ഹരീഷ് ഉത്തമന്റെ ഭാര്യ. 2019 ൽ ഈ ബന്ധം വേർപിരിഞ്ഞതിനെത്തുടർന്ന് 2022 ൽ ചലച്ചിത്ര നടി ചിന്നു കുരുവിളയെ വിവാഹം ചെയ്തു.