ദീപ കർത്ത

Deepa Kartha

ഏറണാംകുളം ജില്ലയിലെ കലൂരിൽ ജനിച്ച ദീപ കർത്ത പ്രശസ്ത കഥക് നർത്തകിയാണ്. രണ്ട് പതിറ്റാണ്ട് ഭരതനാട്യവും ഒരു പതിറ്റാണ്ട് മോഹിനിയാട്ടവും മൂന്നുവർഷം കഥകളിയും അഭ്യസിച്ചതിനുശേഷമാണ് ദീപ കഥക് നൃത്തം പഠിയ്ക്കുന്നത്. ഭാരതീദാസൻ സർവ്വകലാശാലയിൽ നിന്നും ഭരത നാട്യത്തിൽ മാസ്റ്റർ ബിരുദം എടുത്ത ദീപ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കൊറിയോഗ്രഫി ചെയ്ത് തന്റെ സംവിധാന വൈഭവം തെളിയിച്ചിട്ടുണ്ട്. ഇതിനുപുറമെ കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

 പ്രശസ്ത കഥക് നർത്തകനായ ബിർജു മഹാരാജിന്റെ വിഖ്യാത ശിഷ്യ പാർവതി ദത്തയായിരുന്നു ദീപയുടെ കഥക് ഗുരു. കേരളത്തിൽ ആദ്യമായി തനിച്ച് കഥക് നൃത്തം അവതരിപ്പിച്ച ഏക മലയാളി നർത്തകി ദീപ കർത്തയാണ്. കഥക് നൃത്തത്തെ വരവേൽക്കുവാനും വ്യാപരിപ്പിയ്ക്കുവാനും രംഗ സമ്പന്നമാക്കുവാനും അവർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കഥക് നൃത്തത്തിന്റെ കേരളത്തിലെ വളർത്തമ്മയാണ് ദീപ കർത്ത എന്നുപറയാം. ഇന്ത്യയിലെ പ്രശസ്തരായ കഥക് നർത്തകിമാരിലൊരാളായ ദീപ കൊച്ചിയിൽ പാലാരിവട്ടത്ത് രുദ്ര സ്ക്കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. 

കമൽ സംവിധാനം ചെയ്ത നടൻ, ടി വി ചന്ദ്രന്റെ മോഹവലയം എന്നീ സിനിമകളിൽ ദീപ നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര നടിമാരായ കാവ്യാമാധവനും അമലപോളും ദീപയുടെ ശിഷ്യ വൃന്ദത്തിൽ വരുന്നവരാണ്. കാമുകി എന്ന സിനിമയിലൂടെ ദീപ കർത്ത ചലച്ചിത്രാഭിനയരംഗത്തേയ്ക്കും പ്രവേശിച്ചു. തുടർന്ന് ഉണ്ട ഉൾപ്പെടെ മൂന്നു സിനിമകളിൽ കൂടി അഭിനയിച്ചിട്ടുണ്ട്.