സനൽ അമൻ

Sanal Aman
Date of Birth: 
തിങ്കൾ, 6 January, 1986

1986 ജനുവരി ആറിന് കണ്ണൂരിൽ ജനിച്ചു. മാതാപിതാക്കൾ: സതി​, അശോകൻ. ​ അഞ്ചാം ക്ലാസ് മുതൽ തന്നെ നാടകങ്ങളിലൊക്കെ അഭിനയിച്ച് തുടങ്ങിയിരുന്ന സനൽ കൊല്ലം എസ് എൻ കോളേജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരാബാദ് സർവകലാശാല, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങിലായി ​പഠനം പൂർത്തിയാക്കി. ഓഡീഷനിലൂടെയാണ് "അസ്തമയം വരെ" എന്ന ചിത്രത്തിൽ നായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ചിത്രവും അതിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടതോടെ ജിജു ആന്റണിയുടെ മറാത്തിയിലും മലയാളത്തിലുമായി റിലീസ് ചെയ്യപ്പെട്ട "ഏലി ഏലി ലമാ സബക്തനി" എന്ന ചിത്രത്തിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് റോസാപ്പൂക്കളം, ഡോണ്ട് വൈപ് യുവർ ടിയേഴ്സ് വിത് മൈ പിയാനോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.​ 2016ൽ ശാന്തി ബാലചന്ദ്രനുമായിച്ചേർന്ന് അഭിനയിച്ച നാടകം കൊച്ചിയിൽ അവതരിപ്പിച്ചത് കണ്ട്  സംവിധായകൻ മഹേഷ് ‌നാരായൺ തന്റെ മാലിക് എന്ന സിനിമയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. മാലിക്കിലെ സനലിന്റെ ഫ്രെഡ്ഡി എന്ന വേഷം ശ്രദ്ധേയമായി.

35 വയസുള്ള സനൽ മാലിക്കിലെ ഫ്രെഡ്ഡി എന്ന പതിനേഴു വയസുകാരന്റെ കഥാപാത്രത്തിനായി ‌ഏകദേശം ഒരുമാസക്കാലം യോഗ അഭ്യസിച്ച് ശരീരം ക്രമീകരിച്ചു. 

അമ്മ, അച്ഛൻ, അനിയൻ എന്നിവരടങ്ങുന്നതാണ് കുടുംബം.

സനലിന്റെ ഫേസ്ബ്ക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം പ്രൊഫൈൽ