അന്വേഷ ദത്ത
കുശാൽ ദത്ത ഗുപ്തയുടേയും മിതയുടേയും മകളായി കൊൽക്കൊത്തയിൽ ജനിച്ചു. കുട്ടിയായിരിക്കുമ്പോൾ തന്നെ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ ഒരു പ്രമുഖ വ്യക്തിത്വവും സംഗീതസംവിധായകനുമായ ശ്രീ ജയന്ത സർക്കാരിന് കീഴിൽ അന്വേഷ പരിശീലനം ആരംഭിച്ചു. ബംഗിയ സംഗീത പരിഷത്ത് പരീക്ഷയിൽ (2002–03 & 2003-04) ഹിന്ദുസ്ഥാനി വോക്കലിലും രബീന്ദ്ര സംഗീതത്തിലും ഡിസ്റ്റിംഗ്ഷനോടെ അന്വേഷ ഒന്നാം ഡിവിഷൻ നേടി. ടാഗോർ ഫൗണ്ടേഷൻ നൽകുന്ന രബീന്ദ്ര സംഗീതത്തിലെ ജുഗൽ ശ്രീമാൽ ടാലന്റ് സ്കോളർഷിപ്പ് നേടിയ ചുരുക്കം ചിലരിൽ ഒരാളായി അവർ മാറി.
കൽക്കട്ട സ്കൂൾ ഓഫ് മ്യൂസിക് സംഘടിപ്പിച്ച ഇന്ത്യൻ പോപ്പുലർ വോക്കൽ വിഭാഗത്തിൽ (ജൂനിയർ) "യംഗ് ടാലന്റ് കോണ്ടസ്റ്റ് - 2004" വിജയിയായിരുന്നു അന്വേഷ. ഒരു എൻജി ഒ ആയ സ്മൈൽ വേൾഡ് സംഘടിപ്പിച്ച 2006 -ലെ ഓൾ ബംഗാൾ (ഇന്റർ സ്കൂൾ) സംഗീത മത്സരത്തിലും വിജയിച്ചിട്ടുണ്ട്. അമുൽ സ്റ്റാർ വോയ്‌സ് ഓഫ് ഇന്ത്യ ഛോട്ടേ ഉസ്താദിൽ അന്വേഷ റണ്ണർ അപ്പ് കൂടിയായിരുന്നു. Khela എന്ന ബംഗാളി ചിത്രത്തിൽ "Ek Je Achhe Raja" എന്ന ഗാനം പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണിഗാനരംഗത്ത് അവർ തുടക്കം കുറിയ്ക്കുന്നത്. 2008 -ൽ Golmaal Returns എന്ന ബോളീവുഡ് മൂവിയിൽ പാടിയത് അന്വേഷയുടെ ജിവിതത്തിൽ വഴിത്തിരിവായി. തുടർന്ന് നിരവധി ഹിന്ദി സിനിമകളിൽ അവർ ഗാനങ്ങൾ ആലപിച്ചു.
2017 -ൽ തീരം എന്ന സിനിമയിൽ പാടിക്കൊണ്ട് മലയാളത്തിൽ എത്തിയ അന്വേഷ മഹാവീര്യർ, സോളമന്റെ തേനീച്ചകൾ എന്നീ സിനിമകളിലും ഗാനങ്ങൾ ആലപിച്ചു. ബംഗാളി, ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നഡ, ഗുജറാത്തി, മറാത്തി, രാജസ്ഥാനി, ഭോജ്പുരി, നേപ്പാളി.. എന്നിങ്ങനെ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകൾക്കു വേണ്ടിയും ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള അന്വേഷ നിരവധി ആൽബം സോംഗുകൾക്കും ജിംഗ്ല്സുകൾക്കും വരികൾ എഴുതുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്.


