വൈലോപ്പിള്ളി ശ്രീധരമേനോൻ

Vailoppilli Sreedhara Menon
Vailoppilli Sreedhara Menon വൈലോപ്പിള്ളി ശ്രീധരമേനോൻ
Date of Birth: 
Thursday, 11 May, 1911
Date of Death: 
Sunday, 22 December, 1985
എഴുതിയ ഗാനങ്ങൾ: 4
കഥ: 1

കവി, അദ്ധ്യാപകൻ

1911 ൽ എറണാകുളം ജില്ലയിലെ കലൂരിൽ ജനിച്ചു. ശാസ്ത്രബിരുദം നേടി 1931 മുതൽ  അദ്ധ്യപകനായി ജോലിനോക്കി. ശ്രീ എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങി. കവിത, നാടകം, ആത്മകഥ എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചു. കാച്ചിക്കുറുക്കിയ കവിതയെന്നാണു വൈലോപ്പിള്ളിക്കവിതകൾ അറിയപ്പെടുന്നത്.  മലയാള കവിതയിലെ യുഗപരിവർത്തനത്തിന് "ഹരി:ശ്രീ" കുറിച്ച കവിനാദങ്ങളിൽ "ശ്രീ" യാണദ്ദേഹമെന്നാണു ഡോ. എം ലീലാവതി അഭിപ്രായപ്പെട്ടത്. വൈലോപ്പിള്ളിക്കവിതകളിൽ ശാസ്ത്രബോധവും, ചരിത്രബോധവും, സൗന്ദര്യബോധവും ഒന്നുചേരുന്നു. 

പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. 1951 ലും 1959ലും മലയാളത്തെ പ്രതിനിധീകരിച്ചു ഡൽഹിയിൽ നടന്ന ഭാഷാ സമ്മേളനത്തിലും കവിസമ്മേളനത്തിലും പങ്കെടുത്തു. സാഹിത്യനിപുണൻ, സോവിയറ്റ്ലാന്റ് നെഹ്രു അവാർഡ്,  സാഹിത്യ അക്കാദമി അവാർഡുകൾ (കേന്ദ്ര/കേരള), വയലാർ അവാർഡ്, ആശാൻ പ്രൈസ്, എം പി പോൾ സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി. പ്രധാനാദ്ധ്യാപകനായി 1966ൽ വിരമിച്ചു. 1968-71 കാലത്തു കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. 

കന്നിക്കൊയ്ത്ത്, ശ്രീരേഖ, കുടിയൊഴിക്കൽ, ഓണപ്പാട്ടുകാർ, കുന്നിമണികൾ, വിത്തുംകൈക്കോട്ടും, ഋഷ്യശൃംഗനും അലക്സാണ്ടറും, കടൽകാക്കകൾ, കുരുവികൾ, കയ്പവല്ലരി, വിട, മകരക്കൊയ്ത്ത്, മിന്നാമിന്നി, പച്ചക്കുതിര, വൈലോപ്പിള്ളിക്കവിതകൾ, മുകുളമാല, കൃഷ്ണമൃഗങ്ങൾ, കാവ്യലോകസ്മരണകൾ, ചരിത്രത്തിലെ ചാരുദൃശ്യം, അന്തിമായുന്നു എന്നിവയാണു കൃതികൾ. 

സിനിമാബന്ധം:
ജി എസ് പണിക്കർ സംവിധാനം ചെയ്ത "സഹ്യന്റെ മകൻ" (1982) വൈലോപ്പിള്ളിയുടെ അതേ പേരിലുള്ള കവിതയെ ആസ്പദമാക്കിയായിരുന്നു.  കുട്ടികൾക്കുള്ള ആ വർഷത്തെ മികച്ച സിനിമയായി ഇതു തെരഞ്ഞെടുക്കപ്പെട്ടു. മാസ്റ്റർ സുരേഷിനു മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ (ഒപ്പം പടയോട്ടത്തിലെ അഭിനയത്തിനും) ലഭിച്ചു. ഇദ്ദേഹത്തിന്റെ "മാടത്തക്കിളി" എന്നുതുടങ്ങുന്ന പദ്യം "വജ്രം" എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. 

1985 ഡിസംബർ 22ന് അന്തരിച്ചു. 

അച്ഛൻ: ചേരാനെല്ലൂർ കൊച്ചുകുട്ടൻ കർത്താവ്
അമ്മ: വൈലോപ്പിള്ളിൽ കളപ്പുരയ്ക്കൽ നാണിക്കുട്ടിയമ്മ
ഭാര്യ: ഭാനുമതിയമ്മ
മക്കൾ: ഡോ ടി ശ്രീകുമാർ, ഡോ ടി വിജയകുമാർ

ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ.