തുമ്പൂർ ഷിബു
ആറടിയിലധികം ഉയരമുള്ളവരുടെ സംഘടനായ All Kerala Tallmen’s Associationന്റെയും Tallmen’s Force എന്ന ഗ്രൂപ്പിന്റേയും സ്ഥാപകനേതാവും അഭിനേതാവുമാണ് തുമ്പൂർ ഷിബു.
തൃശൂരിനടുത്ത് തുമ്പൂരിൽ പോൾസൺ-ഫിലോമിന ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായിരുന്നു ഷിബു. ഉയരക്കൂടുതൽ കാരണം കൂട്ടുകാരും നാട്ടുകാരും കളിയാക്കിയ ഷിബു എന്ന പയ്യൻ ജീവിതമാർഗ്ഗം തേടി മദിരാശിക്കുപോകുന്നു. അവിടെ അവന്റെ ഉയരം അവനു സഹായമായി. വിജയശാന്തിയും വിജയുമെല്ലാം പങ്കെടുക്കുന്ന സൂപ്പർ താര പരിപാടികളിൽ സുരക്ഷാജീവനക്കാരനായി ജോലി ചെയ്തു. പേരുപോലുമറിയാത്ത ചില തമിഴ് സിനിമകളിലെ സ്റ്റണ്ട് രംഗങ്ങളിൽ മുഖം കാണിക്കുകയും ചെയ്തു. അവിടെ ഉയരക്കൂടുതലുള്ളവരുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ അവർക്കായി ഒരു സംഘടനയുള്ളതിൽ ഭാഗമായി പ്രവർത്തിച്ചു. കേരളത്തിലും അങ്ങനെയൊന്നുണ്ടാക്കാൻ ചിലരോടെല്ലാം ആലോചിച്ചുറപ്പിച്ച് ഷിബു നാട്ടിലേക്ക് മടങ്ങി.
1999ൽ "All Kerala Tallmen’s Association” എന്ന സംഘടന രൂപീകരിച്ച് മുന്നോട്ടുപോയി.
ആയിടയ്ക്ക് ഏഷ്യാനെറ്റിൽ ശ്രീകണ്ഠൻ നായരുടെ "നമ്മൾ തമ്മിൽ" എന്ന പരിപാടിയിൽ ഉയരക്കുറവുള്ളവരും കൂടുതലുള്ളവരും ഇരു ചേരികളിലായി വരുന്ന ചർച്ച നടന്നു. ഇതു കണ്ട സംവിധായകൻ വിനയൻ തന്റെ പുതിയ സിനിമയായ "അത്ഭുതദ്വീപി"ൽ നരഭോജികളാവാൻ ഷിബുവിന്റെ നേതൃത്വത്തിലുള്ള 20 പേരെ ക്ഷണിച്ചു. ആ തീരുമാനമായിരുന്നു തുമ്പൂർ ഷിബുവിനും കൂട്ടുകാർക്കും മലയാള സിനിമയിലേയ്ക്കുള്ള ആദ്യ അവസരം.
തുടർന്ന് ചാലക്കുടിയിലെ 'അക്കര തിയറ്ററി'ൽ കുറേക്കാലം സെക്യൂരിറ്റി ജീവനക്കാരനായി. അക്കാലത്ത് പരിചയപ്പെട്ട കലാഭവൻ മണിയുടെ റക്കമെന്റേഷനിൽ വലിയ പ്രോഗ്രാമുകളിൽ ഗാർഡായി ജോലി കിട്ടി. "ക്രേസി ഗോപാലനി"ൽ ചെറിയ വേഷം കിട്ടുന്നതോടെ രണ്ടാം വട്ടവും ഷിബു സിനിമയിൽ മുഖം കാണിച്ചു. 2008ൽ കലാഭവൻ മണി നേരിട്ട് വിളിച്ച് "കബഡി കബഡി" എന്ന സിനിമയിൽ ജയിൽപ്പുള്ളിയുടെ വേഷം നൽകി. 2009ൽ "ഗുലുമാൽ" എന്ന സിനിമയിൽ കുഞ്ഞൂട്ടനായി. 2013ൽ "ക്ലൈമാക്സ്" എന്ന സിനിമയിലും 2014ൽ കലാഭവൻ മണി അഭിനയിച്ച 3D ചിത്രമായ "മായാപുരി"യിലും ചെറിയ വേഷങ്ങൾ ചെയ്തു. "കായംകുളം കൊച്ചുണ്ണി", "പറയിപെറ്റ പന്തിരുകുലം" എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.
2021ൽ പൃഥ്വിരാജിന്റെ ക്ഷണിച്ചിട്ട് സംഘാംഗങ്ങളായ ഡയ്സൺ കുറ്റിക്കാട്, ആന്റണി ചവറ,നിഷാദ് മലപ്പുറം എന്നിവരോടൊപ്പം ഹൈദരാബാദിനു പുറപ്പെട്ടു. "ബ്രോ ഡാഡി"യുടെ സെറ്റിലെത്തിക്കഴിഞ്ഞ് ഒറ്റ ദിവസം കൊണ്ട് ബാൻഡ് മേളക്കാരുടെ നല്ല നാലു പളപളപ്പൻ കുപ്പായങ്ങൾ കിട്ടി. അങ്ങനെ ഉയരം അനുഗ്രഹമായ ഷിബുവും കൂട്ടുകാരും വീണ്ടും വെള്ളിത്തിരയിൽ. സൗബിന്റെ ഓർഡറിൽ കടന്നുവന്ന് സല്യൂട്ടടിച്ചും പനിനീരു തളിച്ചും കടന്നുപോകുന്നു. "അത്ഭുതദ്വീപ്" കണ്ടിട്ടുള്ളവർ ഇന്നും ആ ഓർമ്മയിൽ ചോദിക്കും:"ഇത് അയാളല്ലേ?!"
അതേ. ഇത് അയാൾ തന്നെയാണ്. "പൊക്കമുള്ളതാണെന്റെ പൊക്കം" എന്ന് ആത്മവിശ്വാസത്തോടെ പറയുകയും കുട്ടിക്കാലത്തെ കളിയാക്കലുകൾക്ക് ഇത്തരം ചെറു വിജയങ്ങളിലൂടെ മറുപടി നൽകുകയും ചെയ്യുന്ന തുമ്പൂർ ഷിബു.