ശ്രീവിജയ
ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയാണ് വിജയലക്ഷ്മി എന്ന ശ്രീവിജയ. കെ.പി.എ.സി, സൂര്യ സോമ, വൈക്കം മാളവിക തുടങ്ങി നിരവധി നാടക ട്രൂപ്പുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തുകൊണ്ടായിരുന്നു ശ്രീവിജയയുടെ തുടക്കം. 1978 -ൽ ആനപ്പാച്ചൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ശ്രീവിജയ ചലച്ചിത്രാഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ഗാന്ധർവ്വം, ആട്ടക്കലാശം എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ നിരവധി സീരിയലുകളിലും അഭിനയിച്ചു.
കെ.പി.എ.സിയുടെ കൊയ്ത്തുപാട്ടെന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ള ശ്രീവിജയയെ തേടി 2009 -ൽ സംഗീത നാടക അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ (സവാക്ക്) മുൻ വനിത സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്രീവിജയ 2023 ഫെബ്രുവരിയിൽ അന്തരിച്ചു.