എസ് കെ പൊറ്റക്കാട്
അദ്ധ്യാപകനായിരുന്ന കുഞ്ഞിരാമന്റേയും കിട്ടൂലിയുടേയും മകനായി കോഴിക്കോട് ജനിച്കു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും ഇന്റമീഡിയറ്റ് പരീക്ഷ പാസായതിനുശേഷം കാലിക്കറ്റ് ഗുജറാത്തി സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ ചേർന്നു. മൂന്ന് വർഷത്തിന് ശേഷം തൃപുര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ വേണ്ടി ജോലി രാജി വെച്ചു. പിന്നീട് ബോംബയിലെത്തിയ അദ്ദേഹം വിവിധ ജോലികളില്‍ കുറെക്കാലം ഏര്‍പ്പെട്ടു. കാശ്മീരിലും മറ്റിടങ്ങളിലും യാത്രകള്‍ ചെയ്തു.
1945 -ൽ പൊറ്റെക്കാട് കേരളത്തിൽ മടങ്ങിയെത്തി. യാത്രകളിൽ വലിയ താത്പര്യമുണ്ടായിരുന്ന അദ്ദേഹം 1945 -മുതൽ ലോക പര്യടനം ആരംഭിച്ചു. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലും എത്രയോ തവണ സഞ്ചരിക്കുകയും അവിടത്തെ സാമാന്യ ജനങ്ങളുമായി ഇടപെടുകയും ചെയ്തു. നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ് എന്നിവ ഈ യാത്രകളുടെ ഫലമായി മലയാള ഭാഷയ്ക്ക് എസ്.കെ.പൊറ്റെക്കാടിൽ നിന്നും ലഭിച്ച ഈടുറ്റ സഞ്ചാര സാഹിത്യങ്ങളാണ്. സഞ്ചാരകൃതികള്‍ക്കു പുറമേ നോവലുകള്‍, ചെറുകഥാ സമാഹാരങ്ങള്‍, കാവ്യസമഹാരങ്ങള്‍, നാടകങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്താല്‍ അറുപതോളം കൃതികള്‍ പൊറ്റക്കാട്ടിന്റെ തൂലിക ഭാഷയ്ക്കു സമ്മാനിച്ചിട്ടുണ്ട്.1963 -ൽ മൂടുപടം എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് എസ് കെ പൊറ്റെക്കാട് ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് നാടൻ പ്രേമം, പുള്ളിമാൻ, കടവ് എന്നിവയുൾപ്പെടെ എട്ട് സിനിമകളുടെ കഥകൾ പൊറ്റെക്കാടിന്റെ രചനകളായിരുന്നു.
പൊറ്റെക്കാടിന്റെ നോവലുകളായ ഒരു തെരുവിന്റെ കഥ 1961 -ലേയും, ഒരു ദേശത്തിന്റെ കഥ 1972 -ലേയും കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അർഹമായി. ഒരു ദേശത്തിന്റെ കഥയ്ക്ക് 1977 -ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1980 -ൽ ഭാരതീയ സാഹിത്യ മേഖലയിലെ പരമോന്നത പുരസ്ക്കാരമായ ജ്ഞ്യാന പീഠത്തിന് അദ്ദേഹം അർഹനായി. തന്റെ യാത്രാനുഭവങ്ങളെ തികഞ്ഞ കലാ മൂല്യമുള്ള സാഹിത്യ കൃതികളാക്കി മാറ്റിയ എസ് കെ പൊറ്റെക്കാട് 1982 ആഗസ്റ്റിൽ അന്തരിച്ചു.