ശിവമണി
കൊട്ടു വിദ്വാൻ എസ്.എം. ആനന്ദിന്റെയും ലക്ഷ്മിയുടെയും മകനായി തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ച ആനന്ദൻ ശിവമണി ഏഴാം വയസ്സുമുതൽ താള വാദ്യങ്ങൾ അഭ്യസിക്കാൻ തുടങ്ങിയിരുന്നു. പതിനൊന്നാം വയസ്സിൽ സംഗീത ജീവിതം തുടങ്ങിയ ശിവമണി പിന്നീട് മുംബൈയിലേക്ക് പോയി. അദ്ദേഹത്തിന്റെ ആദ്യകാലത്തെ സംഗീത പരിചയങ്ങൾ കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ പോലുള്ള സംഗീതപ്രതിഭകൾക്ക് ഒപ്പമായിരുന്നു. തബല വിദഗ്‌ദ്ധൻ സക്കീർ ഹുസൈൻ, ലൂയിസ് ബാങ്ക്സ്, എ.ആർ. റഹ്‌മാൻ ഉൾപ്പെടെയുള്ള പ്രഗത്ഭരുമായി ചേർന്ന് അദ്ദേഹം പരിപാടി നടത്തിയിട്ടുണ്ട്.
'ഏഷ്യ് ഇലക്‌ട്രിക്' എന്ന പേരിൽ ഒരു സംഗീത ബാന്റ് നടത്തുന്ന ശിവമണി 'റോജ', 'രംഗ് ദെ ബസന്തി' ,'താൽ' ,'ലഗാൻ', 'ദിൽസെ' ,'ഗുരു' ,കാബൂൾ എക്സ്പ്രസ്സ് തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളിൽ ഡ്രം വായിച്ചിട്ടുണ്ട് കാതൽ റോജാവെ, പുതു വെള്ളൈ മലൈ, ചയ്യ ചയ്യ തുടങ്ങിയ പാട്ടുകളിലെ സംഗീതത്തിലും അദ്ദേഹത്തിന്റെ സംഭാവനയുണ്ട്. മലയാളത്തിൽ പുനരധിവാസം എന്ന ചിത്രത്തിലെ അഞ്ച് ഗാനങ്ങൾക്ക് ലൂയിസ് ബാങ്ക്സിനോടൊപ്പം ചേർന്ന് ശിവമണി സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. പിയാനിസ്റ്റ് എന്ന സിനിമയിൽ ശിവമണി അതിഥി താരമായി അഭിനയിച്ചിരുന്നു. ബറോസ് എന്ന ചിത്രത്തിൽ റിഥം വായിച്ചതും അദ്ദേഹമായിരുന്നു.
ശിവമണിയുടെ ഭാര്യ ഹിന്ദി പിന്നണി ഗായികയായ റൂണ റിസ്‌വി. ഇവർക്ക് ഒരു മകളുണ്ട്. ശിവമണിയുടെ ആദ്യ ഭാര്യ ക്രഷാനി. ഈ ബന്ധത്തിൽ ചലച്ചിത്ര പിന്നണി ഗായകൻ കുമാരൻ ശിവമണി, വർഷിക എന്നീ രണ്ട് കുട്ടികളുണ്ട്.