ശ്യാം മേനോൻ

Shyam Menon
ശ്യാം ശ്രീകുമാർ
കഥ: 1
സംഭാഷണം: 3
തിരക്കഥ: 3

പാലക്കാട് സ്വദേശിയായ ശ്യാം 1980 ഏപ്രിൽ 18ന് എം ശ്രീകുമാറിന്റെയും സുമ ശ്രീകുമാറിന്റെയും മകനായി ബാംഗ്ലൂർ  ജനിച്ചു. പാലക്കാട് ഭാരത്‌മാതാ സ്കൂളിലും  ചിറ്റൂർ ഗവണ്മെന്റ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ബാംഗ്ലൂർ  ATDCയിൽ അപ്പാരൽ മാനുഫാക്ച്വറിംഗ് ടെക്നോളജിയിൽ ഡിപ്ലോമ ചെയ്തു. ഇതോടൊപ്പം ഗ്രാഫിക് ഡിസൈനിംഗ് - മൾട്ടിമീഡിയ ഹ്രസ്വകാല ഡിപ്ലോമയും കരസ്ഥമാക്കി. കുറെക്കാലം ബാംഗ്ലൂരിൽ ഒരു ഡിസൈൻ കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് 2008 ൽ ജോലി രാജി വച്ച് കേരളത്തിലേക്ക് വന്ന ശ്യാം തിരുവനന്തപുരത്തൊരു സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു. ഈ കാലയളവിൽ മംഗളത്തിൽ സ്ഥിരമായി ചെറുകഥകളെഴുതിയിരുന്നു.

തിരുവനന്തപുരത്തെ ജോലിക്കിടയിൽ സിനിമാ താരം അനൂപ് മേനോനെ പരിചയപ്പെടുന്നതാണ് മലയാള സിനിമയിലേക്കുള്ള ശ്യാമിന്റെ വഴി തുറക്കുന്നത്. ഏകദേശം ഒന്നരവർഷക്കാലം അനൂപിന്റെ തിരക്കഥകൾക്ക് സ്ക്രിപ്റ്റ് അസിസ്റ്റന്റായി സഹകരിച്ചു. ഡബിൾഡെക്കർ എന്ന പേരിൽ തുടങ്ങി പിന്നെ ട്രിവാൻഡ്രം ലോഡ്ജ് എന്ന് പരിണമിച്ച സിനിമ, ബോംബെ ഡ്രീംസ് എന്ന് തുടങ്ങി ആംഗ്രിബേബീസായി മാറിയ സിനിമ, എന്നിവയിലൊക്കെ തിരക്കഥാരചനയിൽ അനൂപ് മേനോനുമായി സഹകരിക്കാൻ കഴിഞ്ഞത് പിന്നീട് ശ്യാമിന് സ്വന്തമായി ഒരു തിരക്കഥ രചിക്കുവാൻ  സഹായകമായി. "ബട്ടർഫ്ലൈ ഓൺ എ‌ വീൽ" എന്ന കനേഡിയൻ സിനിമയുടെ ചുവടുപിടിച്ച് മലയാളത്തിൽ ഒരു തിരക്കഥ തയ്യാറാക്കാൻ അനൂപ് മേനോൻ ശ്യാമിനോട് നിർദ്ദേശിക്കുകയും, അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് അനൂപ് മേനോനും ജയസൂര്യയും സംവൃതാ സുനിലുമൊക്കെ പ്രധാന വേഷത്തിൽ അഭിനയിച്ച് അത് "കോക്ടെയിൽ" എന്ന സിനിമയായി മാറുമ്പോൾ സ്വതന്ത്ര തിരക്കഥാകൃത്തായി ശ്യാമതിൽ തുടക്കമിടുകയുമായിരുന്നു. കോക്ടെയിൽ ഹിറ്റായതോടെ മൂന്ന് വർഷത്തിനുള്ളിൽ ബാംഗിൾസ് എന്നൊരു സിനിമക്ക് തിരക്കഥ എഴുതിയെങ്കിലും ആ ചിത്രം സാമ്പത്തികമായി വിജയിച്ചില്ല. പിന്നീട് മമ്മൂട്ടി നായകനായി പുറത്തു വന്ന ദി പ്രീസ്റ്റ് എന്ന ചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടു.

നിലവിൽ ഫോർവേഡ് സ്ലാഷ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്റ്ററായി ജോലി നോക്കുന്ന ശ്യാം ശ്രീകുമാറെന്ന ശ്യാം മേനോൻ, ഭാര്യ രജനി മേനോൻ , മകൻ വ്യോം എന്നിവരൊപ്പം കൊച്ചിയിൽ താമസിക്കുന്നു.

ശ്യാമിന്റെ ഇമെയിൽ ഇവിടെ | ഫേസ്ബുക്ക് പ്രൊഫൈലിവിടെ