ഷഹീറാ നസീർ

Shaheera Nazeer
Date of Birth: 
തിങ്കൾ, 21 August, 1978
ഷഹീറ നസീർ
എഴുതിയ ഗാനങ്ങൾ: 7
ആലപിച്ച ഗാനങ്ങൾ: 1

പരേതനായ  എം താജുദ്ദീൻ കുഞ്ഞിന്റേയും ( കെ എസ് ആർ ടി സി റിട്ടയേർഡ് ഉദ്യോഗസ്ഥൻ) സഫിയത്തിന്റേയും മകളായി കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജനിച്ചു. വയനകം എച്ച് എസ് സ്കൂളിലായിരുന്നു ഷഹീറായുടെ പ്രാഥമിക വിദ്യാഭ്യാസം. കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ ചരിത്രത്തിൽ ബിരുദം, മലയാള സാഹിത്യത്യത്തിൽ ബിരുദാനന്തര ബിരുദം എന്നിവ നേടി. അതിനുശേഷം കുന്നം കേരള യൂണിവേഴ്സിറ്റി സെന്ററിൽ നിന്നും ബി.എഡ്ഡ് കഴിഞ്ഞു.

മ്യൂസിക് ആൽബങ്ങളിലൂടെയാണ് ഷഹീറാ ഗാനരചന രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. മുരളി അപ്പാടത്തിന്റെ സംഗീത സംവിധാനത്തിൽ "നിഴലും കിളിയും.. എന്ന ഗാനം എഴുതിക്കൊണ്ടായിരുന്നു തുടക്കം. തുടർന്ന് ചലച്ചിത്ര ഗാനമേഖലയിലേക്ക് പ്രവേശിച്ച ഷഹീറ ചങ്ങായി എന്ന സിനിമയ്ക്കു വേണ്ടി മോഹൻ സിത്താരയുടെ സംഗീതത്തിലാണ് ആദ്യമായി പാട്ടുകൾ എഴുതിയത്. തുടർന്ന് ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതത്തിൽ ക്യാബിൻ, ജൂനിയർ മെഹബൂബിന്റെ സംഗീതത്തിൽ ജാക്കി ഷെരീഫ്, ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതത്തിൽ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി, നിഖിൽ മോഹന്റെ  സംഗീതത്തിൽ സ്വച്ഛന്ദമൃത്യു. എന്നീ സിനിമകളുൾപ്പടെ പത്ത് സിനിമകൾക്ക് ഷഹീറ നസീർ ഗാനരചന നിർവഹിച്ചിട്ടുണ്ട്. സിനിമാ ഗാനങ്ങൾക്ക് പുറമെ നിരവധി ആൽബങ്ങൾക്ക് വേണ്ടിയും പാട്ടുകൾ എഴുതി.

കഥ, കവിതാ സമാഹാരങ്ങളായി നാലു പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഷഹീറാ കേരള ബാലസാഹിത്യ വകുപ്പിൻ്റെ ആദരവ്, സൗദി വുമൻസ് എക്സലൻ്റ് അവാർഡ്, മലയാളം ന്യൂസ് ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരം തുടങ്ങി മുപ്പതിലധികം പുരസ്കാരങ്ങൾക്ക് അർഹയായി. 2017 -ൽ മലയാള ഭാഷയിൽ 100 % വിജയം വരിച്ച കുട്ടികളെ പഠിപ്പിച്ച അധ്യാപികയ്ക്കുള്ള പ്രശംസാ പത്രം കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായ സ്മൃതി ഇറാനിയിൽ നിന്നും ലഭിച്ചിട്ടുണ് സിനിമ പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലും ദേശീയ തലത്തിൽ IPRS ലും ഷഹീറാ അംഗവുമാണ്. ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗൺസിലറും, യൂണിവേഴ്സിറ്റി കണ്ടന്റ് റൈറ്ററുമായി പ്രവർത്തിക്കുന്ന ഷഹീറാ സൗദിയിലെ അൽ ജനൂബ് ഇന്റർ നാഷണൽ സ്കൂളിലെ മലയാളം ഡിപ്പാർട്ട്മെൻറ് head & Teacher ഹെഡ് & ടീച്ചറാണ്. കേരള സാഹിത്യ അക്കാദമിയുടെ  ഇൻറർ നാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ(2023 - 2024) ഷഹീറ അതിഥിയായി 
പങ്കെടുത്തിരുന്നു.

ഷഹീറായുടെ ഭർത്താവ് - നസീർ അബ്ദുൾ ഖാദർ. മക്കൾ: നസ്റിൻ നസീർ, സൽമാൻ നസീർ.