സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

Sebastian Kunjukunju Bhagavathar
Sebastian Kunjukunju Bhagavathar-Actor
Date of Birth: 
Saturday, 9 February, 1901
Date of Death: 
Saturday, 19 January, 1985
ആലപിച്ച ഗാനങ്ങൾ: 6

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കാഞ്ഞിരം ചിറയിൽ പോളയിൽ വിൻസന്റ് മാർഗരിറ്റ ദമ്പതികളുടെ മകനായി 1901 ഫ്രെബ്രുവരി 9തിന് ജനനം. ആലപ്പുഴ ലിയോ XIIIസ്കൂൾ,  എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ എന്നിവയിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. ലിയോ തേർട്ടീന്ത് സ്കൂളിൽ വച്ച് ഹാർമ്മോണിയം അഭ്യസിക്കുകയും ഒൻപതാം തരത്തിൽ പരാജയപ്പെട്ടതിനേത്തുർന്ന് സെന്റ് ആൽബർട്സിൽ എത്തിയ സെബാസ്റ്റ്യൻ എറണാകുളത്ത് അരങ്ങേറിയിരുന്ന തമിഴ് സംഗീത നാടകങ്ങളിൽ ആകർഷിതനായി പിന്നീട് അതിൽ അംഗമാവുകയും തമിഴ് നാട്ടിലുടനീളം നാടകം അവതരിപ്പിക്കുകയും ചെയ്തു.

നാട്ടിലേക്ക് തിരിച്ചെത്തിയ സെബാസ്റ്റ്യൻ 1923ൽ മേരിക്കുട്ടിയെ വിവാഹം ചെയ്യുകയും ഭാര്യയുടെ പ്രോത്സാഹനത്തോടെ നാടക ജീവിതത്തിലേക്ക് കൂടുതൽ ഇറങ്ങി. മലയാളത്തിലേക്ക് വിവർത്തനം ചെയ്ത “ജ്ഞാനസുന്ദരി” എന്ന തമിഴ് നാടകത്തിലാണ് സെബാസ്റ്റ്യൻ ആദ്യമായി നായക വേഷം കെട്ടുന്നത്.  1929ൽ മിൽട്ടന്റെ പാരഡൈസ് ലോസ്റ്റ് എന്ന കവിത "പറുദീസാ നഷ്ടം" എന്ന നാടകമായപ്പോൾ ആദത്തിന്റെ റോളിൽ സെബാസ്റ്റ്യനും ഹവ്വയായി സ്ത്രീനാടകവേഷം കെട്ടിയാടി പ്രശസ്തി നേടിയ ഓച്ചിറ വേലുക്കുട്ടി നായരും എത്തി. ഈ ജോഡി ഹിറ്റായി മാറിയതിനേത്തുടർന്ന് “ സത്യവാൻ സാവിത്രി, അല്ലി അർജ്ജുന, കോവലൻ ചരിത്രം, നല്ലതങ്ക, ഹരിശ്ചന്ദ്ര” തുടങ്ങിയ നാടകങ്ങൾ കളിച്ച് കേരളത്തിലങ്ങോളമിങ്ങോളം പ്രശസ്തരായി.  “കൈരളി കലാകുസുമം” എന്ന പേരിൽ സ്വന്തമായി ഒരു നാടകക്കമ്പനിയും സെബാസ്റ്റ്യൻ ആരംഭിച്ചുവെങ്കിലും ചില നാടകങ്ങൾ പരാജയപ്പെട്ടതോടെ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.

ആദ്യ ശബ്ദ മലയാള സിനിമയുടെ പിന്നണിയിലും മുന്നണിയിലുമുണ്ടായിരുന്ന സഹോദരൻ ആലപ്പി വിൻസന്റ് വഴിയാണ് സെബാസ്റ്റ്യൻ കുഞ്ഞ് ഭാഗവതരുടെ സിനിമാ പ്രവേശം. ബാലനു ശേഷം മലയാളത്തിലെ രണ്ടാമത്തെ ശബ്ദ സിനിമ നിർമ്മിക്കാൻ തമിഴ്നാട്ടിൽ നിന്നും നിർമ്മാതാവ് അണ്ണാമലച്ചെട്ടിയാർ നൊട്ടാണിയെ സംവിധായകനായി നിയമിക്കുകയും നൊട്ടാണി വഴി ആലപ്പി വിൻസന്റ് സിനിമയുടെ പിന്നണിയിലെത്തുകയുമായിരുന്നു. മലയാള ചിത്രമായതിനാൽ വിൻസന്റ് വഴി തന്നെ സിനിമയുടെ നടീ നടന്മാരെയും കഥാകൃത്ത്, ഗാനരചയിതാവ് എന്നിവരെ കണ്ടെത്തുവാനുള്ള നിർദ്ദേശത്തിന് വിൻസന്റ്  തന്റെ സഹോദരനും പ്രസിദ്ധ നാടകനടനും ഗായകനുമായ സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് ഭാഗവതരെ നായകനും ബാലനിലെ നായികയായിരുന്ന എം കെ കമലത്തെ നായികയായി കാസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ കമലത്തിന്റെ കുടുംബത്തിന്റെ ചില ദുർവ്വാശികൾ നിമിത്തം കമലത്തിനു പകരം സി കെ രാജം എന്ന നടിയാണ് സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് ഭാഗവതരോടൊപ്പം നായികയായി അഭിനയിച്ചത്. സിനിമയിലെ ചില ഗാനങ്ങൾ ആലപിച്ചതും ഗായകനും നടനുമായിരുന്ന സെബാസ്റ്റ്യൻ തന്നെയായിരുന്നു. മലയാളത്തിലെ ആദ്യകാല സൂപ്പർഹിറ്റ് ചിത്രമായ ജീവിത നൗകയിൽ സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് ഭാഗവതരോടൊപ്പം മകൾ പുഷ്പയും പാടി.

മലയാള സിനിമകളിലും സംഗീതനാടക ലോകത്തും സജീവമായിരുന്ന ഭാഗവതർ 1962ൽ ഭാര്യയുടെ മരണത്തെത്തുടർന്ന് അരങ്ങിൽ നിന്ന് പിന്മാറി. 82ൽ ഷെവലിയാർ ബഹുമതി ലഭിച്ച കുഞ്ഞ് കുഞ്ഞ് ഭാഗവതർ 1985 ജനുവരി 19തിന് മരണമടഞ്ഞു.

അവലംബങ്ങൾ : ഹിന്ദു ആർട്ടിക്കിൾ  , ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മലയാള സിനിമ ചരിത്രം വിചിത്രം എന്ന പുസ്തകം.