റിസൻ എം ആർ

Rison M R

സംഗീതജ്ഞനായ പിതാവിൻ്റെ (റാഫേൽ മുറ്റിച്ചുക്കാരൻ) ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. പിന്നീട് അയൽവാസിയും ദേവരാജൻ മാസ്റ്ററുടെ വയലിനിസ്റ്റുമായ കെ കെ പോൾ മാസ്റ്ററുടെ കീഴിൽ പാശ്ചാത്യസംഗീതം ഫ്ലൂട്ടിൽ പഠിച്ചു. ശേഷം മുംബൈയിൽ പ്രകാശ് ചിട്ണിസ് എന്ന സംഗീതജ്ഞൻ്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. പാലപുരം പാപ്പ എന്ന സംഗീതജ്ഞനിൽ നിന്നും കർണ്ണാടിക്ക് സംഗീതം പഠിച്ചു.

ഇരുപത്തിയൊൻപത് വർഷമായി സ്റ്റുഡിയോ റിക്കോർഡിംഗുകളിലും ലൈവ് പ്രോഗ്രാമുകളിലും പ്രവർത്തിച്ചു വരുന്നു. ഇരുപത്തിനാലാം വയസ്സിൽ യേശുദാസിൻ്റെ ഗാനമേള ട്രൂപ്പിൽ 10 വർഷത്തോളം പ്രവർത്തിച്ചു. വിവിധ ഭാഷകളിലായി 850 സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. മ്യൂസിക് ആൽബങ്ങളിലും സിനിമകളിലുമായി 23000 ത്തോളം ഗാനങ്ങൾക്ക് പുല്ലാങ്കുഴൽ വായിച്ചിട്ടുണ്ട്.

ലോകത്തിലെ തന്നെ ഒന്നാം നിരയിൽ നിൽക്കുന്ന ലണ്ടൻ റോയൽ ആൽബർട്ടോ ഹാളിൽ യേശുദാസ്, എസ് പി ബാലസുബ്രമണ്യം, കെ എസ് ചിത്ര എന്നിവർ ഒരുമിച്ചു ചെയ്ത ത്രിവേണി സംഗമം എന്ന പ്രോഗ്രാമിൽ അംഗമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി കെ എസ് ചിത്രയുടെ ലൈവ് പ്രോഗ്രാമുകളിൽ പ്രവർത്തിച്ചു വരുന്നു. 

സംഗീതസൃഷ്ടിയുടെ ആദ്യസ്വരങ്ങളായ രിസനി എന്ന മൂന്ന് സ്വരസ്ഥാനങ്ങളെ ഓർമ്മിപ്പിക്കുന്ന പേരാണു റിസൻ എന്ന് പ്രശസ്ത ഗായിക വാണി ജയറാം ഒരിക്കൽ പറയുകയുണ്ടായി.