റെക്സ് ഐസക്സ്

Rex Issacs

കൊച്ചി സ്വദേശി. വയലിൻ സംഗീതജ്ഞനായിരുന്ന ജോ ഐസക്സും പാട്ടുകാരിയായിരുന്ന എമിൽഡായൂമാണ് റെക്സിന്റെ മാതാപിതാക്കൾ. പത്ത് മക്കളിൽ രണ്ടാമനായാണ് റെക്സ് ജനിക്കുന്നത്. പിതാവും അദ്ദേഹത്തിന്റെ കൂട്ടുകാരനായിരുന്ന ആൽഫി (ആൽഫ്രഡ് ഡിസൂസ)യും ചേർന്ന് വീടിന്റെ പൂമുഖത്ത് സ്ഥിരമായി നടത്തിയിരുന്ന വയലിൻ വാദനമാണ് സംഗീതരംഗത്തേക്ക് റെക്സിനേയും ജേഷ്ഠൻ എമിലിനേയും ആകർഷിച്ചതെങ്കിലും സംഗീതരംഗത്തേക്ക് മക്കൾ വരുന്നത് താല്പര്യമില്ലാതിരുന്ന പിതാവ് അവരുടെ സംഗീത പഠനം പ്രോത്സാഹിപ്പിച്ചിരുന്നില്ല. അച്ഛമ്മയായ മോണിക്കയാണ് പിന്നീട് വയലിന്റെ ബാലപാഠങ്ങൾ എമിലിനേയും റെക്സിനേയും അഭ്യസിപ്പിച്ചത്. പിന്നീട് ഗിറ്റാറിലേക്ക് ജേഷ്ഠൻ എമിൽ ആകർഷിതനായെങ്കിലും റെക്സ് വയലിൻ തന്നെ തീവ്രപരിശീലനത്തിലൂടെ സ്വായത്തമാക്കി. ഗിത്താർ പരിശീലനം നേടിയ എമിൽ കൊച്ചിയിൽ അക്കാലത്ത് രൂപം കൊണ്ട പാശ്ചാത്യ സംഗീത ബാൻഡിലൂടെ പ്രശസ്തനായി മാറി. റെക്സും അനിയൻ യൂജിനും ഒക്കെച്ചേർന്ന ഈ സംഗീതട്രൂപ്പ് കൊച്ചിയിലും പുറത്തും ഏറെ പ്രചാരം നേടിയിരുന്നു. സെന്റ് ആൽബർട്സ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്  യേശുദാസിന്റെ ഗാനമേളട്രൂപ്പിൽ റെക്സും എമിലും അംഗങ്ങളാവുന്നത്. അക്കാലത്ത് സിനിമകളിൽ പാടിത്തുടങ്ങിയെങ്കിലും പുതിയതായി തുടങ്ങിയ തന്റെ ഗാനമേളട്രൂപ്പിലേക്ക് യേശുദാസ് തന്നെ വീട്ടിലെത്തി രണ്ട് പേരെയും ക്ഷണിക്കുകയായിരുന്നു. തുടർന്ന് യേശുദാസുമൊത്ത് അനേകം ഗാനമേളകളിൽ സജീവമായി. 1967ൽ കൊച്ചിൻ ആട്സ് ക്ലബ്ബുമായി ( കൊച്ചിൻ സി എ സി ) ബന്ധപ്പെട്ട് പ്രവർത്തിക്കാനാരംഭിച്ചു. ആബേലച്ചന്റെ നേതൃത്വത്തിൽ പിൽക്കാലത്ത് കലാഭവൻ എന്ന് അറിയപ്പെട്ടിരുന്ന സി എ സിയിൽ ഗാനങ്ങളുടെ പശ്ചാത്തല സംഗീതം നിർവ്വഹിക്കുക എന്നതായിരുന്നു എമിൽ, റെക്സ് , യൂജിൻ തുടങ്ങിയ സംഗീത സഹോദരന്മാരുടെ ജോലി.  നൊട്ടേഷൻ എഴുതാൻ പരിശീലനം നേടിയെടുത്തത് ഇക്കാലയളവിലാണ്. കലാഭവനിൽ യേശുദാസും സജീവമായി പ്രവർത്തിച്ചിരുന്നു. 1970തുകളുടെ തുടക്കം വരെ യേശുദാസിന്റെ ഗാനമേളകളിൽ സജീവമായിരുന്ന റെക്സ് കലാഭവന്റെ തന്നെ സംഗീത അക്കാദമിയുടെ പ്രിൻസിപ്പലായി സ്ഥാനമേറ്റെടുത്തതിനാൽ ഗാനമേളകളിൽ നിന്ന്  പതുക്കെ വിടവാങ്ങി. സഹോദരൻ എമിൽ പുതുതായി തുടങ്ങിയ 'എലീറ്റ് എയ്സസ് 'എന്ന സംഗീതബാൻഡിന്റെ പ്രവർത്തനങ്ങളിലും റെക്സിന് പങ്കാളിയാകേണ്ടി വന്നു. ഗായിക ഉഷാ ഉതുപ്പിന്റെ പ്രോത്സാഹനത്തോടെ ഇൻഡിക് പോപ്പ് ബാൻഡായി വളർന്ന എലീറ്റ് എയ്സസ് ഇന്ത്യയിലൊട്ടാകെ പരിപാടികൾ അവതരിപ്പിച്ചു. 

1976ൽ കലാഭവനുമായി വിട പറഞ്ഞ റെക്സ് കൊല്ലം സ്വദേശിയായ സുധയെ വിവാഹം കഴിച്ചു. വിമലാലയം ക്വയറിലെ ഗായികയായിരുന്നു സുധ. സ്ഥിരവരുമാനം ലക്ഷ്യമാക്കി നൈജീരിയയിലെ ഒരു കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി അടുത്ത അഞ്ച് വർഷക്കാലം റെക്സ് ജോലി നോക്കി. നെജീരിയയിലെ സാമ്പത്തികമാന്ദ്യത്തിൽ നാട്ടിൽ തിരിച്ചെത്തിയ റെക്സ് 1986ൽ ചെന്നൈയിലെത്തി സിനിമാ സംഗീതത്തിന്റെ ഭാഗമായിത്തീർന്നു. സംഗീതസംവിധായകൻ ജോൺസന്റെ സഹായത്തോടെയാണ് സിനിമയിൽ റെക്സ് ചുവടുറപ്പിക്കുന്നത്. തുടർന്നിങ്ങോട്ട് ദക്ഷിണേന്ത്യയിലെ പ്രഗൽഭനായ വയലിനിസ്റ്റും മ്യൂസിക് അറേഞ്ചറുമായി മാറാൻ റെക്സിന് ഏറെക്കാലം വേണ്ടി വന്നില്ല.സംഗീതരംഗത്ത് ഏറെ ശിഷ്യന്മാരുള്ള ഗുരുവുമാണ് റെക്സ്. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾ മലയാള സിനിമയിലും ദക്ഷിണേന്ത്യൻ സിനിമകളിലും പിറന്നു വീണ ഹിറ്റ് ഗാനങ്ങളിലൊക്കെ റെക്സിന്റെ വയലിൻ നാദം കേൾക്കാം.അത്തരമൊരു കണക്കെടുക്കുന്നത് ഏറെ ദുഷ്ക്കരവും.മഹാനായ നൗഷാദ് മുതൽ പുതിയ തലമുറയിലെ സംഗീതജ്ഞരായ ഏ ആർ റഹ്മാൻ, ശങ്കർ-ഇഷൻ-ലോയ് , ദീപക് ദേവ്, ഷാൻ റഹ്മാൻ  തുടങ്ങിയവർക്കൊക്കെ റെക്സ് വയലിൻ വായിച്ചു. ജോൺസൻ മാസ്റ്ററിന്റെ ഗാനങ്ങൾക്കാണ് ഏറ്റവും കൂടൂതൽ വയലിൻ വായിച്ചത്.

ദക്ഷിണാമൂർത്തി , കെ രാഘവൻ , അർജ്ജുനൻ മാസ്റ്റർ , ചിദംബരനാഥ് , എം എസ് വിശ്വനാഥൻ , എം ബി ശ്രീനിവാസൻ , ഇളയരാജ , ശ്യാം , കെ ജെ ജോയ് , രവീന്ദ്രൻ , എം ജി രാധാകൃഷ്ണൻ , ജെറി അമൽദേവ് , വിദ്യാസാഗർ , ബോംബെ രവി , രവീന്ദ്ര ജെയിൻ , ലക്ഷ്മീകാന്ത് പ്യാരേലാൽ , ഹംസലേഖ, കീരവാണി , എം ജയചന്ദ്രൻ, ദീപക് ദേവ് , ഷാൻ റഹ്മാൻ തുടങ്ങിയ എല്ലാ സംഗീതസംവിധായകർക്ക് വേണ്ടിയും നിരവധി ഗാനങ്ങളിൽ മനോഹരമായി വയലിൻ വായിച്ചു. തികഞ്ഞ സംഗീത പാരമ്പര്യത്തിൽ നിന്ന് വന്ന റെക്സിന്റെ മക്കൾ രണ്ടു പേരും സംഗീതരംഗത്ത് എത്തിയില്ല. മകൻ മൈക്കൽ അമേരിക്കയിൽ കമ്പ്യൂട്ടർ എഞ്ചിനീയറായും ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയായ മകൾ ഷാരോൺ ഇംഗ്ലണ്ടിലും താമസിക്കുന്നു. ചെന്നൈയിലാണ്  റെക്സ് മാസ്റ്റർ എന്ന തികഞ്ഞ ആദരവോടെ ശിഷ്യഗണം വിളിക്കുന്ന റെക്സ് ഐസക്ക് താമസിക്കുന്നത്. 

അവലംബം : രവിമേനോന്റെ പാട്ടെഴുത്ത് , പത്രവാർത്തകൾ 1, 2 ,3

റെക്സ് മാസ്റ്റർ കണ്ടക്റ്റ് ചെയ്യുന്ന കൊച്ചിൻ ചേമ്പർ ഓർക്കസ്ട്ര കാണാം..