ഗാഗുല്‍ത്താ മലയില്‍ നിന്നും

ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തൂ.

മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേ ദാഹശാന്തിക്കെനിക്കു നല്‍കീ  (ഗാഗുല്‍ത്താ )

വനത്തിലൂടാനയിച്ചൂ ഞാന്‍ അന്നമായ് വിണ്‍മന്ന തന്നില്ലേ
അതിനെല്ലാം നന്ദിയായ് നിങ്ങള്‍ കുരിശല്ലോ നല്‍കീടുന്നിപ്പോള്‍  (ഗാഗുല്‍ത്താ )

കൊടുങ്കാട്ടിലന്നു നിങ്ങള്‍‍ക്കായി മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍ ചുമത്തുന്നു നിങ്ങളിന്നെന്നില്‍ (ഗാഗുല്‍ത്താ )

രാജചെങ്കൊലേകി വാഴിച്ചൂ നിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി നിങ്ങളിന്നെന്‍ ചെന്നിണം തൂകി ( ഗാഗുല്‍ത്താ )

നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ (ഗാഗുല്‍ത്താ )

കുരിശിന്മേലാണി കണ്ടൂ ഞാന്‍ ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നു കണ്ണുനീരിന്‍ ചാലു വീഴുന്നു  (ഗാഗുല്‍ത്താ )

മരത്താലേ വന്ന പാപങ്ങള്‍ മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ് തൂങ്ങിമരിക്കുന്നൂ രക്ഷകന്‍ ദൈവം (ഗാഗുല്‍ത്താ )

വിജയപ്പൊന്‍‌കൊടി പാറുന്നു വിഴുദ്ധി തന്‍ വെണ്ണ വീശുന്നു
കുരിശേ നിന്‍ ദിവ്യ പാദങ്ങള്‍ നമിക്കുന്നു സാദരം ഞങ്ങള്‍ (ഗാഗുല്‍ത്താ ) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gagultha malayil ninnum

Additional Info

Orchestra: 
ഓർക്കസ്ട്രേഷൻ

അനുബന്ധവർത്തമാനം

ഗാഗുൽത്താ മലയിൽ നിന്നുമെന്ന ഗാനത്തിന്റെ പിറവി സംബന്ധിച്ചുള്ള വിവാദം

ഈ ഗാനത്തിന്റെ സംഗീത സംവിധാനത്തേക്കുറിച്ച് ‌ചില തർക്കങ്ങൾ നിലനിൽക്കുന്നു. ഗായകനായിരുന്ന റാഫി ജോസാണ് "താലത്തിൽ വെള്ളമെടുത്തു" , "ഗാഗുൽത്താ മലയിൽ" എന്നീ ഗാനങ്ങളുടെ സംഗീത സംവിധായകനെന്ന് HMV ടേപ്പുകളിലും മറ്റും രേഖപ്പെടുത്തുമ്പോൾ - സംഗീത സംവിധായകനായ ഒ വി റാഫേൽ ഈ ഗാനം താനാണ് ആദ്യമായി ട്യൂൺ ചെയ്ത് റാഫി ജോസിനെ പഠിപ്പിച്ചിരുന്നതെന്ന അവകാശവാദം ഉയർത്തുന്നു. ഈ ഗാനത്തിന്റെ പിറവിയോട് ‌ബന്ധമുള്ള സംഗീതകാരനും പ്രഗൽഭ വയലിനിസ്റ്റും മ്യൂസിക് കണ്ടക്റ്ററുമായിരുന്ന റെക്സ് ഐസക്സ് ഈ വാദത്തെ നിരാകരിക്കുകയും ഗാനത്തിന്റെ ഓർക്കസ്ട്രേഷനും നൊട്ടേഷനുമുൾപ്പടെ രൂപപ്പെടുത്തിയ തനിക്ക് ഈ സൃഷ്ടിയിൽ പങ്കാളിത്തമുണ്ടായിരുന്നതിന്റെ ഓർമ്മകൾക്കൊപ്പം റാഫി ജോസ് തന്നെയാണീ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും സമർത്ഥിക്കുന്നു. വിവിധ മാധ്യമങ്ങളായ മനോരമ, ഏഷ്യാനെറ്റ് എന്നിവയിൽ വന്ന റിപ്പോർട്ടുകൾ രണ്ട് കൂട്ടർക്കും അനുകൂലമായി എഴുതിയിരിക്കുന്നു. ഇതിനാൽ m3db ഈ അനുബന്ധവർത്തമാനം ഇതിനോടൊപ്പം ചേർക്കുന്നു. 
ചേർത്തതു്: m3db