രഞ്ജിത്ത് കുമാർ

Ranjith Kumar
അർജുന
രഞ്ജി വി നായർ
റെജി വി നായർ

എറണാകുളം സ്വദേശി. അച്ഛൻ ആർ വേലായുധൻ നായർ, അമ്മ ഇന്ദിരാദേവി. രഞ്ജിത്ത് പഠിച്ചതും വളർന്നതുമെല്ലാം കൊച്ചിയിൽത്തന്നെ. കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ആഷിഖ് അബു, അൻവർ റഷീദ് തുടങ്ങിയവരൊക്കെ സീനേഴ്സായി കോളേജിൽ പഠിക്കുന്ന കാലത്ത് അവരുടെ ജൂനിയർ ബാച്ചിൽ മഹാരാജാസിൽ പഠിച്ചിരുന്ന രഞ്ജിത്ത് കുമാർ സംവിധായകൻ ജയരാജിന്റെ റെയ്ൻ റെയ്ൻ കം എഗെയ്നെന്ന സിനിമയിലൂടെ ആണ് സിനിമയിൽ തുടക്കമിടുന്നത്. ജയരാജിന്റെ നിർദ്ദേശപ്രകാരമാണ് രഞ്ജി/റെജി വി നായരെന്ന പേരു സ്വീകരിക്കുന്നത്. തുടർന്ന് സതീഷ് പോൾ സംവിധാനം ചെയ്ത ഫിംഗർ പ്രിന്റ് എന്ന സിനിമയിലെ ശ്രദ്ധേയമായ ഒരു നെഗറ്റീവ് വേഷം ചെയ്തു. തുടന്ന് മകൾക്ക്, സ്പീഡ് ട്രാക്ക്, വർഗ്ഗം, സാഗർ ഏലിയാസ് ജാക്കി, കോബ്ര എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ ഒടുവിൽ ചെയ്ത ചിത്രം മമ്മൂട്ടി നായകനായ കോബ്രയാണ്. 

2005ൽ ചെന്നെയിലേക്ക് താമസം മാറി തമിഴ് സിനിമകളിൽ ചാൻസ് തേടിയ റെജി ഗൗതം വാസുദേവ മേനോന്റെ വിണ്ണൈതാണ്ടി വരുവായ എന്ന സിനിമയിലെ ഒരു വേഷം ചെയ്തു. അതിനു ശേഷം സംവിധായകൻ സാമി റെജിയെ അർജുന എന്ന പേരിൽ തമിഴിൽ നായകനാക്കി കങ്കാരു എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമ പൂർത്തിയാവാൻ തന്നെ ഏകദേശം മൂന്ന് വർഷക്കാലം വേണ്ടി വന്നിരുന്നു. ഇതിനിടയിൽ ട്രാവൽ & ടൂറിസം മേഖലയിൽ Cox & Kings എന്ന കമ്പനിയിൽ ജോലി നോക്കിയ റെജി ഏകദേശം എഴുപതോളം രാജ്യങ്ങൾ സന്ദർശിച്ച് ആ മേഖലയിൽ ജോലി ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം സിനിമാ രംഗത്തേക്ക് തന്നെ തിരികെയെത്തി മുന്നോടി എന്ന തമിഴ് സിനിമയും ജൂവ എന്ന തെലുങ്ക് ചിത്രവും പൂർത്തിയാക്കി. അതിനു ശേഷം ക്രാക്ക് എന്ന കന്നഡ സിനിമയിലും ശ്രദ്ധേയമായ വേഷമിട്ടു. ട്രാവൽ & ടൂറിസം ജോലിയും സിനിമയും ഒരുമിച്ച് കൊണ്ട് പോവുന്ന റെജി രണ്ട് മലയാള സിനിമകളിൽ വേഷമിടുന്നു എന്നതാണ് നിലവിലെ വാർത്ത.