രജിത മധു
കണ്ണൂർ സ്വദേശിനിയായ രജിത നാടകവേദികളിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്.1982 -ൽ തന്റെ പതിനാറാമത്തെ വയസ്സിലായിരുന്നു നാടകാഭിനയത്തിന് തുടക്കംകുറിച്ചത്. അയൽ വീട്ടിലെ നാടക നടിയായ സരസ്വതിയാണ് രജിതയെ നാടകവേദികളിലേയ്ക്ക് കൈപിടിച്ചു കയറ്റുന്നത്. സി എൽ ജോസിന്റെ ജ്വലനം എന്ന നാടകത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു രജിതയുടെ അരങ്ങേറ്റം. അതിനുശേഷം നിരവധി നാടകങ്ങളിൽ രജിത മധു അഭിനയിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, അടുക്കള, മഹാപ്രസ്ഥാനം, ചേരിനിലം, അഗ്നിയും വർഷവും എന്നിവ രജിത മധു അഭിനയിച്ച പ്രധാന നാടകങ്ങളിൽ ചിലതാണ്. 2003 -ൽ അബൂബക്കറിന്റെ ഉമ്മ എന്ന തെരുവു നാടകത്തിൽ ഉമ്മയായി അഭിനയിച്ചു. രണ്ടായിരത്തി എണ്ണൂറിലധികം വേദികളിൽ അബൂബക്കറിന്റെ ഉമ്മ അവതരിപ്പിച്ച് രജിത പ്രേക്ഷപ്രീതി നേടി.
പ്രിയനന്ദൻ സംവിധാനം ചെയ്ത നെയ്ത്തുകാരൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് രജിത സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചത്.. അതിനുശേഷം പ്രിയനന്ദൻ സംവിധാനം ചെയ്ത പുലിജന്മം, പാതിരാക്കാലം. കൂടാതെ റാണി പത്മിനി, പേടിത്തൊണ്ടൻ, ഡബിൾസ് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ രജിത മധു അഭിനയിച്ചു. നെയ്ത്തുകാരൻ, ചായില്യം എന്നി സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും വർക്ക് ചെയ്തിട്ടുണ്ട്.
നാടകവേദികളിലെ റിഥം ആർട്ടിസ്റ്റായിരുന്ന മധുവാണ് രജിതയുടെ ഭർത്താവ്. കെ എസ് ഇ ബി ജീവനക്കാരനായിരുന്ന അദ്ദേഹം അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ചു. രണ്ടുമക്കളാണ് അവർക്കുള്ളത് മകൻ മിഥുൻ രാജ് ഗായകനാണ്. ഒരു മ്യൂസിക്ക് ബാൻഡ് TDT.(The Down TRoddence) സ്വന്തമായി ഉണ്ട്. മകൾ തില്ലാന നർത്തകിയാണ്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.