മൊട്ട രാജേന്ദ്രൻ

Rajendran

മൊട്ട രാജേന്ദ്രൻ എന്ന പേരിൽ അറിയപ്പെടുന്ന തമിഴ് നടനാണ് രാജേന്ദ്രൻ. സിനിമയിൽ സ്റ്റണ്ട് മാസ്റ്ററായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. സ്റ്റണ്ട് ഡബ്ളായിട്ടും ഒന്നു മിന്നി മറഞ്ഞുപോകുന്ന വേഷങ്ങളിലുമൊക്കെയാണ് രാജേന്ദ്രൻ തമിഴ് സിനിമകളിൽ ആദ്യകാലങ്ങളിൽ അഭിനയിച്ചിരുന്നത്. 2009 ൽ നാൻ കടവുൾ എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധിയ്ക്കപ്പെടാൻ തുടങ്ങിയത്. ആ വർഷം തന്നെ റിലീസ് ചെയ്ത ബോസ് എങ്കിര ഭാസ്ക്കരൻ എന്ന സിനിമയിൽ ഹാസ്യതാരമായും അഭിനയിച്ചു. അതോടെ രാജേന്ദ്രൻ തമ്മിഴ് സിനിമയിൽ പ്രശസ്തിയിലേയ്ക്കുയർന്നു. 2002 ലാണ് മലയാളസിനിമയിലഭിനയിക്കുന്നത്. താണ്ഡവം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഒടിയൻ ഉൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. തെലുങ്കു, കന്നഡ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തലയിൽ നിറയെ മുടിയും മുഖത്ത് മീശയുമുള്ള ചെറുപ്പക്കാരനായിരുന്നു ആദ്യ കാലത്ത് രാജേന്ദ്രൻ. ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ പറ്റിയ അപകടമാണ് രാജേന്ദ്രനെ മൊട്ട രാജേന്ദ്രനാക്കിയത്. പത്തടി ഉയരത്തിൽ നിന്നും വെഌഅത്തിലേയ്ക്ക് ചാടുന്ന രംഗം രാജേന്ദ്രന് ചെയ്യാനുണ്ടായിരുന്നു. കെമിക്കൽ ഫാക്ടറിയിൽ നിന്നും പുറംതള്ളുന്ന മാലിന്യം നിറഞ്ഞ വെള്ളത്തിലേയ്ക്കാണ് അദ്ദേഹത്തിന് ചാടേണ്ടിവന്നത്. ആ വെള്ളത്തിലെ കെമിക്കൽ റിയാക്ഷൻ രജേന്ദ്രന്റെ തലയിലേയും മുഖത്തേയും രോമങ്ങൾ പാടെ കൊഴിയുന്നതിന് കാരണമായി. അഞ്ഞൂറിലധികം തെന്നിന്ത്യൻ സിനിമകളിൽ രാജേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.