പുളിയനം പൗലോസ്

Puliyanam Poulose

എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്തുള്ള പുളിയനം സ്വദേശി.  നടൻ, സംവിധായകൻ, നാടകകൃത്ത‌് എന്നീ നിലകളിൽ നാടകരംഗത്തെ ശ്രദ്ധേയ വ്യക്തിത്വം. 

കുട്ടിക്കാലംമുതലേ നാടകത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന പൗലോസ് കൗമാരംതൊട്ട‌് ഏകാങ്കനാടക മത്സരങ്ങളിൽ പങ്കെടുക്കുന്നത് പതിവാക്കി. നാട്ടിലെ കലാസമിതി വാർഷികങ്ങളിലെ സ്ഥിരം നടനായും മാറിയ ഇദ്ദേഹം, മാത്യു ഇടമറ്റത്തിന്റെ ‘രാജധാനി’ നാടകത്തിൽ ഫാദർ മാത്യു എന്ന വേഷം അവതരിപ്പിച്ചതിലൂടെ കൂടുതൽ ശ്രദ്ധേയനായി. പ്രൊഫഷണൽ നാടകട്രൂപ്പുകളിൽ ചേർന്ന് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോൾ സ്വന്തമായി അങ്കമാലി പൗർണമി എന്ന പേരിൽ 1980ൽ ഒരു ട്രൂപ്പിന‌് രൂപംനൽകി‌. 'ശരറാന്തൽ' എന്ന നാടകമാണ് സമിതി ആദ്യമായി അരങ്ങിലെത്തിച്ചത്. തുടർന്ന‌് അഭിമുഖം, അരക്കില്ലം, തീർഥാടനം, കൊടിമരം, കോവിലകം, ചിത്തിരത്തോണി, വരം, ദേവതാരു, ടൂറി‌സ‌്റ്റ‌് ഹോം, ഏകലവ്യൻ, സൂര്യദേശം, വഴിവിളക്ക‌്, മണിക്കിരീടം തുടങ്ങിയ നാടകങ്ങൾ അവതരിപ്പിച്ചു. 20 വർഷംകൊണ്ട‌് 3500ൽപ്പരം വേദികൾ പിന്നിട്ട പൗർണ്ണമിയുടെ ഭൂരിഭാഗം നാടകങ്ങളും സംവിധാനംചെയ‌്തത‌് പുളിയനമായിരുന്നു.  2015ൽ ഗുരുപൂജ പുരസ‌്കാരം നൽകി സർക്കാർ ഇദ്ദഹത്തെ ആദരിച്ചു. സാംസ‌്കാരികവകുപ്പിന്റെ കീഴിലുള്ള 'നരേന്ദ്രപ്രസാദ‌് നാടകപഠനകേന്ദ്ര'ത്തിന്റെ അഭിനയപുരസ‌്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട‌്. 

പൊൻകുന്നം വർക്കി, എ എൻ ഗണേഷ‌്,  ശ്രീമൂലനഗരം മോഹൻ, അഡ്വ. മണിലാൽ, ബാബു പള്ളാശേരി, ജോൺ ഫെർണാണ്ടസ‌്   തുടങ്ങിയവരുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം സിനിമ–-സീരിയൽ രംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.  കാഴ‌്ച,   വെളിപാടിന്റെ പുസ‌്തകം, തട്ടുംപുറത്ത‌് അച്യുതൻ, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്.    സുശീലയാണ് പുളി‌യനം പൗലോസിന്റെ ഭാര്യ.   സുമി, സുധി, സുജി എന്നിവർ മക്കൾ.